വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ നേട്ടം സിംഗപ്പൂരില്‍

വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ നേട്ടം സിംഗപ്പൂരില്‍

തൊഴിലിനായി മറ്റിടങ്ങളിലേക്ക് പോകുന്നത് സ്ത്രീകളുടെ വരുമാനത്തില്‍ 27 ശതമാനം വര്‍ധന മാത്രമാണ് വരുത്തുന്നത്

സിംഗപ്പൂര്‍: ജോലിക്കായി വിദേശ രാഷ്ട്രങ്ങളെ ആശ്രയിക്കുന്നത് ആഗോള തലത്തില്‍ തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്. വിദേശത്ത് ജോലി ചെയ്യുന്നത് തൊഴിലാളിയുടെ വരുമാനത്തില്‍ ശരാശരി 21,000 ഡോളറിന്റെ വര്‍ധനയുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. സ്വിറ്റ്‌സര്‍ലന്റ്, യുഎസ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നതെന്നും എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം പ്രവാസികള്‍ തങ്ങള്‍ക്ക് ആഗോള നിലവാരത്തിലുള്ള ശമ്പളം ലഭിക്കുന്നതായി അറിയിച്ചു. സ്ഥാനക്കയറ്റത്തിനു വേണ്ടി 28 ശതമാനം പേര്‍ ജോലി സ്ഥലം മാറിയിട്ടുണ്ട്. സ്വിറ്റസര്‍ലന്റില്‍ ജീവനക്കാര്‍ക്ക് മികച്ച ശമ്പളമാണ് നല്‍കുന്നത്. ഇവിടെ പ്രതിവര്‍ഷം ശരാശരി 2,03,000 ഡോളറാണ് പ്രവാസികളുടെ ശമ്പളം. ഇത് ആഗോളതലത്തിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയാണ്.
എച്ച്എസ്ബിസിയുടെ വാര്‍ഷിക എക്‌സ്പാറ്റ് എക്‌സ്‌പ്ലോറര്‍ റിപ്പോര്‍ട്ടില്‍ മികച്ച തൊഴിലവസരങ്ങളിലും മെച്ചപ്പെട്ട ജീവിതനിലവാരത്തിലും സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലന്റ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളെ പിന്തള്ളി തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സിംഗപ്പൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. എന്നാല്‍ സ്വിറ്റ്‌സര്‍ലന്റിന്റെ സ്ഥാനം എട്ടാമതാണ്. കുട്ടികളെ വളര്‍ത്താന്‍ ഉയര്‍ന്ന ചെലവാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിംഗപ്പൂരില്‍ പുതുതായി എത്തിയ ഒരു പ്രവാസിക്ക് വളര്‍ച്ച കൈവരിക്കാനുള്ള എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും നല്‍കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്ന് എച്ച്എസ്ബിസി പറയുന്നു. ലിംഗ സമത്വമുള്ള രാജ്യങ്ങളില്‍ ഒന്നായ സ്വീഡന്‍ ഒരു കുടുംബത്തിന് ജീവിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ രാജ്യമാണ്. അതേസമയം, ന്യൂസിലന്‍ഡ്, സ്‌പെയിന്‍, തായ്‌വാന്‍ എന്നിവിടങ്ങള്‍ തൊഴില്‍ പരിചയ സമ്പത്തിന്റെ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു.
വിദേശത്തേക്ക് നീങ്ങുന്നത് സാംസ്‌കാരികമായും, സാമ്പത്തികമായും ജോലിസംബന്ധമായും ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നുവെങ്കിലും 22,318 പേരില്‍ നടത്തിയ സര്‍വെയില്‍ നിരവധി മേഖലകളില്‍ സ്ത്രീകള്‍ വളരെ പിന്നോട്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു. തൊഴിലിനായി മറ്റിടങ്ങളിലേക്ക് പോകുന്നത് സ്ത്രീകളുടെ വരുമാനത്തില്‍ 27 ശതമാനം വര്‍ധന മാത്രമാണ് വരുത്തുന്നത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് ശരാശരി 47 ശതമാനമാണ്. പരിചയ സമ്പത്തിലും പുരുഷന്മാരിലാണ് വര്‍ധന. പ്രവാസികളായ സ്ത്രീകളുടെ ശരാശരി വാര്‍ഷിക ശമ്പളം 42,000 ഡോളറാണ്. ഇത് പുരുഷന്മാരുടേതിനേക്കാള്‍ ഏറെ താഴെയാണ്.

Comments

comments

Categories: World
Tags: Singapore