മീ ടുവിന്റെ സാമ്പത്തിക ശാസ്ത്രം

മീ ടുവിന്റെ സാമ്പത്തിക ശാസ്ത്രം

തൊഴിലിടങ്ങളിലെ ലൈംഗികപീഡനത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന മീ ടൂ പ്രചാരണം ഒരു സാമ്പത്തികപ്രശ്‌നമായി കൂടി കണക്കാക്കേണ്ടതുണ്ട്. ഇരകളെ ചൂഷണവിധേയമാക്കിയതിനു പിന്നില്‍ ആരോപണവിധേയരുടെ സാമ്പത്തിക സ്വാധീനവും ശക്തിയും ഘടകങ്ങളാകുമ്പോള്‍ ഇത് നിര്‍ണായകമാണ്

 

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരേ നടിയും എഴുത്തുകാരിയുമായ ബ്രിറ്റ് മാര്‍ലിംഗ് നല്‍കിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തൊഴിലിടങ്ങളിലെ ലൈംഗികപീഡനത്തിനെതിരേ ഉയര്‍ന്ന മീ ടൂ (ഞാനും ഇരയായിട്ടുണ്ട്) ക്യാംപെയ്ന്‍ ഇന്ന് ഇന്ത്യയിലും കാട്ടുതീപോലെ പടരുകയാണ്. ബോളിവുഡിലും ദേശീയ മാധ്യമങ്ങളിലും തുടങ്ങി കേരളത്തിലും അതിന്റെ അലയൊലികള്‍ എത്തിയിരിക്കുന്നു. സിനിമ, മാധ്യമ, സാഹിത്യ രംഗത്തുള്ള സെലിബ്രിറ്റികള്‍ ആരോപണവിധേയരായിരിക്കുന്നു.

തൊഴില്‍രംഗത്തു പുരുഷന്മാരില്‍ നിന്നു നേരിട്ട ലൈംഗിക പീഡനങ്ങളും പെരുമാറ്റ ദൂഷ്യങ്ങളും സംബന്ധിച്ച ആരോപണങ്ങളുമായി നിരവധി ജോലിക്കാരായ സ്ത്രീകള്‍ മുന്നോട്ട് വന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളിലാണ് ഇത്തരം ആരോപണങ്ങളുമായി അവര്‍ രംഗത്തു വന്നിരിക്കുന്നത് എന്നതിനാല്‍ ഇതിന്റെ പ്രത്യാഘാതം ആരോപണവിധേയരിലും വലിയ ചലനങ്ങളുണ്ടാക്കും. പലരും പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നതും ഇരകള്‍ക്കു വ്യാപകമായി ലഭിക്കുന്ന പിന്തുണയും ആരോപണങ്ങളുടെ ഉദ്ദേശ്യം ഒരു പരിധി വരെ സാര്‍ത്ഥകമായെന്നു തന്നെയാണ്.

വേദനാജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയ സ്ത്രീകള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഇതിനുമപ്പുറം ചില നിര്‍ണായക ചോദ്യങ്ങള്‍ കൂടി ഉയര്‍ത്തുന്നുണ്ട്. ലൈംഗിക പീഡന, പെരുമാറ്റദൂഷ്യ ആരോപണങ്ങള്‍ തുടര്‍ച്ചയായി അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരേ ഉയരാനുള്ള കാരണമെന്ത്? ഇരകള്‍ സംഭവസമയത്ത് നിശബ്ദത പാലിക്കാന്‍ കാരണമെന്തായിരിക്കും? ഇതിനെല്ലാമുപരി, പ്രശ്‌നപരിഹാരത്തിന് എന്തെല്ലാം നടപടികളാണു കൈക്കൊള്ളേണ്ടത്?

