കടുത്ത തീരുമാനം അരുതെന്ന് ഇന്ത്യയോട് യുഎസ്

കടുത്ത തീരുമാനം അരുതെന്ന് ഇന്ത്യയോട് യുഎസ്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുമായും ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെയുള്ള സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിലപാടില്‍ മയം വരുത്തണമെന്ന ആവശ്യവുമായി യുഎസിലെ രണ്ട് സെനറ്റര്‍മാരുടെ കത്ത്. ഇന്ത്യയുടെ നടപടികള്‍ മുഖ്യ വ്യാപാര പങ്കാളികള്‍ക്കിടയില്‍ അതിര്‍ത്തികള്‍ തീര്‍ക്കുമെന്നും അമേരിക്കയുടെ മുന്നറിയിപ്പുണ്ട്.

യുഎസ് സെനറ്റര്‍മാരായ(സെനറ്റിലെ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംഘം) ജോണ്‍ ക്രോണിന്‍, മാര്‍ക്ക് വാര്‍ണര്‍ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ നയം ഉദാരമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ തടസ്സപ്പെടുത്താത്ത രീതിയിലുള്ള ലളിതമായ നിയന്ത്രണ ചട്ടക്കൂടാണ് ആവശ്യമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പലകാരണങ്ങളാല്‍ വഷളാകുകയും പ്രതിസന്ധിയിലാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സെനറ്റര്‍മാരുടെ കത്തെന്നത് ശ്രദ്ധേയമാണ്. ഇന്‍ഡോറഷ്യന്‍ വ്യോമയാന പ്രതിരോധ കരാര്‍, ഇലക്ട്രോണിക്‌സിനും മറ്റ് ഇറക്കുമതി ഇനങ്ങള്‍ക്കും ഇന്ത്യ ഏര്‍പ്പെടുത്തിയ തീരുവ, യുഎസ് ഉപരോധം മറികടന്ന് ഇറാനില്‍ നിന്നും ഇന്ധനം വാങ്ങിക്കാനുള്ള ഇന്ത്യയുടെ നിലപാട് തുടങ്ങിയ സംഭവവികാസങ്ങള്‍ യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുമായും ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയ്ക്കകത്തുതന്നെയുള്ള സര്‍വറുകളില്‍ സൂക്ഷിക്കുന്നതിന് ഒക്‌റ്റോബര്‍ 15നുള്ളില്‍ സംവിധാനമൊരുക്കണമെന്ന് പേമെന്റ് സര്‍വീസ് കമ്പനികളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണ്‍പേ, പേടിഎം, വാട്‌സാപ്പ് എന്നീ കമ്പനികള്‍ ആര്‍ബിഐ നിര്‍ദേശം പാലിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും മാസ്റ്റര്‍കാര്‍ഡ്, വിസ, അമേരിക്കന്‍ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും ആര്‍ബിഐയെയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.

കേന്ദ്ര ബാങ്ക് നടപ്പില്‍ വരുത്തുന്ന ഈ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയുള്ള അവസാന ശ്രമത്തിന്റെ ഭാഗമായാണ് യുഎസ് സെനറ്റര്‍മാരുടെ കത്തെന്നതാണ് സൂചന.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിനും ഡിജിറ്റല്‍ വ്യാപാരവുമായി ബന്ധപ്പെട്ട ഭാവി വികസനത്തിനും തടസമാകുന്ന അടിസ്ഥാന പ്രശ്‌നമായിട്ടാണ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങളെ യുഎസ് സെനറ്റര്‍മാര്‍ കാണുന്നത്. അതേസമയം, ഈ വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഒഫീസില്‍ നിന്നും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

Comments

comments

Categories: Current Affairs, Slider