ആധാര്‍ മാതൃക സ്വീകരിക്കാന്‍ മലേഷ്യ

ആധാര്‍ മാതൃക സ്വീകരിക്കാന്‍ മലേഷ്യ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അവതരിപ്പിച്ച ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ മലേഷ്യയും ആലോചിക്കുന്നു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് തടസമില്ലാതെ എത്തിക്കാനും സബ്‌സിഡികളും മറ്റും വേഗത്തില്‍ വിതരണം ചെയ്യുവാനുമാണ് ആധാര്‍ പകര്‍ത്താന്‍ മലേഷ്യ ഒരുങ്ങുന്നത്. സബ്‌സിഡി വിതരണവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ സാധിക്കുമെന്നും മലേഷ്യന്‍ സര്‍ക്കാര്‍ കരുതുന്നു.

മേയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാലാലംപൂര്‍ സന്ദര്‍ശിക്കുന്നതിനിടെ ആധാര്‍ സംവിധാനം നടപ്പിലാക്കുന്നതിന് മലേഷ്യയെ സഹായിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനോട് മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി മലേഷ്യന്‍ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരന്‍ പറഞ്ഞു. ഈ വാഗ്ദാനത്തിന് കാബിനറ്റ് അംഗീകാരം നല്‍കിയതോടെ, കഴിഞ്ഞയാഴ്ച കുലശേഖരന്റെ നേതൃത്വത്തില്‍ കേന്ദ്ര ബാങ്ക്, ധനമന്ത്രാലയം, സാമ്പത്തികകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളുള്‍പ്പെട്ട സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ഇവര്‍ കേന്ദ്ര മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിന്റെ ചില സവിശേഷതകള്‍ മലേഷ്യയിലെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനത്തില്‍ സ്വീകരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുകയും ചെയ്തു.

യുഐഡിഎഐ(യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) സിഇഒ അജയ് ഭൂഷണുമായി ആധാറുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തതായി കുലഖേശരന്‍ പറഞ്ഞു. രാജ്യത്ത് ‘മൈക്കാഡ്’ എന്ന പേരില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ട്.

എന്നാല്‍ ഇടപാടുകളില്‍ നടക്കുന്ന തട്ടിപ്പും വ്യാജ കാര്‍ഡ് ഉപയോഗവും തടയുക എന്നതാണ് ആധാര്‍ മാതൃക സ്വീകരിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യംകുലശേഖരന്‍ വ്യക്തമാക്കി. ആധാര്‍ സംവിധാനത്തിനു സമാനമായി ബാങ്ക് എക്കൗണ്ടുമായി തിരിച്ചറിയല്‍ രേഖ ബന്ധിപ്പിക്കാനും മലേഷ്യന്‍ സര്‍ക്കാര്‍ തയാറാണെന്ന് സൂചനയാണ് കുലശേഖരന്‍ നല്‍കിയത്.

ഇന്ത്യയില്‍ ഉപയോക്താക്കളുടെ സ്വകാര്യതാസംരക്ഷണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്നും ആധാര്‍ സംവിധാനത്തിനെതിരെ നിരവധി എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതുപോലെ പുതിയൊരു സംവിധാനം രാജ്യത്ത് കൊണ്ടുവരുമ്പോള്‍ ജനങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരില്ലേയെന്ന ചോദ്യത്തിന് താന്‍ അത്തരത്തിലൊരു സാധ്യത കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതൊഴിവാക്കുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ ഒരു വ്യക്തിയുടെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ എല്ലാം കൃത്യമായി മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും സബ്‌സിഡികളും അവകാശപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാന കാര്യം.

മലേഷ്യയില്‍ ഇന്ധന സബ്‌സിഡിയുണ്ട്. അത് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക്, ആനുകൂല്യങ്ങള്‍ക്ക് അവകാശപ്പെട്ടവര്‍ക്ക് ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹംഅദ്ദേഹം വ്യക്തമാക്കി. സബ്‌സിഡികളും മറ്റും ക്ഷേമ പദ്ധതികളും കറന്‍സി വഴിയല്ലാതെ നേരിട്ട് ഉപഭോക്താക്കളുടെ എക്കൗണ്ടിലേക്ക് എത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

Comments

comments

Categories: Current Affairs, Slider, World
Tags: Aadhar