ലിഥിയം അയണ്‍ ബാറ്ററി കരുത്തുമായി ഒക്കിനാവ റിഡ്ജ് പ്ലസ്

ലിഥിയം അയണ്‍ ബാറ്ററി കരുത്തുമായി ഒക്കിനാവ റിഡ്ജ് പ്ലസ്

ഇന്ത്യ എക്‌സ് ഷോറൂം വില 64,998 രൂപ

ന്യൂഡെല്‍ഹി : ഒക്കിനാവ റിജ്ഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേര്‍ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിഡ്ജ് പ്ലസ് എന്നുപേരായ സ്‌കൂട്ടറിന് ലിഥിയം അയണ്‍ ബാറ്ററി കരുത്തേകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒക്കിനാവ ഓട്ടോടെക്കിന്റെ ആദ്യ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളായ റിഡ്ജ്, പ്രെയ്‌സ് എന്നിവ ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 64,998 രൂപയാണ് റിഡ്ജ് പ്ലസ് സ്‌കൂട്ടറിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. ഗുരുഗ്രാം ആസ്ഥാനമായ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഒക്കിനാവ ഓട്ടോടെക്.

800 വാട്ട് കരുത്തേകുന്ന ബിഎല്‍ഡിസി (ബ്രഷ്‌ലെസ് ഡിസി) വാട്ടര്‍ പ്രൂഫ് മോട്ടോറാണ് ഒക്കിനാവ റിഡ്ജ് പ്ലസ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന ഒക്കിനാവ റിഡ്ജ് തുടര്‍ന്നും വിപണിയില്‍ ലഭിക്കും. ലെഡ് ബാറ്ററി ഉപയോഗിക്കുന്ന റിഡ്ജിനേക്കാള്‍ ഏകദേശം 21,000 രൂപ കൂടുതലാണ് റിഡ്ജ് പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്.

സ്റ്റാന്‍ഡേഡ് വേര്‍ഷന്റെ അതേ ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ ഒക്കിനാവ റിഡ്ജ് പ്ലസ് നിലനിര്‍ത്തിയിരിക്കുന്നു. ലൂസെന്റ് ഓറഞ്ച്-മാഗ്ന ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഒക്കിനാവ റിഡ്ജ് പ്ലസ് ലഭിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ എന്ന റിഡ്ജ് സ്‌കൂട്ടറിന്റെ ടോപ് സ്പീഡ് റിഡ്ജ് പ്ലസ് സ്‌കൂട്ടറിനും ലഭിച്ചു. 150 കിലോഗ്രാമാണ് ലോഡിംഗ് ശേഷി.

ലിഥിയം അയണ്‍ ബാറ്ററി കൂടാതെ ഇലക്ട്രോണിക്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റവും (ഇ-എബിഎസ്) റിഡ്ജ് പ്ലസ് സ്‌കൂട്ടറിന് ലഭിച്ചു. ആന്റി തെഫ്റ്റ് അലാം, കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിംഗ് എന്നീ ഫീച്ചറുകള്‍ റിഡ്ജ് സ്‌കൂട്ടറില്‍നിന്ന് കടമെടുത്തു. ‘ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍’ ഫംഗ്ഷനാണ് റിഡ്ജ് പ്ലസിന്റെ മറ്റൊരു സവിശേഷത. അകലെയായിരിക്കുമ്പോഴും സ്‌കൂട്ടര്‍ ലൊക്കേറ്റ് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.

വേര്‍പ്പെടുത്തിയെടുത്ത് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് റിഡ്ജ് പ്ലസ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നതെന്ന് ഒക്കിനാവ ഓട്ടോടെക് എംഡി ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു. ബാറ്ററി അഴിച്ചെടുത്ത് വീട്ടിനകത്തോ ഓഫീസിലോ കൊണ്ടുപോയി ചാര്‍ജ് ചെയ്യാം. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെട്ടാല്‍ ഓട്ടോ കട്ട് സവിശേഷതയുള്ള മൈക്രോ ചാര്‍ജറാണ് നല്‍കുന്നത്. റിഡ്ജ് പ്ലസില്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ നേരം സഞ്ചരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

റിഡ്ജ്, പ്രെയ്‌സ് സ്‌കൂട്ടറുകള്‍ക്കുശേഷം ഒക്കിനാവ ഓട്ടോടെക് പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് റിഡ്ജ് പ്ലസ്. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന ഒക്കിനാവ പ്രെയ്‌സിന് 59,889 രൂപയാണ് എക്‌സ് ഷോറൂം വില. ഒക്കിനാവ പ്രെയ്‌സില്‍ ഓപ്ഷണലായി ലിഥിയം അയണ്‍ ബാറ്ററി ലഭിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒക്കിനാവ ഓട്ടോടെക്കിന്റെ ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ മാസം മുതല്‍ റിഡ്ജ് പ്ലസ് ലഭിച്ചുതുടങ്ങും. തുടക്കത്തില്‍ ഏതാനും സംസ്ഥാനങ്ങളിലായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ 500 യൂണിറ്റ് പുറത്തിറക്കും. അടുത്ത മാസമാകുമ്പോഴേയ്ക്കും 1,500 യൂണിറ്റ് കൂടി നിര്‍മ്മിച്ച് എല്ലാ സംസ്ഥാനങ്ങളിലുമെത്തിക്കും.

Comments

comments

Categories: Auto