രണ്ടാം പാദത്തില്‍ 19.5 ശതമാനം മൊത്തലാഭം നേടി യൂണിലിവര്‍

രണ്ടാം പാദത്തില്‍ 19.5 ശതമാനം മൊത്തലാഭം നേടി യൂണിലിവര്‍

മുംബൈ: വില്‍പ്പനയിലെ മികച്ച പ്രകടനവും ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും വഴി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തെ പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് മികച്ച നേട്ടം. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തലാഭം 19.5 ശതമാനമാണ് ഉയര്‍ന്നത്. 1,525 കോടി രൂപയാണ് ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം. അറ്റവില്‍പ്പനയിലും 11.45 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഏതാണ്ട് 9,138 കോടി രൂപയാണ് എച്ച്‌യുഎലിന്റെ അറ്റവില്‍പ്പന വരുമാനം. വിപണി വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്ന ഏഴ് മുതല്‍ ഒന്‍പത് ശതമാനം വരെ ഉല്‍പന്ന വില്‍പനാ വളര്‍ച്ചയെ കവച്ചു വെച്ച് 10 ശതമാനം വോളിയം വളര്‍ച്ചയും കമ്പനി കൈവരിച്ചു.

എണ്ണ വിലയുടെയും മറ്റ് സാധനങ്ങളുടെയും വില വര്‍ധന, വരും പാദങ്ങളില്‍ ഉല്‍പ്പന്ന വിലയിലും പ്രകടമാകുമെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സഞ്ജീവ് മെഹ്ത പറഞ്ഞു. എണ്ണ വില നാല് ശതമാനം ഉയര്‍ന്നതും രൂപയുടെ മൂല്യം ആറ് ശതമാനത്തോളം ഇടിഞ്ഞതും കഴിഞ്ഞ പാദത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 15.9 ശതമാനം വര്‍ധിപ്പിച്ച് 3,343 കോടി രൂപയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തന മേഖലയില്‍ എബിറ്റ്ഡ (പലിശ, നികുതികള്‍,ചെലവ് എന്നിവ ഉള്‍പ്പെടുത്താതെയുള്ള വരുമാനം) 20 ശതമാനം ഉയര്‍ന്ന് 2,019 കോടിയായിട്ടുണ്ട്. കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ബേസിസ് പോയ്ന്റ് 170 ആയി. 21.9 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഹോം കെയര്‍ വിഭാഗത്തില്‍ 12 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സൗന്ദര്യ-പേഴ്‌സണല്‍ കെയര്‍ വിഭാഗത്തിലും പത്ത് ശതമാനവും ഭക്ഷ്യ-റിഫ്രെഷ്‌മെന്റ് വിപണിയില്‍ 12 ശതമാനവും വില്‍പ്പന ഉയര്‍ന്നു.

ബോര്‍ഡ് ഡറക്റ്റര്‍മാര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഓഹരി ഒന്നിന് ഒന്‍പത് രൂപ വെച്ച് ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചതായി കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്ററായി ലിയോ പുരി ചുമതലയേറ്റതായും കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: unilever