പീഡനം സാമ്പത്തികപ്രശ്‌നമെന്ന നിലയില്‍

ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ ചിന്തിക്കേണ്ട സുപ്രധാന കാര്യം ഇതിനു പിന്നിലെ സാമ്പത്തികശാസ്ത്രത്തെ പറ്റിയാണ്. ലൈംഗിക പീഡനത്തെ ഒരു സാമ്പത്തിക പ്രശ്‌നമായി മനസിലാക്കേണ്ടത് നിര്‍ണായകമാണ്. സമ്പന്നരും ശക്തരുമായ സമൂഹത്തിലെ ഉന്നതര്‍ക്കു നേരെയാണ് പല ആരോപണങ്ങളുമെന്നത് യാദൃശ്ചികമല്ല. ഈ വ്യക്തികളുമായി ബന്ധമുള്ള കമ്പനികള്‍ മിക്കതും ഇവരെ പ്രതിരോധിക്കുന്നതും പിന്തുണയ്ക്കുന്നതുമായ പ്രതികരണങ്ങളായിരിക്കും നടത്തുക. സമരസപ്പെടുത്തുന്ന ഒരു ശ്രമമായി വ്യാഖ്യാനിക്കപ്പെടാനിടയാക്കും. ഇത് ഇരകളെ മാനസികമായി തളര്‍ത്തുകയും താഴെത്തട്ടില്‍ മേധാവിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യും.

അഭിമാന സംരക്ഷണത്തിനായി ഇരകള്‍ നിയമവഴികള്‍ തേടാനോ പ്രതിഷേധിക്കാനോ തയാറാകാതിരിക്കുന്നതും യാദൃശ്ചികമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം ഇതില്‍ നിര്‍ണായകമാണ്, ഈ ബന്ധം ഇരകള്‍ക്കും കുറ്റാരോപിതര്‍ക്കുമിടയിലും വലിയ അളവില്‍ ഇരകള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഇടയിലും പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയിലും വ്യാപരിച്ചു കിടക്കുന്നു. കുറ്റാരോപിതര്‍ നടത്തുന്ന പൊതുസ്ഥാപനങ്ങളും കമ്പനികളും ജനങ്ങള്‍ക്കിടയില്‍ നേടിയെടുക്കുന്ന സ്വാധീനത്തിനു പോലും ഈ സാമ്പത്തിക ബന്ധങ്ങള്‍ പങ്കു വഹിക്കുന്നുവെന്നതാണു വാസ്തവം.

ഇത്തരം ബന്ധങ്ങളാണ് ഹാര്‍വി വീന്‍സ്റ്റീനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളെ ഇരകള്‍ക്ക് അനുകൂലമായി വര്‍ത്തിക്കുന്നതിന് അദൃശ്യവിലക്കു സൃഷ്ടിച്ചത്. ഇത്തരം ബന്ധങ്ങളിലെ ബതന്ത്രപരമായ കാര്യങ്ങള്‍ മനസിലാക്കിയതാണ് ഇന്ത്യയില്‍ മീ ടൂ പ്രചാരണങ്ങള്‍ക്ക് ശക്തിയേകിയത്. ഇത് കൂടുതല്‍ വീറോടെ പ്രതിരോധിക്കാന്‍ ഇരകളെ പ്രാപ്തരാക്കുന്നു.

കുറ്റവാളിക്കും ഇരയ്ക്കുമിടയിലെ അസമത്വങ്ങള്‍

തൊഴിലുടമയ്ക്കും ഉന്നതോദ്യോഗസ്ഥനും നിലവിലുള്ള അപരിമേയമായ മേല്‍ക്കോയ്മ നിലവിലെ സാഹചര്യത്തില്‍ വനിതാ തൊഴിലാളിയെ അശക്തയാക്കുന്നുവെന്നത് വാസ്തവമാണ്. നവലിബറല്‍ നയങ്ങള്‍ തൊഴില്‍ സമ്പ്രദായം മാറ്റുന്ന, ഭാവിയിലെ സാമ്പത്തിക സ്ഥിരത ചോദ്യം ചെയ്യപ്പെടുന്നതുമായ ഇക്കാലത്ത് അവരുടെ നില കൂടുതല്‍ പരിതാപകരമാകുകയും ചെയ്യുന്നു. തൊഴിലുടമയ്ക്കും മേലുദ്യോഗസ്ഥര്‍ക്കും സ്ഥാപനത്തിലെ യുവ പ്രൊഫഷണലുകളുടെ ഭാവി നിശ്ചയിക്കാന്‍ കഴിയും.

