വിപ്രോ യുകെയില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു

വിപ്രോ യുകെയില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു

ന്യൂഡെല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ യുകെയിലെ റീഡിംഗ്‌സില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കും തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ബിരുദപഠനം നടത്തുന്നവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. വിവിധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വിപ്രോയുടെ പ്രസ്തുത ഹബ്ബ് യുകെ ആസ്ഥാനമായ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്ക് ഡിജിറ്റല്‍ ടെക്‌നോളജി പരിശീലനം നല്‍കാന്‍ കമ്പനി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ‘അസെന്റ്’ ടാലന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രവര്‍ത്തിക്കും. ഈ പ്രോഗ്രാമിനു കീഴില്‍ യുകെയിലെ വിപ്രോയുടെ പ്രോജക്റ്റുകളിലായി ഇന്നുവരെ 95 ബിരുദധാരികളും 40 തൊഴില്‍പരിശീലനത്തിന്റെ ഭാഗമായി ബിരുദപഠനം നടത്തുന്നവര്‍ക്കും കമ്പനി പരിശീലനം നല്‍കുകയും ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്.

സ്‌കൂള്‍ വിട്ടവര്‍ക്കുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് പ്രോഗ്രാമും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും ജീവനക്കാര്‍ക്കുള്ള പരിശീലന പ്രോഗ്രാമും ഹബ്ബില്‍ ലഭ്യമാണ്. ഇതിനു പുറമെ ഉപഭോക്താക്കളുമായി ചേര്‍ന്നുള്ള ലേണിംഗ് പ്രോജക്റ്റുകളും കോ-ഇന്നൊവേഷന്‍ പദ്ധതിക്കായി സംയോജിത സ്‌പേസും ഹബ്ബ് പ്രദാനം ചെയ്യും. ഹബ്ബ് പ്രോജക്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഫലവത്തായ സഹകരണം വികസിപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഇന്നൊവേഷനും നവ ചിന്താധാരയ്ക്കും ശക്തിപകരുന്ന കഴിവുകളെ വളര്‍ത്താനും വര്‍ക്ക്‌പ്ലെയ്‌സ് സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കാനും ഇത് സഹായിക്കുമെന്നും വിപ്രോ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ അബിദാലി നീമുച്ച്‌വാല പറഞ്ഞു. പ്രാദേശിക ജീവനക്കാര്‍ക്ക് നൈപുണ്യ വികസനം നല്‍കേണ്ടതിന്റെയും പരിപോഷിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം വിപ്രോ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റീഡിംഗിലെ ഹബ്ബില്‍ പ്രാദേശിക പ്രൊഷണലുകളെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Wipro