വിപണിയില്‍ മൂന്ന് കമ്പനികള്‍ക്ക് നഷ്ടം ഒരു ലക്ഷം കോടി രൂപ

വിപണിയില്‍ മൂന്ന് കമ്പനികള്‍ക്ക് നഷ്ടം ഒരു ലക്ഷം കോടി രൂപ

മുംബൈ: ഓഹരി വിപണിയിലുണ്ടായ നഷ്ടത്തിന്റെ ആഘാതത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 1,07,026.12 കോടി രൂപയുടെ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് വിപണി മൂല്യത്തില്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്. ടിസിഎസിന്റെ വിപണി മൂല്യം 85,330.17 കോടി രൂപ ഇടിഞ്ഞ് 7,19,857.48 കോടി രൂപയിലെത്തി.

ഐടിസിയും ഇന്‍ഫോസിസുമാണ് വിപണി മൂല്യത്തില്‍ നഷ്ടം കുറിച്ച മറ്റ് രണ്ട് കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്‌യുഎല്‍), എച്ച്ഡിഎഫ്‌സി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍. ഈ കമ്പനികള്‍ സംയുക്തമായി വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്ത 97,498.38 കോടി രൂപയേക്കാള്‍ അധികമാണ് മൂന്ന് കമ്പനികളുടെ സംയോജിത നഷ്ടം.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സംയോജിത അറ്റാദായത്തില്‍ 22.6 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ ടിസിഎസിന് സാധിച്ചെങ്കിലും കമ്പനിയുടെ ഓഹരി മൂല്യത്തില്‍ മൂന്ന് ശതമാനത്തിലധികം ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇന്‍ഫോസിസിന്റെ മൊത്തം മൂല്യത്തില്‍ 18,696.68 കോടി രൂപയുടെ ഇടിവുണ്ടായി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2,96,635.05 കോടി രൂപയായി ചുരുങ്ങി. ഐടിസിയുടെ വിപണി മൂല്യം 2,999.27 കോടി രൂപ ഇടിഞ്ഞ് 3,36,285.40 കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് കഴിഞ്ഞ വാരം വിപണി മൂല്യത്തില്‍ ഏറ്റവും വലിയ നേട്ടം കുറിച്ചത്. ആര്‍ഐഎല്ലിന്റെ വിപണി മൂല്യത്തില്‍ 48,524.59 കോടി രൂപയുടെ വര്‍ധനയുണ്ടായി. 7,13,965.75 കോടി രൂപയാണ് ആര്‍ഐഎല്ലിന്റെ മൊത്തം മൂല്യം.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 2,23,005.06 കോടി രൂപയിലേക്ക് ഉയര്‍ന്നു. 22,130.78 കോടി രൂപയുടെ നേട്ടമാണ് കഴിഞ്ഞയാഴ്ച ബാങ്ക് രേഖപ്പെടുത്തിയത്. മാരുതി സുസുക്കിയുടെ വിപണി മൂല്യം 11,782.63 കോടി രൂപ വര്‍ധിച്ച് 2,20,006.42 കോടി രൂപയായി.

എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍ എന്നിവയുടെ മൊത്തം മൂല്യം യഥാക്രമം 2,35,029.01 കോടി രൂപ, 5,37,729.17 കോടി രൂപ, 2,94,247.71 കോടി രൂപ, 3,39,557.66 കോടി രൂപ എന്നിങ്ങനെയായി വര്‍ധിച്ചു. നഷ്ടം നേരിട്ടെങ്കിലും വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ടിസിഎസ് തന്നെയാണ്. ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയവയാണ് തൊട്ട് പുറകിലുള്ള കമ്പനികള്‍.

Comments

comments

Categories: Business & Economy, Slider