മാധ്യമവ്യവസായത്തിലാണ് ഇതിന്റെ ഏറ്റവും വഷളായ മുഖം കാണാനാകുക. അധികാരേശ്രണിയെ അടിസ്ഥാനമാക്കിയുള്ള അവലോകനത്തിനു സവിശേഷ പ്രാധാന്യമുള്ളതിനാല്‍ തൊഴിലുടമയുടെയും മേലുദ്യോഗസ്ഥരുടെയും ശുപാര്‍ശയെ ആശ്രയിച്ചായിരിക്കും യുവ പ്രൊഫഷണലുകളുടെ തൊഴില്‍ സ്ഥിരത. അവരുടെ താളത്തിനൊത്തു തുള്ളാത്തതിനാല്‍ അനഭിമത പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് യുവാക്കളുടെ കരിയര്‍ പോലും അവസാനിപ്പിച്ചേക്കാനിടയുണ്ട്. സ്ത്രീവിരുദ്ധ സംസ്‌കാരം വാഴുന്ന ഒരു സ്ഥാപനത്തില്‍ വേട്ടക്കാരായ മേലുദ്യോഗസ്ഥരോ തൊഴിലുടമയോ ഉണ്ടെങ്കില്‍ സ്ത്രീകള്‍ അതിക്രമങ്ങളില്‍ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നതില്‍ അതിശയപ്പെടാനില്ല. ഒന്നുകില്‍ അവരുടെ താളത്തിനൊത്തു നിന്നു കൊടുക്കുക, അല്ലെങ്കില്‍ ജോലി വിട്ടു പുറത്തുപോകുക എന്നതു മാത്രമാണ് പോംവഴി.

പീഡനം നടന്ന സമയത്ത് പരാതിപ്പെടാതെ ഇപ്പോള്‍ എന്തിനു രംഗത്തുവന്നു എന്നു ചോദിക്കുന്നവരുണ്ട്. പീഡനം നടന്ന് പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞാണ് മീ ടൂ ഇരകള്‍ പലരും രംഗത്തു വന്നിട്ടുള്ളത് എന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തില്‍ ഒളിച്ചിരിക്കുന്നത് സ്ത്രീവിരുദ്ധത തന്നെയാണ്. ഇതിനുള്ള ഉത്തരവും സാമ്പത്തികത്തില്‍ അധിഷ്ഠിതമാണ്. ഹ്രസ്വകാലയളവിലേക്കെങ്കിലും ഉണ്ടാകുമായിരുന്ന സാമ്പത്തിക അരക്ഷിതത്വം തന്നെയാണ് പലരെയും പരാതിപ്പെടുന്നതില്‍ നിന്നു പിന്തിരിപ്പിച്ചിരുന്നതെന്നു വ്യക്തം. കരിയര്‍ സ്വപ്‌നങ്ങളും ജീവഭയവും പോലുള്ള കാര്യങ്ങള്‍ പിന്നാലെ വരുന്നു.

സാമ്പത്തികമായി ഇരകളെ ഉപദ്രവിക്കാന്‍ പോന്ന ശക്തരും സ്വാധീനമുള്ളവരുമായിരുന്നു ആരോപണവിധേയരില്‍ പലരുമെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന പീഡനസംഭവങ്ങളിലെ ഇരകളുടെ സാഹചര്യം വ്യക്തമാക്കുന്നത്. ഇവരെ സംരക്ഷിക്കാന്‍ കമ്പനിക്കകത്തു നിന്നുള്ളവര്‍ക്കും സ്ഥാപിത താല്‍പര്യങ്ങളുണ്ടാകും. ഉദാഹരണത്തിന് ഹാര്‍വി വിന്‍സ്റ്റീന്‍ ഉള്‍പ്പെട്ട സംഭവമെടുക്കാം. വീന്‍സ്റ്റീനെതിരേ നടിയും എഴുത്തുകാരിയുമായ ബ്രിറ്റ് മാര്‍ലിംഗ് നല്‍കിയ വെളിപ്പെടുത്തലുകളാണ് മീ ടൂ പ്രചാരണത്തെ ശ്രദ്ധേയമാക്കിയത്. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മാര്‍ലിംഗിന്റെ വെളിപ്പെടുത്തല്‍, തുടര്‍ന്നിങ്ങോട്ട് വിന്‍സ്റ്റീനെതിരേ സമാനമായ നിരവധി ആരോപണങ്ങള്‍ക്കിടയാക്കി. ആന്‍ജലീന ജോളി, ഗ്വിനെത്ത് പള്‍ട്രോവ്, റോസ് മക്‌ഗൊവാന്‍ തുടങ്ങി പ്രമുഖരായ നിരവധി നടികളാണ് ഇതേത്തുടര്‍ന്ന് വീന്‍സ്റ്റീനെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നത്.

