അനില്‍ അംബാനിക്ക് യുപിഎ അനുവദിച്ച പദ്ധതികളെക്കുറിച്ച് അന്വേഷണം

അനില്‍ അംബാനിക്ക് യുപിഎ അനുവദിച്ച പദ്ധതികളെക്കുറിച്ച് അന്വേഷണം

ന്യൂഡെല്‍ഹി: റഫേല്‍ ഇടപാടില്‍ ആക്രമണം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ യുപിഎ സര്‍ക്കാര്‍ അനില്‍ അംബാനിക്ക് കനിഞ്ഞനുവദിച്ച പദ്ധതികളുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അംബാനിയുടെ മാത്രം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന്, കണക്കുകള്‍ പുറത്തു വിട്ട് രാഷ്ട്രീയമായി തന്നെ മറുപടി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഏഴു വര്‍ഷത്തിനിടെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്ക് ലഭിച്ച വലിയ സഹായങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഇക്കാലയളവില്‍ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ അംബാനിക്ക് അനുവദിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവയില്‍ ദ്രുതഗതിയില്‍ അനുമതി നല്‍കിയ പദ്ധതികളും ഉണ്ടെന്ന് വ്യക്തമായി. ടെലികോം കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുള്ള അനുമതിയാണ് യുപിഎ സര്‍ക്കാര്‍ അതിവേഗം നല്‍കിയത്. സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ചിറങ്ങി പുതിയ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷത്തെയും അനില്‍ അംബാനിയെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നെന്നാണ് സൂചന. ഫലത്തില്‍ രണ്ടു സര്‍ക്കാരുകളുടെ കാലത്തെയും പദ്ധതികള്‍ വിവാദത്തിലാവുന്നതോടെ കടക്കെണിയിലുള്ള അനിലിന് വലിയ തിരിച്ചടിയാകുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.

സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളായ ഊര്‍ജം, ടെലികോം, റോഡ് ഗതാഗതം, ഹൈവേ എന്നിവയില്‍ നിന്നും നാഷണല്‍ ഹൈവേ അതോറിറ്റി, മുംബൈ മഹാനഗര വികസന അതോറിറ്റി (എംഎംആര്‍ഡിഎ), ഡെല്‍ഹി മെട്രോ (ഡിഎംആര്‍സി) എന്നിവയില്‍ നിന്നുമാണ് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. പദ്ധതികള്‍ അനുവദിച്ച സാഹചര്യവും അതിനായി എടുത്ത സമയവും മാനദണ്ഡങ്ങള്‍ പാലിച്ചാണോ അനുമതി നല്‍കിയത് തുടങ്ങിയ വിവരങ്ങളും വിശദമായി പരിശോധിച്ച് വരികയാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രധാനമായും ആറ് കമ്പനികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. കമ്യൂണിക്കേഷന്‍ കമ്പനിയായ ആര്‍കോം, റിലയന്‍സ് കാപിറ്റല്‍, റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസ്, റിലയന്‍സ് മീഡിയ വര്‍ക്‌സ് എന്നിവക്കായി യുപിഎ അനുവദിച്ച പദ്ധതികളാണ് കുരുക്കിലായിരിക്കുന്നത്. ഊര്‍ജ മേഖലയില്‍ മാത്രം 77,000 കോടി രൂപയുടെ പദ്ധതികളാണ് റിലയന്‍സിന് അനുവദിച്ചു കിട്ടിയത്. മധ്യപ്രദേശിലെ സംയോജിതി വൈദ്യുത പ്ലാന്റും ഖനന, വൈദ്യുത വിതരണ പദ്ധതികളുമായിരുന്നു ഇവ.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ വളര്‍ച്ചയാണ് ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ചെറിയൊരു വൈദ്യുത വിതരണക്കമ്പനിയായി തുടങ്ങിയ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ 2011 ല്‍, വെറും അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ കമ്പനിയായി വളര്‍ന്നു. 16,500 കോടി രൂപയുടെ 12 വലിയ റോഡ് വികസന പദ്ധതികള്‍ യുപിഎ സര്‍ക്കാര്‍ അനുവദിച്ചതോടെയാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഡെല്‍ഹിആഗ്ര, ബെംഗളൂരുചെന്നൈ, പൂനെസതാറ, ജയ്പൂര്‍ബികാനേര്‍ തുടങ്ങിയ ദേശീയ പാതാ പദ്ധതികളും ഡെല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍, മുംബൈ മെട്രോ ലൈന്‍ എന്നിവയാണ് റിലയന്‍സിന് അനുവദിച്ച് കിട്ടിയിരുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അനിലിന്റെ കമ്പനികള്‍ക്കൊന്നും വിപണി മൂലധന ശോഷണം ഉണ്ടായില്ല. മിക്ക കമ്പനികള്‍ക്കും മതിയായ പ്രവര്‍ത്തി പരിചയം തന്നെ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പിപിപി, ബിഒടി അടിസ്ഥാനത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1,50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിയെന്നും എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പദ്ധതികളൊന്നും കമ്പനികള്‍ ഏറ്റെടുത്തിട്ടില്ലെന്നും റിലയന്‍സ് വക്താവ് പ്രതികരിച്ചു. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. അതേസമയം കുരുക്ക് കൂടുതല്‍ മുറുക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിനും കനത്ത തിരിച്ചടിയാവും നീക്കമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Anil Ambani