കോപ്ലാന് വേണ്ടി 4,500 കോടി മുടക്കാന്‍ സൈഡസ് കാഡില

കോപ്ലാന് വേണ്ടി 4,500 കോടി മുടക്കാന്‍ സൈഡസ് കാഡില

കൊക്ക കോളയുടെ ബിഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ഇടപാടുകള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രാഫ്റ്റ് ഹെയ്ന്‍സ്

ന്യൂഡെല്‍ഹി/മുംബൈ: ക്രാഫ്റ്റ് ഹെയ്ന്‍സ് കമ്പനിയുടെ ഇന്ത്യയിലെ പ്രമുഖ ഉല്‍പ്പന്ന ബ്രാന്‍ഡായ കോംപ്ലാനെ സ്വന്തമാക്കുന്നതിനായി 4,500 കോടി രൂപയുടെ ബിഡ് സമര്‍പ്പിച്ച് ഇന്ത്യന്‍ ഫ്രാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡില ഗ്രൂപ്പ്. നിബന്ധനകള്‍ക്ക് വിധേയമായാണ് ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബവ്‌റിജസ് കമ്പനിയായ കൊക്ക കോളയുടെ ബിഡിനെയാണ് സൈഡസ് കാഡില രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നത്. കൊക്കക്കോളയുടെ ബിഡ് തുകയേക്കാള്‍ 15 ശതമാനത്തോളം അധികം തുകയാണ് കാഡില വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒരുമാസത്തിനകം ഇടപാടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ക്രാഫറ്റ്് ഹെയ്ന്‍സിന്റെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഹമ്മദാബാദ് ആസ്ഥാനമായുള്ള കാഡിലാ ഗ്രൂപ്പ് നിക്ഷേപ ബാങ്കായ അവെന്‍ഡസുമായി ചേര്‍ന്നാണ് ഇടപാടിനായി പ്രവര്‍ത്തിക്കുന്നത്. കോംപ്ലാന്റെ ഇന്ത്യന്‍ വിപണി അവകാശങ്ങള്‍ മാത്രം സ്വന്തമാക്കാനാണ് കാഡിലയുടെ നീക്കം. എന്നാല്‍ ഇറ്റലിയിലെ ഹോള്‍ഡിംഗ് കമ്പനിയിലാണ് കൊക്ക കോളക്ക് കൂടുതല്‍ താല്‍പ്പര്യം. നിയമ, നികുതി പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന ആശങ്കയില്‍ കമ്പനിയുടെ വിദേശ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ സൈഡസ് കാഡിലക്ക് താല്‍പ്പര്യമില്ല. ഇറ്റലിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ക്രാഫ്റ്റ് ഹെയ്ന്‍സ്, നികുതി നഷ്ടം ഒഴിവാക്കുന്നതിനായി കമ്പനിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ വിറ്റഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളും ബ്രാന്‍ഡുകളും വില്‍ക്കാന്‍ മാത്രമായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലം പിന്നീട് വിദേശ പ്രവര്‍ത്തനങ്ങളും വില്‍പ്പനക്ക് വെച്ചു.

ബിഡില്‍ വിജയിച്ചാല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് വേണ്ടി സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകളായ ട്രൂനോര്‍ത്ത്, ടെമസെക്, വാര്‍ബര്‍ഗ് പിന്‍ക്‌സ്, കാര്‍ലൈല്‍ തുടങ്ങിയ കമ്പനികളുമായി കാഡില ചര്‍ച്ചകള്‍ നടത്തി വരികയാണ്. അതേസമയം ജിഎസ്‌കെയുടെ ഹോര്‍ലിക്‌സ് ബ്രാന്‍ഡ് സ്വന്തമാക്കുന്നതിനായി കൊക്ക കോളയുടെ പോരാട്ടം തുടരുകയാണ്. നാല് ബില്യണ്‍ ഡോളറിന്റെ വാഗ്ദാനമാണ് കമ്പനി ഇതിനായി മുന്നോട്ട് വെച്ചിരിക്കുന്നത്. നെസ്ലെയും ഹിന്ദുസ്ഥാന്‍ യൂണിലിവറുമാണ് ഈ ഇടപാടിലെ എതിരാളികള്‍.

Comments

comments

Categories: Business & Economy
Tags: Complan