വിന്‍സ്റ്റീനും സഹോദരനും ചേര്‍ന്നു സ്ഥാപിച്ച മിറമാക്‌സ് ഫിലിംസ് എന്ന നിര്‍മാണ കമ്പനി ചുരുങ്ങിയ കാലത്തിനുള്ളില്‍ വന്‍ലാഭം നേടിയിരുന്നു. നെട്ടത്തിന്റെ നെറുകയിലിരിക്കുന്ന സ്ഥാപനത്തിനെതിരേ വരുന്ന ആരോപണങ്ങളെ പിന്തുണച്ചാല്‍ അത് ഇരിക്കുന്ന കൊമ്പു മുറിക്കലാകുമെന്ന് വിന്‍സ്റ്റീന്റെ സഹപ്രവര്‍ത്തകര്‍ മനസിലാക്കി. ഭരണസമിതിയിലുള്ളവരുടെ വിശ്വാസ്യത ആവശ്യപ്പെടുന്ന സംവിധാനങ്ങള്‍ പോലും ലാഭമെടുപ്പ് എന്ന പ്രാഥമിക പ്രചോദനത്തെ മറികടക്കാന്‍ അവരെ അശക്തരാക്കുന്നതാണ്. അതിനാല്‍ വിന്‍സ്റ്റീന്റെ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ പോലും അവര്‍ നിശബ്ദരാകാന്‍ നിര്‍ബന്ധിതരായി തീര്‍ന്നു.

ഇരകളെ നിശബ്ദരാക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം

വലിയൊരു സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചാണ് ഇരകള്‍ നിലനില്‍ക്കുന്നതെങ്കില്‍, അതു തന്നെയാണ് അവരുടെ മൗനത്തിനുള്ള വിശദീകരണം. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് 2017 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, പീഡനത്തെ സാമൂഹ്യ-സാമ്പത്തിക പ്രശ്‌നം മാത്രമായി കാണരുതെന്ന് ആവശ്യപ്പെടുന്നു. താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്കെതിരേയുള്ള അധികാരകേന്ദ്രങ്ങളുടെ പ്രതികാരനടപടിയായി പോലും കാണാമെന്നു പറയുന്നു. ഇതിനെതിരേ വിശദീകരണം നല്‍കാന്‍ പോലും അവര്‍ക്കാവില്ല, കാരണം പീഡനത്തിനെതിരേ പ്രതികരിച്ചാല്‍ വേതനം പിടിച്ചുവെക്കാനോ ജോലി തന്നെ തെറിക്കാനോ ഇടയുണ്ട്.

തൊഴില്‍ നഷ്‌പ്പെടുന്നത് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനിടയാക്കും. മല്‍സരാധിഷ്ഠിത ലോകത്ത് ഒന്നിനും കൊള്ളാത്തവന്‍ എന്ന മുദ്രചാര്‍ത്തപ്പെടും. ഇത് പലപ്പോഴും അപമാനം സഹിച്ച് ജോലിയില്‍ തുടരാന്‍ ഇരകളെ നിര്‍ബന്ധിതരാക്കുന്നു. അല്ലാത്തപക്ഷം അവര്‍ സാമ്പത്തികമായി തകര്‍ന്നു പോകും. ദാരിദ്ര്യത്തേക്കാള്‍ ഭേദം ഉപദ്രവങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് പാവും സ്ത്രീജീവനക്കാര്‍ കരുതുന്നു. അമേരിക്കെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടുതല്‍ കരുത്തുറ്റ സാമൂഹ്യസുരക്ഷാ ശൃംഖല നിലനില്ക്കുന്നതിനാല്‍ ഇത്തരം വിപദി ധൈര്യം സ്ത്രീകളില്‍ ഏറി നില്‍ക്കുമായിരിക്കും. സാംസ്‌കാരികവും ജാതീയവുമായ സവിശേഷതകള്‍ ഇതിന് അനുകൂലവുമായിരിക്കും. എന്നാല്‍ സാമ്പത്തിക സമ്മര്‍ദങ്ങളുടെ കാര്യം ഇവിടെയും ബാധകമായിരിക്കുമെന്നതാണു വസ്തുത.

