സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളുടെ പ്രശ്‌നപരിഹാരം വൈകുന്നു

സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളുടെ പ്രശ്‌നപരിഹാരം വൈകുന്നു

ഈ മാസം 15ന് മുന്‍പ് പ്രശ്‌ന പരിഹാര നടപടികള്‍ സ്വീകരിക്കാനോ അല്ലെങ്കില്‍ പാപ്പരത്ത കോടതികളിലേക്ക് നിര്‍ദേശിക്കാനോ ആയിരുന്നു തീരുമാനം

ന്യൂഡെല്‍ഹി: കടക്കെണി സമ്മര്‍ദ്ദത്തിലായ ഊര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരം ബാങ്കുകള്‍ വൈകിപ്പിക്കുന്നതായി ആരോപണം. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള തീയതി ഈ മാസം 15ന് അവസാനിക്കാനിരിക്കെ ബാങ്കുകള്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊര്‍ജമേഖലയിലെ സമ്മര്‍ദിത ആസ്തികളില്‍ പ്രശ്‌ന പരിഹാര നടപടികള്‍ സ്വീകരിക്കാനോ അല്ലെങ്കില്‍ പാപ്പരത്ത കോടതികളിലേക്ക് നിര്‍ദേശിക്കാനോ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ഊര്‍ജ മേഖലക്ക് വായ്പകള്‍ നല്‍കിയ ബാങ്കുകളിലെ മുതിര്‍ന്ന എക്‌സിക്യുട്ടീവുമാരും ഊര്‍ജ സെക്രട്ടറി അജയ് ഭല്ലയും മറ്റ് മുതിര്‍ന്ന ഊര്‍ജ ധനമന്ത്രാലയ ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തോട് മെല്ലെപ്പോക്ക് സമീപനമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്.

അവാന്ത പവറിന്റെ ഉടമസ്ഥതയിലുള്ള 600 മെഗാവാട്ടിന്റെ ഛാബുവ പവര്‍ പ്ലാന്റ്, പ്രയാഗ്‌രാജ് പവര്‍ ജെന്‍ കോര്‍പിന്റെ 1,980 മെഗാവാട്ട് ശേഷിയുള്ള ബാര പവര്‍ പ്ലാന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാര നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ഇവ ഒക്‌റ്റോബര്‍ 15 എന്ന അവസാന തീയതിക്ക് മുന്‍പ് പൂര്‍ത്തിയാവാനുള്ള സാധ്യത കുറവാണ്. ഡസന്‍ കണക്കിനു വരുന്ന സമ്മര്‍ദിത ഊര്‍ജോല്‍പ്പാദന പദ്ധതികളുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഒക്‌റ്റോബര്‍ 15 വരെ സമയമനുവദിക്കാന്‍ സെപ്റ്റംബര്‍ 21ന് നടന്ന വായ്പാ ദാതാക്കളുടെ യോഗത്തില്‍ തീരുമാനമായിരുന്നു. മഹാരാഷ്ട്രയിലെ 1,320 മെഗാവാട്ട് ശേഷിയുള്ള രത്തന്‍ ഇന്ത്യ അമരാവതി പ്ലാന്റ്, 1,370 മെഗാവാട്ടിന്റെ ജിഎംആര്‍ ഛത്തീസ്ഗഢ് എനര്‍ജി പ്ലാന്റ് ലിമിറ്റഡ്, ഛാബുവ പവര്‍ പ്ലാന്റ്, പ്രയാഗ്‌രാജ് പവര്‍ എന്നിവയുടേതൊഴിച്ച് മറ്റുള്ള പ്ലാന്റുകളുടെയൊന്നും പ്രശ്‌നപരിഹാരത്തിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌സ് വിന്‍ഡോ എന്ന കമ്പനി ഛാബുവ പവര്‍ പ്ലാന്റിനു വേണ്ടി 100 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. കരാര്‍ സ്വന്തമാക്കാന്‍ ഇനിയൊരു 115 കോടി രൂപ കൂടി എക്‌സിം ഇന്‍ഡസ്ട്രീസിന്റെ പിന്തുണയുള്ള വേള്‍ഡ്‌സ് വിന്‍ഡോ സമര്‍പ്പിക്കേണ്ടതുണ്ട്.

കെഎസ്‌കെ മഹാനദി, എസ്സാര്‍ മഹാന്‍, ആര്‍കെഎം പവര്‍ജെന്‍, രത്തന്‍ഇന്ത്യ നാസിക് തുടങ്ങിയ കമ്പനികളും പൂര്‍ണമായ പ്രശ്‌നപരിഹാരത്തിനായി വായ്പാദാതാക്കളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. മിക്ക പ്രശ്‌നപരിഹാര നടപടിക്രമങ്ങളിലും, ബാങ്കുകള്‍ ബിഡര്‍മാരെ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ 15-20 ശതമാനത്തോളം വരുന്ന വായ്പാദാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കരാറിന്‍മേല്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Comments

comments

Categories: FK News