മിലിന്ദ് പന്ദ് ആംവേയുടെ പുതിയ സിഇഒ

മിലിന്ദ് പന്ദ് ആംവേയുടെ പുതിയ സിഇഒ

ന്യൂഡെല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ ആദ്യമായി ഒരു ഇന്ത്യക്കാരനെ സിഇഒ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഡള്ളാസില്‍ താമസമാക്കിയ മിലിന്ദ് പന്ദിനെയാണ് ആംവേ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ആംവേ കുടുംബത്തില്‍ അംഗമല്ലാത്തൊരാള്‍ സിഇഒ സ്ഥാനത്തേക്ക് കടന്നുവരുന്നത്. 2019 ജനുവരിയില്‍ പന്ദ് സിഇഒ സ്ഥാനം ഏറ്റെടുക്കും.

ഇതോടെ ആഗോളതലത്തില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉന്നത സ്ഥാനത്തെത്തുന്ന ഇന്ത്യക്കാരുടെ പട്ടികയിലേക്ക് മിലിന്ദ് പന്ദിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, റെക്കിറ്റ് ബെന്‍ക്കിസെര്‍ സിഇഒ രാകേഷ് കപൂര്‍ തുടങ്ങിയവരാണ് ഇവരില്‍ ചിലര്‍.

8.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആംവേ ലോകത്തിലെ ഏറ്റവും വലിയ ഡയറക്റ്റ് സെല്ലിംഗ് കമ്പനിയാണ്. 1959 ല്‍ വിപണിയിലെത്തിയതു മുതല്‍ സ്ഥാപക കുടുംബത്തില്‍പ്പെട്ട അംഗങ്ങളാണ് കമ്പനിയെ നയിച്ചുകൊണ്ടിരുന്നത്. മിഷിഗണിലെ അദ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

യം ബ്രാന്‍ഡഡ്‌സില്‍ നിന്നാണ് മിലിന്ദ് ആംവെയിലെത്തുന്നത്. യൂറോപ്പും ഏഷ്യയും ഉള്‍പ്പടെ പിസ ഹട്ട് ഇന്റര്‍നാഷണലിന്റെ യുഎസിനു പുറത്തുള്ള വിപണികളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. യം ബ്രാന്‍ഡ്‌സില്‍ നിന്നും അദ്ദേഹം ഉടന്‍ രാജിവെക്കും. 14 വര്‍ഷം യുണിലിവറിന്റെ വൈസ് പ്രസിഡിന്റായും മിലിന്ദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആംവേയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ മിലിന്ദ് പന്ദ് അംഗമായിരിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു.

ചെയര്‍മാന്‍ സ്റ്റീവ് വാന്‍ ആന്‍ഡേല്‍, പ്രസിഡന്റ് ഡോംഗ് ഡേവോസ് എന്നിവര്‍ ചേര്‍ന്നാണ് ആംവേയെ നയിക്കുന്നത്. ഇവരുടെ മക്കള്‍ ജെയ് വാന്‍ ആന്‍ഡേല്‍, റിച്ച് ഡേവോസ് എന്നിവര്‍ കമ്പനിയുടെ ഡയറക്റ്റര്‍ബോര്‍ഡിലേക്ക് മാറും.

ആംവേ കമ്പനിയുടെ ഏറ്റവും വലിയ ഏഴാമത്തെ വിപണിയാണ് ഇന്ത്യ. 8,000 കോടി രൂപ മൂല്യം വരുന്ന വ്യവസായത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രൊക്റ്റര്‍ & ഗാംബിള്‍ എന്നീ കമ്പനികളുമായാണ് ആംവേയുടെ മല്‍സരം.

Comments

comments

Categories: Business & Economy
Tags: amway