ഡാറ്റ പ്രാദേശികമായി സൂക്ഷിച്ചു തുടങ്ങാന്‍ പേമെന്റ് കമ്പനികള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

ഡാറ്റ പ്രാദേശികമായി സൂക്ഷിച്ചു തുടങ്ങാന്‍ പേമെന്റ് കമ്പനികള്‍ക്ക് ആര്‍ബിഐ നിര്‍ദേശം

സമയപരിധി ഒക്‌റ്റോബര്‍ 15ന് അവസാനിക്കാനിരിക്കും; ഡാറ്റ മിററിംഗ് അനുവദിക്കില്ലെന്ന് ആര്‍ബിഐ

 

ന്യൂഡെല്‍ഹി: ആഗോള പേമെന്റ് കമ്പനികളെ ഡാറ്റ പ്രാദേശികമായിത്തന്നെ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഉത്തരവ് ഈ മാസം മുതല്‍ പൂര്‍ണമായും നടപ്പിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ലോബികളായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും നീക്കം. സ്വതന്ത്രമായ പരിശോധന സാധ്യമാക്കുന്നതിനായി എല്ലാ പേമെന്റ് ഡാറ്റയും ആറ് മാസത്തിനുള്ളില്‍ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കാന്‍ തുടങ്ങണമെന്ന് കേന്ദ്ര ബാങ്ക് ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. നിയമാനുസൃതമായി ഇക്കാര്യം നടപ്പില്‍ വരുത്താന്‍ കമ്പനികള്‍ക്കു നല്‍കിയ സമയപരിധി ഒക്‌റ്റോബര്‍ 15ന് അവസാനിക്കാനിരിക്കുകയാണ്.

ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കാന്‍ ലോകത്താകമാനമുള്ള സര്‍ക്കാരുകള്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ ചുമത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെയും നടപടി. പ്രാദേശികമായി ഡാറ്റ സൂക്ഷിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ ഇന്ത്യ ചെലുത്തുന്ന വലിയ സമ്മര്‍ദത്തിന്റെ ഭാഗമാണ് ഉത്തരവ്. അതേസമയം, പുതിയ നിയമങ്ങള്‍ തങ്ങളുടെ അടിസ്ഥാന സൗകര്യ ചെലവുകളെയും രാജ്യത്ത് പദ്ധതിയിട്ടിരിക്കുന്ന നിക്ഷേപങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയാണ് ആഗോള പേമെന്റ് കമ്പനികള്‍ ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് കൂടുതല്‍ ഇന്ത്യക്കാര്‍ ഡിജിറ്റല്‍ മാതൃകയിലുള്ള പേമെന്റുകള്‍ ഉപയോഗപ്പെടുത്തുന്ന സമയത്ത്.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പടെയുള്ള നയരൂപകര്‍ത്താക്കളെ അടുത്തിടെ, പേമെന്റ് കമ്പനികളായ മാസ്റ്റര്‍കാര്‍ഡ്, വിസ, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവയുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. ആര്‍ബിഐയുടെ ഉത്തരവ് മയപ്പെടുത്താനായിരുന്നു ആവശ്യം. തദ്ദേശീയ സെര്‍വറുകള്‍ക്ക് പുറമെ തങ്ങളുടെ വിദേശ സെര്‍വറുകളിലും ഡാറ്റ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. ഡാറ്റ മിററിംഗ് എന്നാണ് ഇത്തരത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി ഡാറ്റ സൂക്ഷിക്കുന്ന രീതി അറിയപ്പെടുന്നത്. എന്നാല്‍ ഏപ്രിലിലെ ഉത്തരവ് പ്രകാരം മേഖലയിലെ എല്ലാ കമ്പനികളും ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഡാറ്റ രാജ്യത്തിനകത്തു തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പേമെന്റ് കമ്പനികളുമായി നടന്ന യോഗത്തില്‍ ആര്‍ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഡാറ്റ മിററിംഗ് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നിര്‍ദേശം അനുസരിക്കുന്നതിനുള്ള അവസാന തിതയി നീട്ടാനും തയാറല്ലെന്ന് ആര്‍ബിഐ യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റാന്വേഷണങ്ങളുടെ സമയത്ത് ഡാറ്റ എളുപ്പത്തില്‍ പ്രാപ്യമാകാന്‍ ഡാറ്റ പ്രാദേശികവല്‍ക്കരണ നടപടികള്‍ അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പേമെന്റ് ഡാറ്റ പ്രാദേശികമായി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്‌സാപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചറും ഇന്ത്യയില്‍ പേമെന്റ് സേവനങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ആഴത്തില്‍ ഈ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ കമ്പനിക്ക് താല്‍പ്പര്യവുമുണ്ട്. ഇന്ത്യയില്‍ താരതമ്യേന ചുരുങ്ങിയ തോതിലുള്ള പേമെന്റ് പ്ലാറ്റ്‌ഫോമുള്ള വാട്‌സാപ്പ് പോലുള്ള കമ്പനികള്‍ക്ക് കേന്ദ്ര ബാങ്കിന്റെ ഉത്തരവ് അനുസരിക്കാന്‍ എളുപ്പമാണെന്നും, എന്നാല്‍ വന്‍കിട കമ്പനികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

”സെര്‍വറുകള്‍ സ്ഥാപിക്കുക, പേമെന്റ് പ്രൊസസിംഗ് ടൂളുകളുടെ പകര്‍പ്പുണ്ടാക്കുക തുടങ്ങിയ നിരവധി കാര്യങ്ങളില്‍ വമ്പന്‍ കമ്പനികള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ട്,” ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ മാത്രമായി ഡാറ്റ സംരക്ഷിക്കുന്നതിനും വിവരങ്ങള്‍ മുഴുവന്‍ ഇവിടേക്ക് എത്തിക്കുന്നതിനും 12-18 മാസം വരെ സമയമെടുക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Tech