ജാവ എന്‍ജിന്‍ അനാവരണം ചെയ്തു

ജാവ എന്‍ജിന്‍ അനാവരണം ചെയ്തു

293 സിസി, ഡിഒഎച്ച്‌സി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന ജാവ മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ വിശദാംശങ്ങള്‍ അനാവരണം ചെയ്തു. പുതുതായി വികസിപ്പിച്ച എന്‍ജിന്‍ ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. നിലവില്‍ മഹീന്ദ്ര മോജോ ഉപയോഗിക്കുന്ന 300 സിസി എന്‍ജിന്റെ ബോര്‍, സ്‌ട്രോക്ക് എന്നിവ മാത്രം അതേപോലെ സ്വീകരിച്ചു. 293 സിസി, ഡിഒഎച്ച്‌സി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ മോട്ടോര്‍സൈക്കിളിന് നല്‍കുകയെന്ന് ജാവ മോട്ടോയുടെ മാതൃ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് അറിയിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയാണ് ക്ലാസിക് ലെജന്‍ഡ്‌സ്.

ഇറ്റലിയിലും ഇന്ത്യയിലുമായാണ് എന്‍ജിന്‍ വികസിപ്പിച്ചതെന്ന് പറയുന്നു. 27 എച്ച്പി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഉദാരമായ മിഡ്‌റേഞ്ച്, ഫഌറ്റ് ടോര്‍ക്ക് കര്‍വ് എന്‍ജിന്റെ സവിശേഷതയായിരിക്കും. മാത്രമല്ല ഒറിജിനല്‍ ജാവയുടെ എക്‌സ്‌ഹോസ്റ്റ് നോട്ടുമായി സാമ്യം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധിച്ചതായി ക്ലാസിക് ലെജന്‍ഡ്‌സ് സിഇഒ ആശിഷ് ജോഷി പറഞ്ഞു. പുതിയ മോട്ടോറിന്റെ ഹൈലൈറ്റ് ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറിജിനല്‍ ജാവ എന്‍ജിന്റെ ഡിസൈന്‍ പുന:സൃഷ്ടിക്കുക എന്നതായിരുന്നു ക്ലാസിക് ലെജന്‍ഡ്‌സിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ ക്ലാസിക് ലെജന്‍ഡ്‌സ് വിജയിച്ചുവെന്ന് പറയാം. എന്‍ജിന്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുന്‍കാലങ്ങളിലെ ജാവ മോട്ടോര്‍സൈക്കിളുകളെ അനുസ്മരിക്കുംവിധം റെട്രോ സ്‌റ്റൈലിലായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ വരുന്നത്. ജാവ മോട്ടോര്‍സൈക്കിള്‍ വൈകാതെ അനാവരണം ചെയ്‌തേക്കും. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഒരേ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച മൂന്ന് വേരിയന്റുകള്‍ ഒരേസമയം വിപണിയില്‍ എത്തിച്ചേക്കും.

Comments

comments

Categories: Auto
Tags: Java engine