അറ്റാദായത്തില്‍ 22.6 ശതമാനം വളര്‍ച്ച നേടി ടിസിഎസ്

അറ്റാദായത്തില്‍ 22.6 ശതമാനം വളര്‍ച്ച നേടി ടിസിഎസ്

മുംബൈ: പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദം അറ്റാദായത്തില്‍ 22.6 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 7,901 കോടി രൂപയാണ് ഇക്കാലയളവിലെ ടിസിഎസിന്റെ അറ്റാദായം മുന്‍ വര്‍ഷം ഇതേ സമയം ഇത് 6,446 കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദം കമ്പനിയുടെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 30,541 കോടി രൂപയില്‍ നിന്ന് 36,854 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. 21 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒന്നാം പാദം അറ്റാദായത്തിലും (7,340 കോടി രൂപ) വരുമാനത്തിലും (34,261 കോടി രൂപ) 7.6 ശതമാനം വര്‍ധനയാണ് കമ്പനി നേടിയത്.

രണ്ടാം പാദത്തിലെ പ്രവര്‍ത്തന വരുമാനത്തില്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് 20.7 ശതമാനം വര്‍ധിച്ച് 36,854 കോടി രൂപയിലെത്തിയിട്ടുണ്ട്. രണ്ടാം പാദത്തിലെ മികച്ച പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇന്‍ഷുറന്‍സ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ ആവശ്യകത ഈ നേട്ടം കൈവരിക്കാന്‍ കമ്പനിയെ ഏറെ സഹായിച്ചതായും ടിസിഎസ് സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. ടിസിഎസിന്റെ അനലിക്റ്റിക്, ക്ലൗഡ് ഓട്ടോമേഷന്‍ സേവനങ്ങളുടെ ആവശ്യകതയിലും വലിയ വര്‍ധനവ് വന്നിട്ടുണ്ട്. കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഇക്വിറ്റി ഓഹരി ഒന്നിന് നാലു രൂപയുടെ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് ഈ മാസം 24 ന് ലഭ്യമാക്കും- അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദത്തില്‍ 10,227 ജീവനക്കാരെയാണ് ടിസിഎസ് ആകെ നിയമിച്ചത്. കഴിഞ്ഞ 12 പാദത്തിലെ നിയമനങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 4,11,102 ആണ് രണ്ടാം പാദത്തിലെ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം.

Comments

comments

Categories: Business & Economy
Tags: TCS