സ്‌കോഡ ഒക്ടാവിയ ആര്‍എസ് വിറ്റുതീര്‍ന്നു

സ്‌കോഡ ഒക്ടാവിയ ആര്‍എസ് വിറ്റുതീര്‍ന്നു

ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് വകയിരുത്തിയ 500 കാറുകളും വിറ്റുപോയി

ന്യൂഡെല്‍ഹി : സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് വകയിരുത്തിയ കാറുകളാണ് മുഴുവനായി വിറ്റുപോയത്. ഇനി അടുത്ത വര്‍ഷം നോക്കാം. 24.62 ലക്ഷം രൂപ ഇന്ത്യ എക്‌സ് ഷോറൂം വിലയോടെ 2017 സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്‌കോഡ ഒക്ടാവിയ ആര്‍എസ്സിന് ഒത്ത എതിരാളിയായി ഇന്ത്യന്‍ വിപണിയില്‍ ഒരുത്തന്‍ പോലുമില്ല എന്നതാണ് വാസ്തവം.

തുടക്കത്തില്‍ ഇന്ത്യന്‍ വിപണിക്കായി സ്‌കോഡ ഒക്ടാവിയ ആര്‍എസിന്റെ മുന്നൂറ് യൂണിറ്റാണ് നീക്കിവെച്ചത്. എന്നാല്‍ മുന്നൂറ് കാറുകളും അതിവേഗം വിറ്റുപോയി. വന്‍ ഡിമാന്‍ഡ് കാരണം രണ്ടാമതായി ഇറക്കുമതി 200 കാറുകളാണ് ഇപ്പോള്‍ വിറ്റുതീര്‍ന്നത്. 500 കാറുകളും വിറ്റുപോയതോടെ ഇനി ഈ വര്‍ഷം ഇന്ത്യയ്ക്കായി ഒക്ടാവിയ ആര്‍എസ് സെഡാന്‍ വകയിരുത്തില്ല. പുതുതായി ബുക്കിംഗ് സ്വീകരിക്കരുതെന്ന് ഡീലര്‍മാര്‍ക്ക് സ്‌കോഡ ഇന്ത്യ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ വീണ്ടും കാര്‍ അവതരിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ മോട്ടോറാണ് സ്‌കോഡ ഒക്ടാവിയ ആര്‍എസ്സിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 6,200 ആര്‍പിഎമ്മില്‍ 230 എച്ച്പി കരുത്തും 1,500-4,600 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മുന്‍ ചക്രങ്ങള്‍ക്കാണ് കരുത്തേകുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.8 സെക്കന്‍ഡ് മതിയെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്ന നിലയില്‍ ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സ്റ്റാന്‍ഡേഡ് ഒക്ടാവിയ അടിസ്ഥാനമാക്കിയാണ് ആര്‍എസ് നിര്‍മ്മിച്ചതെങ്കിലും പരിഷ്‌കരിച്ച സസ്‌പെഷന്‍ സംവിധാനം, വലിയ 17 ഇഞ്ച് അലോയ് വീലുകള്‍, ബോഡി കിറ്റ് എന്നിവ നല്‍കിയതോടെ ആര്‍എസ് കൂടുതല്‍ അഗ്രസീവ് സ്റ്റാന്‍സ് കൈവരിച്ചു. കറുപ്പ് നിറം നല്‍കിയുള്ള അലങ്കാരം, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ടെയ്ല്‍ലാംപുകള്‍, ഫോഗ് ലാംപുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍, ബൂട്ട് സ്‌പോയ്‌ലര്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ വിശേഷങ്ങള്‍.

പാഡില്‍ഷിഫ്റ്ററുകള്‍ സഹിതം ഫഌറ്റ് ബോട്ടം ആര്‍എസ് സ്റ്റിയറിംഗ് വീല്‍, ചുവന്ന കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ ചെയ്ത ഒരു ജോടി ലെതര്‍& അല്‍കാന്ററ സീറ്റുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ കൂടാതെ സുരക്ഷാ ഫീച്ചറുകളായി ഒമ്പത് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), പാര്‍ക്ക് അസിസ്റ്റ് സിസ്റ്റം ഇത്യാദി നല്‍കി.

Comments

comments

Categories: Auto