പേടിഎം യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു

പേടിഎം യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു

ഗുഡ്ഗാവ്: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ആലിബാബയുടെ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമായ യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു. 400-500 ദശലക്ഷം ഡോളറിനാണ് ഇടപാട് പദ്ധതിയിട്ടിരിക്കുന്നത്. പേടിഎം സിഎഫ്ഒ മധുര്‍ ഡിയോറയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. സേവന വിഭാഗം വിപുലമാക്കാനുള്ള പേടിഎം പദ്ധതികളുടെ ഭാഗമാണ് ഇടപാട്. പുതിയ ഉപഭോക്താക്കളെ നേടുന്നതിന് രാജ്യത്തെ മെട്രോ ഇതര നഗരങ്ങളിലെ യുസിവെബിന്റെ സ്വാധീനം പ്രയോജനപ്പെടുത്താനും പേടിഎം ആലോചിക്കുന്നുണ്ട്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന യുസിവെബുമായുള്ള സഹകരണം പേടിഎമ്മിന്റെ അന്താരാഷ്ട്ര വികസന പദ്ധതികള്‍ക്കും പ്രയോജനം ചെയ്യും. അതേ സമയം ഏറ്റെടുക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രാദേശിക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായി യുസിവെബ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

2011 ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ച യുസിവെബ് ബ്രൗസര്‍ രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ ഉള്ളടക്ക വിതരണ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്. 130 ദശലക്ഷമാണ് യുസിവെബിന്റെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ക്രോമിനെ പിന്നിലാക്കികൊണ്ട് ഇന്ത്യന്‍ വിപണിയില്‍ 51 ശതമാനം വിഹിതം യുസിവെബ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആപ്പ്, ഗെയിം വിതരണ പ്ലാറ്റ്‌ഫോംമുകള്‍(9ആപ്പ്‌സ്, 9ഗെയിം) മൊബീല്‍ ട്രാഫിക് പ്ലാറ്റ്‌ഫോം (യുസി യൂണിയന്‍), ഉള്ളടക്ക വിതരണ പ്ലാറ്റ്‌ഫോം (യുസി ന്യൂസ്), യൂസര്‍ ജനറേറ്റഡ് ഉള്ളടക്ക പ്ലാറ്റ്‌ഫോം (വി-മീഡിയ റിവാര്‍ഡ് പ്ലാന്‍ 2.0) എന്നിവ ആരംഭിച്ചുകൊണ്ട് കമ്പനി തങ്ങളുടെ സേവനം വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുസിവെബ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ചുവെന്ന ആരോപണം നേരിട്ടിരുന്നു. വിവരങ്ങള്‍ പ്രാദേശികമായി സൂക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കൂടി വന്നതോടെ കമ്പനിയുടെ പ്രതിസന്ധി വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലെ ബിസിനസ് കൈമാറാനുള്ള തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് യുഎസ് ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ ഇബേയുടെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Business & Economy
Tags: PayTM