ഒയോ യുഎഇയില്‍; ലക്ഷ്യം 12,000 റൂമുകള്‍

ഒയോ യുഎഇയില്‍; ലക്ഷ്യം 12,000 റൂമുകള്‍

ദുബായ്: ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ഒയോ തങ്ങളുടെ ആറാമത് അന്താരാഷ്ട്ര വിപണിയിലേക്ക്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ അല്‍ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒയോ റൂംസ് യുഎഇയിലേക്കാണ് പുതുതായി എത്തിയിരിക്കുന്നത്. ദുബായിലും ഷാര്‍ജയിലും ഫുജയ്‌റയിലുമായി ഇതിനോടകം 1,100 റൂമുകളാണ് കമ്പനി യുഎഇയില്‍ പ്രവര്‍ത്തനക്ഷമമാക്കിയത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ 12,000 റൂമുകളാണ് യുഎഇയില്‍ ഒയോ ലക്ഷ്യമിടുന്നത്. അടുത്തിടെ സോഫ്റ്റ്ബാങ്ക് ഉള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്നായി 7,000 കോടിയിലധികം രൂപ സമാഹരിച്ച റിതേഷ് അഗര്‍വാളിന്റെ ഒയോ അതിവേഗത്തിലാണ് അന്താരാഷ്ട്ര വിപണികളിലേക്ക് വികസിക്കുന്നത്. ദുബായില്‍ നടക്കാനിരിക്കുന്ന ആഗോള റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020 ഒയോക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.

ചൈന, യുകെ, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഒയോ സജീവമാണ്. ഇന്ത്യയും ചൈനയുമാണ് ഇടത്തരം ഉപഭോക്താക്കള്‍ക്ക് മികച്ച നിരക്കില്‍ ഹോട്ടല്‍ റൂമുകള്‍ ലഭ്യമാക്കുന്ന ഒയോ റൂംസിന്റെ ഏറ്റവും വലിയ വിപണികള്‍. യുഎഇയില്‍ 150 ഹോട്ടലുകളുമായി പങ്കാളിത്തത്തിലേര്‍പ്പെടാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് 24കാരനായ ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കി.

170 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എത്തുന്ന എക്‌സ്‌പോ 2020 ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കാര്യമായ ഉണര്‍വേകുമെന്നാണ് റിതേഷ് അഗര്‍വാളിന്റെ പ്രതീക്ഷ. ഈ അവസരം മുതലെടുത്ത് ഒയോയ്ക്ക് യുഎഇയില്‍ വളരാന്‍ സാധിക്കുമെന്നും റിതേഷ് കരുതുന്നു. 3,000 രൂപ മുതലുള്ള റൂമുകള്‍ യുഎഇയില്‍ ലഭ്യമാക്കാനാണ് ഒയോ പദ്ധതിയിടുന്നത്.

2013 മേയ് മാസത്തിലാണ് ചെറിയൊരു സ്റ്റാര്‍ട്ടപ്പ് സംരംഭമായി ഒയോ പ്രവര്‍ത്തനമാരംഭിച്ചത്. ഉന്നതഗുണനിലവാരത്തിലുള്ള ബജറ്റ് ഹോട്ടല്‍ റൂമുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോം എന്ന നൂതനാത്മക ആശയത്തിന് അതിവേഗത്തിലാണ് സ്വീകാര്യത ലഭിച്ചത്. ഗുരുഗ്രാമില്‍ ഒരു ഹോട്ടലുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട് യാത്ര തുടങ്ങിയ ഒയോ ഇന്ന് 270,000 റൂമുകള്‍ മാനേജ് ചെയ്യുന്നു.

Comments

comments

Categories: Business & Economy, Slider
Tags: OYO