ദുബായില്‍ വിദേശ നിക്ഷേപകര്‍ കൂടുന്നു; നിക്ഷേപകരുടെ എണ്ണത്തിലും വര്‍ധനവ്

ദുബായില്‍ വിദേശ നിക്ഷേപകര്‍ കൂടുന്നു; നിക്ഷേപകരുടെ എണ്ണത്തിലും വര്‍ധനവ്

നിക്ഷേപ ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം സമാന കാലയളവിലേതിനേക്കാള്‍ 20% കുറവ്

ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുന്‍ഗണനയുള്ള നഗരമായി ദുബായ് തുടരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ ഒമ്പതു മാസങ്ങളിലായി 44.1 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് മേഖലയിലുണ്ടായത്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിലേതിനേക്കാളും 20 ശതമാനം കുറവാണെങ്കിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ മികച്ച തെരഞ്ഞെടുപ്പ് കേന്ദ്രം എന്ന നിലയില്‍ ദുബായിയുടെ സ്ഥാനം ഉയര്‍ന്നു തന്നെയാണെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇതുവരെ 163 പൗരന്‍മാരില്‍ നിന്നാണ് നിക്ഷേപം എത്തിയിരിക്കുന്നത്. ഇതില്‍ 16 ഓളം പേര്‍ അറബികളും അഞ്ചു പേര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. ബാക്കിയുള്ള 142 പേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മേഖലയിലുണ്ടായ ഇടപാടുകളുടെ മൂല്യം ഏകദേശം 162 ബില്യണ്‍ ദിര്‍ഹമാണ് (44.1 ബില്യണ്‍ ഡോളര്‍). എന്നാല്‍ കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 204 ബില്യണ്‍ ദിര്‍ഹമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോല്‍ നിക്ഷേപ ഇടപാടുകളില്‍ 20 ശതമാനം കുറവുണ്ടെങ്കിലും നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡിഎല്‍ഡി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിലും 2000 പേര്‍ വര്‍ധിച്ച് 39,802 നിക്ഷേപകരാണ് നിലവില്‍ ഈ മേഖലയിലുള്ളത്.

ദുബായിലെ നിക്ഷേപകരില്‍ ആദ്യ പത്ത് സ്ഥാനത്തുള്ളവര്‍ എമിറേറ്റികളും ഇന്ത്യക്കാരുമാണ്. തൊട്ടു പിന്നിലായി സൗദി, പാക്കിസ്ഥാന്‍, ബ്രിട്ടന്‍, ചൈന, ഈജിപ്റ്റ്, ജോര്‍ദാന്‍, കാനഡ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. നഗരത്തിലെ വിസാ പരിഷ്‌കരണ നടപടികളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മികച്ച നഗരമായി തുടരാന്‍ ദുബായിയെ സഹായിക്കുന്നതെന്ന് ഡിഎല്‍ഡി ഡയറക്റ്റര്‍ ജനറല്‍ സുല്‍ത്താന്‍ ബത്തി ബിന്‍ മജ്‌രേന്‍ പറഞ്ഞു. ബിസിനസ് ബേ, ദുബായ് മറീന, അല്‍ ബര്‍ഷ സൗത്ത് ഫോര്‍ത്ത്, അല്‍ മര്‍ക്കദ്, അല്‍ വര്‍സാന്‍, ജബേല്‍ അലി ഫസ്റ്റ്്, ബുര്‍ജ് ഖലീഫ, അല്‍ താനിയ ഫിഫ്ത്, അല്‍ ഹെബിയ ഫോര്‍ത്, അല്‍ യെലായിസ് 2 എന്നിവയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മികച്ച നില്‍ക്കുന്ന ആദ്യ പത്ത് കേന്ദ്രങ്ങള്‍. ഇതുകൂടാതെ ദുബായ് എക്‌സ്‌പോ 2020 നോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളും കൂടി കണക്കിലെടുത്താല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുബായ് നഗരം മികച്ച പാതയിലാണെന്നു തന്നെ പറയാമെന്നും ബിന്‍ മജ്‌രേന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യ എട്ടു മാസങ്ങളില്‍ 131 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടുകളാണ് മേഖലയില്‍ നടന്നത്. മൊത്തം 42,000 ഇടപാടുകള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 2021 ആകുമ്പോഴേക്കും ദുബായിയെ മികച്ച താമസയിടമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിന് പിന്തുണ പകരുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും ബിന്‍ മജ്‌രേന്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia

Related Articles