സമൂഹത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍

ലൈംഗിക പീഡന ആരോപണങ്ങള്‍ പരസ്യമാക്കിക്കഴിഞ്ഞാല്‍, ആരോപണവിധേയരോട് അടുപ്പമുള്ളകമ്പനികളും ബിസിനസ്സുകളും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. അവര്‍ ബന്ധം മുറിക്കുമോ? അതോ, പ്രശ്‌നം തീരും വരെ അവ അവഗണിക്കുമോ? അല്ലെങ്കില്‍, തങ്ങള്‍ക്കു വരുമാനമുണ്ടാക്കിത്തരുന്ന ആരോപണ വിധേയരായ ക്ലയന്റുകളെ അവര്‍ പിന്തുണയ്ക്കുമോ? എന്നിങ്ങനെ നൂറായിരം ചോദ്യങ്ങള്‍ ഉയരും.

ഇത്തരം സംരംഭങ്ങള്‍ സാമ്പത്തിക ഔചിത്യം പാലിച്ച് നൈതിക തീരുമാനങ്ങളെടുക്കുകയെന്നതാണ് കരണീയം. സമൂഹവുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് അത്തരം തീരുമാനങ്ങളെടുക്കേണ്ടത്. പുരോഗമന രാഷ്ട്രീയം ഇപ്പോള്‍ നല്ല ബിസിനസാണ്, എന്നാല്‍ കമ്പനികള്‍ പുറത്ത് ലൈംഗിക സമത്വം പോലുള്ള പുരോഗമനപരമായ രാഷ്ട്രീയം പറയുമെങ്കിലും അതിന്റെ സത്ത സംരക്ഷിക്കുന്നതില്‍ പരാജയമാണെന്ന് സ്വയം തെളിയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് തങ്ങളുടെ ബിസിനസുകളെ പരിസ്ഥിതി സൗഹൃദമായി ചിത്രീകരിക്കുകയും, എന്നാല്‍ അതു വെറും പറച്ചിലില്‍ ഒതുക്കുകയും ചെയ്യുന്ന ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുണ്ട്. ഗ്രീന്‍വാഷിംഗ് എന്നാണ് ഇത്തരം സംരംഭങ്ങളെ പ്രതിപാദിക്കുന്നത്. ഇതേ പോലെയാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രസംഗം മാത്രം നടത്തി പ്രവര്‍ത്തിക്കാതിരിക്കുന്ന കമ്പനികളും നിര്‍വഹിക്കുന്നത്. ഇവയെ പിങ്ക് വാഷിംഗ് കമ്പനികളെന്നു വിളിക്കുന്നു.

മീ ടൂ പോലുള്ള സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടരുന്ന പ്രചാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നത്, ആരോപണങ്ങള്‍ ഉന്നയിച്ച വ്യവസായങ്ങളെ ഇത് ബാധിക്കുമെന്നാണ്. ഇതിന്റെ പ്രത്യാഘാതങ്ങളുടെ സ്വഭാവം വ്യത്യസ്തമായിരിക്കും. ആരോപണവിധേയരായ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ പരസ്യമായി പുറത്താക്കുകയും ആഭ്യന്തരമായി സുരക്ഷിതരാക്കുകയും ചെയ്യുന്ന ദുഷിച്ച കോര്‍പറേറ്റ് സംസ്‌കാരം നിര്‍ബാധം തുടരുവാനാകും സ്ഥാപനങ്ങള്‍ തയാറാകുക.

