ഒമര്‍ ഖദൗരി റൊത്താനായുടെ പടിയിറങ്ങുന്നു

ഒമര്‍ ഖദൗരി റൊത്താനായുടെ പടിയിറങ്ങുന്നു

ഈ വര്‍ഷം അവസാനത്തോടുകൂടി റൊത്താനയുടെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങളില്‍ നിന്ന് ഒമര്‍ ഒഴിയും

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ബിസിനസ് ഗ്രൂപ്പായ റൊത്താനയുടെ പ്രസിഡന്റ്, സിഇഒ സ്ഥാനങ്ങളില്‍ നിന്ന് ഒമര്‍ ഖദൗരി പടിയിറങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടു കൂടി റൊത്താനയുടെ നേതൃസ്ഥാനങ്ങള്‍ ഒഴിയുമെന്ന് ഒമര്‍ സ്ഥിരീകരിച്ചു.

2014 ജനുവരി മാസത്തിലായിരുന്നു ഒമര്‍ കമ്പനിയുടെ നേതൃപദവിയിലേക്ക് ഉയര്‍ന്നത്. റൊത്താനയില്‍ 20 വര്‍ഷത്തോളം കാലം വിവിധ തലങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഉള്‍പ്പടെ സുപ്രധാനമായ പദവികള്‍ ഒമര്‍ വഹിച്ചിട്ടുണ്ട്.

ഒമര്‍ സ്ഥാനമൊഴിഞ്ഞ ശേഷം താല്‍ക്കാലിക പ്രസിഡന്റും സിഇഒയുമായി ഗയ് ഹച്ചിന്‍സണാകും ചുമതലയേല്‍ക്കുക.

റൊത്താനയോടൊപ്പമുള്ള 20 വര്‍ഷങ്ങളില്‍ കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചയിലും അതിവേഗ വികസനത്തിലും വലിയ പങ്കാണ് ഒമര്‍ വഹിച്ചത്. മികച്ചൊരു ടീമിനെ വളര്‍ത്തിയെടുക്കുന്നതിലും സുസ്ഥിര ബിസിനസ് വിജയത്തിന് അടിത്തറ പാകുന്നതിലും അദ്ദേഹം മികവുറ്റ പ്രകടനം കാഴ്ച്ചവെച്ചു-റൊത്താനയുടെ വൈസ് ചെയര്‍മാനും സഹസ്ഥാപകനുമായ സെലിം എല്‍ സൈര്‍ പറഞ്ഞു.

ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായുള്ളതായിരുന്നു ഒമറിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനം. അതിനോട് ഞങ്ങള്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു-റൊത്താനയുടെ ചെയര്‍മാന്‍ നാസര്‍ അല്‍ നൊവയ്‌സ് പറഞ്ഞു.

റൊത്താനയില്‍ നിന്ന് പടിയിറങ്ങിയ ശേഷം ഒമര്‍ ഖദൗരി ആംസ്റ്റര്‍ഡാമിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവിടുത്തെ ഹോസ്പിറ്റാലിറ്റി പദ്ധതികളില്‍ ഒമര്‍ നിക്ഷേപം നടത്താനും സാധ്യതയുണ്ട്. ഗള്‍ഫ്, ആഫ്രിക്ക, തുര്‍ക്കി തുടങ്ങിയ മേഖലകളിലായി റൊത്താന 100ലധികം പ്രോപ്പര്‍ട്ടികള്‍ മാനേജ് ചെയ്യുന്നുണ്ട്. വമ്പന്‍ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്.

Comments

comments

Categories: Arabia