കൂടുതല്‍ ഹോട്ടലുകള്‍ തുറക്കാന്‍ മാരിയറ്റ്; 5,000 തൊഴിലുകള്‍ സൃഷ്ടിക്കും

കൂടുതല്‍ ഹോട്ടലുകള്‍ തുറക്കാന്‍ മാരിയറ്റ്; 5,000 തൊഴിലുകള്‍ സൃഷ്ടിക്കും

ഈ വര്‍ഷം അവസാനത്തോടു കൂടി യുഎഇയില്‍ 11 പുതിയ പ്രോപ്പര്‍ട്ടികള്‍ ലോഞ്ച് ചെയ്യുമെന്ന് മാരിയറ്റ്

ദുബായ്: ഈ വര്‍ഷം അവസാനത്തോടു കൂടി 11 പുതിയ പ്രോപ്പര്‍ട്ടികള്‍ ലോഞ്ച് ചെയ്യുമെന്ന് മാരിയറ്റ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനി നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രോപ്പര്‍ട്ടികള്‍ വരുന്നത്. ആറ് പുതിയ പ്രോപ്പര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചെണ്ണം കൂടി ഇതിലേക്ക് ചേര്‍ക്കും. ഇതോടു കൂടി യുഎഇയില്‍ മാരിയറ്റിന് 59 പ്രോപ്പര്‍ട്ടികളും 17,000 റൂമുകളും ആകും. ആറ് എമിറേറ്റുകളിലും കൂടിയുള്ള കണക്കുകളാണിത്.

ഇക്കോ അധിഷ്ഠിതമായ ഇലമന്റ് ഹോട്ടല്‍സ് ബ്രാന്‍ഡ് എഡിഷന്‍ ബ്രാന്‍ഡ് തുടങ്ങിയവയാണ് ഈ വര്‍ഷം കമ്പനി നേരത്തെ പ്രഖ്യാപിച്ച രണ്ട് പുതിയ ബ്രാന്‍ഡുകള്‍. ഇതില്‍ ഇലമന്റ് ഹോട്ടല്‍സ് ബ്രാന്‍ഡ് ദുബായില്‍ ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്തിരുന്നു. എഡിഷന്‍ ബ്രാന്‍ഡ് അധികം താമസിയാതെ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ പ്രോപ്പര്‍ട്ടികള്‍ കൂടി ലോഞ്ച് ചെയ്ത് യുഎഇയിലെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് മാരിയറ്റിന്റെ തീരുമാനം. പുതിയ പദ്ധതികളിലൂടെ ഏകദേശം 5,000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നും മാരിയറ്റ് വിലയിരുത്തുന്നു.

കമ്പനിയെ സംബന്ധിച്ചിടത്തോളം 2018 ഒരു നാഴികക്കല്ലായിരിക്കുമെന്നും 2,600 പുതിയ റൂമുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും മാരിയറ്റ് ഇന്റര്‍നാഷണല്‍ പ്രസിഡന്റും സിഇഒയുമായ അര്‍നെ സൊറെന്‍സണ്‍ പറഞ്ഞു. യുഎഇയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് പിന്തുണ നല്‍കാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Marriot