സമ്പദ്ഘടനയെ ആയുധമാക്കുക

സാമ്പത്തിക ഘടനകളും സംവിധാനങ്ങളും ലൈംഗിക പീഡനത്തെ എങ്ങനെ സഹായിക്കുന്നു എന്നത് മനസിലാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് അവയ്‌ക്കെതിരേയുള്ള പ്രതിപ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും. ഇതിന്റെ ഘടനയെക്കുറിച്ച് അറിഞ്ഞ ശേഷമേ അതിനെ നിരായുധീകരിക്കാനും ഇല്ലാതാക്കാനുമാകുകയുള്ളൂ. ഇതിനായി തൊഴിലിടങ്ങളില്‍ നടക്കുന്ന ആദ്യം ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങളും വിവരശേഖരണവും നടത്തണം. ഇന്ത്യയിലെ തൊഴിലിടങ്ങളിലുണ്ടാകുന്ന ലൈംഗിക പീഡനത്തിന്റെ സാമ്പത്തികകാരണങ്ങളെ സംബന്ധിച്ച വിവരശേഖരം കാലഹരണപ്പെട്ടതോ അപര്യാപ്തമോ ആണ്. 1988 ല്‍ നടന്ന പഠനമാണ് ലൈംഗിക പീഡനത്തിന്റെ സാമ്പത്തിക കാരണങ്ങള്‍ക്ക് ആധാരം.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ അവഗണിച്ചതിലൂടെ വ്യവസായങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥക്കും സംഭവിച്ച പ്രത്യക്ഷവും പരോക്ഷവുമായ സാമ്പത്തിക ചെലവുകളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നഷ്ടപ്പെട്ട തൊഴില്‍ സമയം, ജോലി നിര്‍ത്തിപ്പോയവര്‍, നിയമവ്യവഹാരത്തിനു വേണ്ടി വരുന്ന ചെലവ്, പിഴത്തുകകള്‍, പൊതുജനങ്ങളുടെ കാഴ്ചപ്പാട് എന്നിങ്ങനെ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ കമ്പനികള്‍ക്കേല്‍പ്പിക്കുന്ന നഷ്ടങ്ങള്‍ ബഹുവിധമാണ്. ഈ ചെലവുകളില്‍ ഒരു രൂപയെങ്കിലും ലാഭിക്കുന്നത് ലാഭേച്ഛയുള്ള കമ്പനികളെ പുനര്‍രൂപീകരണത്തെ പ്രോല്‍സാഹിപ്പിക്കും.

രാഷ്ട്രീയവും നിയമപരവുമായ ഇച്ഛാശക്തി ആവശ്യപ്പെടുന്ന പ്രവര്‍ത്തനമാണിത്. കൂടുതല്‍ വിവരസമാഹരണം കോടതിവ്യവഹാരങ്ങളെ സഹായിക്കും. ഇത് നിയമനടപടികളിലൂടെ കടന്നുപോകാന്‍ കഴിയുന്നവര്‍ക്ക് നീതി ഉറപ്പുവരുത്തുന്നു. അടുത്ത ഘട്ടത്തില്‍ സാമൂഹ്യ സുരക്ഷാ വലകളും മറ്റു സംവിധാനങ്ങളും വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നടപടികള്‍ ഉള്‍ക്കൊള്ളിക്കണം. ഇരകള്‍ക്ക് അവരുടെ സാമ്പത്തിക സുസ്ഥിരത നഷ്ടപ്പെടാതെ മുന്നോട്ടു പോകാന്‍ ഇത് പ്രോല്‍സാഹനം നല്‍കും. കമ്പനികളുടെ സാമ്പത്തിക ചെലവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും, സര്‍ക്കാരുകളോട് ഇതു സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിക്കാനും കഴിയും.

അവസാനമായി, പുരോഗമന ചിന്താഗതിയുള്ള കമ്പനികളിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതു പ്രോല്‍സാഹിപ്പിക്കുന്നതിന് സമഗ്രമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത് സുപ്രധാന നടപടിയാകുന്നത് വ്യക്തിപരമായ പ്രവര്‍ത്തനം ഉള്‍ക്കൊള്ളുന്നതുകൊണ്ടു മാത്രമല്ല, കമ്പനികള്‍ സ്വീകരിച്ച യഥാര്‍ത്ഥ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമായി വരുന്നതിനാല്‍ കൂടിയാണ്. ഇതുകൂടാതെ, മേല്‍ത്തട്ടിലുള്ളവരും മധ്യവര്‍ഗ്ഗക്കാരുമായ ആളുകള്‍ക്ക് സ്വയം നല്‍കുന്ന ഒരു ചുവടുവെപ്പാണ്. എന്നിരുന്നാലും കണ്‍സ്യൂമര്‍ ആക്റ്റിവിസം ഏറ്റവും അടിസ്ഥാനപരമായ വ്യക്തിഗത നടപടിയാണ്.

