അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഏകീകൃത രൂപം

അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഏകീകൃത രൂപം

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മുതല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണപ്രദേശങ്ങളിലും വിതരണം ചെയുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും (ഡിഎല്‍എസ്), വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഏകീകൃത രൂപം നല്‍കാന്‍ തീരുമാനം. കാഴ്ചയിലും, കളറിലും, ഡിസൈനിലും ഒരുപോലെയുള്ളവയായിരിക്കും ഇവ.

ലൈസന്‍സ്, ആര്‍സി എന്നിവയുടെ നിറവും ഡിസൈനും മാറുന്നതിനൊപ്പം സുരക്ഷാ സംവിധാനം കൂടുതല്‍ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ലൈസന്‍സിലും ആര്‍സി രേഖകളിലും മൈക്രോ ചിപ്പ്, ക്യൂ ആര്‍ കോഡ് എന്നിവ നല്‍കിയാണ് ഇവ കൂടുതല്‍ സുരക്ഷിതമാക്കുന്നത്.

എടിഎം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകള്‍ ലഭിക്കുക. മാത്രമല്ല സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഇനി ഈ രേഖകള്‍ നഷ്ടപ്പെട്ടാലും എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കും.

ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ, അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി, പേര്, രക്തഗ്രൂപ്പ്, അവയദാന സമ്മതപത്രം, അടിയന്തര നമ്പര്‍, ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍.

അതേസമയം ഡ്രൈവിംഗ് ലൈസന്‍സിലും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കാന്‍ പത്യേക ഫീച്ചറുകളും ഉണ്ടാകും. മൈക്രോ ലൈന്‍, അള്‍ട്രാ വയലറ്റ് ഫ്‌ളുറസെന്റ് കളര്‍, വാട്ടര്‍മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

രാജ്യത്തൊട്ടാകെ 32000 ലൈസന്‍സുകള്‍ നിത്യേന അനുവദിക്കുകയും 43000ലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലൈക്ക് ശേഷം ഈ രേഖകള്‍ പുതുക്കാമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Current Affairs, Slider