തീര്‍ച്ചയായും ഇത്തരം ധാരാളം നടപടികള്‍ എടുക്കേണ്ടതായിട്ടുണ്ട്. ലൈംഗിക പീഡനത്തെ സഹായിക്കുന്ന ചില സാമ്പത്തിക അസമത്വങ്ങളെ മാത്രം പരാമര്‍ശിക്കുന്നത് പീഡനം ഇതോടെ അവസാനിക്കും എന്ന അര്‍ത്ഥത്തിലല്ല. പച്ചമനുഷ്യര്‍ അപകടകാരികളല്ല, എന്നാല്‍ മാനുഷിക വികാരങ്ങള്‍ ചിലപ്പോഴൊക്കെ അപടകടകരമാകാം. ഇവയെ കൂട്ടിയിണക്കുന്ന ഒരു അക്കാദമിക് സമീപനത്തിലുള്ള മിതാശ്രയത്വം അല്‍പ്പം അപകടകരമാണ്. ആത്യന്തികമായി, ലൈംഗിക പീഡനങ്ങളും മീ ടൂ പ്രസ്ഥാനവും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളുയര്‍ത്തുന്നു.

അധികാരത്തിന്റെ ഘടനകള്‍, സാംസ്‌കാരിക പ്രശ്‌നങ്ങള്‍, മറ്റ് മാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന അവ ദീര്‍ഘവും വേദനാജനകവുമായ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികശാസ്ത്രം ഇന്‍ഡ്യപോലുള്ള ഒരു രാജ്യത്തെ ലൈംഗിക പീഡനം ഒരു വ്യവസ്ഥാപിത പ്രശ്‌നമായി തുടരുന്നത് എന്തുകൊണ്ടാണെന്നത് കണക്കാക്കാനും മനസിലാക്കാനും മാത്രമുള്ള ഒരു ഭൂതക്കണ്ണാടിയല്ല. എന്നിരുന്നാലും, കൂടുതല്‍ പുരോഗതിുയിലേക്കു പോകുന്ന സമൂഹം സാര്‍ത്ഥകമാക്കാന്‍ കൈയില്‍ കിട്ടുന്ന എല്ലാ ഉപകരണങ്ങളും ഉപയോഗിക്കേണ്ടി വരും

ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ, ഇരകള്‍ക്കു പിന്തുണയര്‍പ്പിച്ച് ലോകത്തു തരംഗമായി മാറിയ മീ ടൂ കാംപെയ്‌നിനു തുടക്കമിട്ടത് തരാന ബുര്‍ക്ക് എന്ന സന്നദ്ധ പ്രവര്‍ത്തകയാണ്. ആരും തുറന്നുസമ്മതിക്കില്ലെന്നു വിചാരിച്ച അനുഭവങ്ങള്‍ പ്രമുഖരടക്കം തുറന്നു പറയാന്‍ സന്നദ്ധരായതോടെ ഇത് വലിയ കൊടുങ്കാറ്റായി മാറി. ഒപ്പം പുരുഷാധിപത്യ സമൂഹത്തെ വിറപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പണ്ടെങ്ങോ ചെയ്ത പ്രവൃത്തികളുടെ പേരില്‍പ്പോലും പല പീഡകരും ഭയപ്പെടാന്‍ തുടങ്ങി.

സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളുമാണ് ലൈംഗികാതിക്രമത്തിനു ഇരയായവരില്‍ ഭൂരിഭാഗം. ദുരനുഭവമുണ്ടായ പത്തിലൊന്നു സ്ത്രീകള്‍ക്ക് ജോലിയോ പഠനമോ സ്ഥലമോ ഉപേക്ഷിക്കേണ്ടതായും വന്നു. എന്താണ് ലൈംഗികപീഡനം എന്നതിന്റെ നിര്‍വചനം ഇന്ന് വളരെയധികം മാറിയിരിക്കുന്നു. വാക്കുകളാലോ അല്ലാതെയോ ഭീഷണിപ്പടുത്തുകയോ അസ്വസ്ഥരാക്കുകയോ ചെയ്യുന്ന ഏതു പ്രവര്‍ത്തനവും പീഡനത്തിന്റെ പരിധിയില്‍ വരും. ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തെ പൗരന്മാര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

Comments

comments

Categories: Current Affairs, Slider
Tags: Metoo