ആറ് മാസത്തിനു ശേഷം എയര്‍ ഏഷ്യക്ക് നാഥനായി

ആറ് മാസത്തിനു ശേഷം എയര്‍ ഏഷ്യക്ക് നാഥനായി

സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി സുനില്‍ ഭാസ്‌കരന്‍ അടുത്ത മാസം 15 ന് ചുതലയേല്‍ക്കും; ബോര്‍ഡിന്റെ പുനഃസംഘടന വൈകില്ല

മുംബൈ: ടാറ്റാ ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുനില്‍ ഭാസ്‌കരന്‍ എയര്‍ ഏഷ്യ ഇന്ത്യ വിമാനക്കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായി അടുത്ത മാസം 15 ന് ചുതലയേല്‍ക്കും. ടാറ്റ സ്റ്റീലിന്റെ കോര്‍പ്പറേറ്റ് സേവന വിഭാഗം ഉപാധ്യക്ഷനാണ് നിലവില്‍ സുനില്‍ ഭാസ്‌കരന്‍. ഉല്‍പ്പാദനം, കയറ്റുമതി, വാണിജ്യപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. പ്രതിസന്ധിയിലായ എയര്‍ ഏഷ്യ ഇന്ത്യയുടെ തലപ്പത്തേക്ക് ആറ് മാസത്തിന് ശേഷമാണ് നിയമനം നടക്കുന്നത്. സിഇഒയായിരുന്ന അമര്‍ അബ്‌റോള്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനത്തിന് കമ്പനി ശ്രമം തുടങ്ങിയത്. എന്നാല്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ കാരണം സിഇഒ സ്ഥാനത്തേക്ക് പുതിയ നിയമനത്തിന് കാലതാമസം നേരിടുകയായിരുന്നു.

ബോര്‍ഡിനെ പുനഃസംഘടിപ്പിക്കാനുള്ള നടപടിക്രമങ്ങളിലേക്കാണ് കമ്പനി ഇനി ശ്രദ്ധ ചെലുത്തുകയെന്നാണ് സൂചന. എയര്‍ഏഷ്യ ബെര്‍ഹാദിന്റെ ഗ്രൂപ്പ് സിഇഒ ടോണി ഫെര്‍ണാണ്ടസിനും ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ബോ ലിംഗത്തിനും സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനിയുടെ ആഗോള ചീഫ് ടോണി ഫെര്‍ണാണ്ടസ്, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍ വെങ്കടരമണന്‍ എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം നടന്ന് വരികയാണ്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഫെര്‍ണാണ്ടസിനും എയര്‍ഏഷ്യ ഇന്ത്യക്കുമെതിരെ മേയ് മാസത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈസന്‍സ് നേടിയെടുക്കുന്നതിനായി വ്യോമയാന മേഖലയ്ക്ക് വേണ്ടിയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ എയര്‍ലൈന്‍ ജീവനക്കാരും മൂന്നാം കക്ഷികളും ലംഘിച്ചതായി സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ടാറ്റാ സണ്‍സിന്റേയും മലേഷ്യന്‍ കമ്പനിയായ എയര്‍ഏഷ്യ ബെര്‍ഹാദിന്റേയും സംയുക്ത സംരംഭമാണ് എയര്‍ഏഷ്യ ഇന്ത്യ. ഇരു കമ്പനികളും തുല്യമായി 49 ശതമാനം ഓഹരികളും എയര്‍ഏഷ്യയുടെ ചെയര്‍മാന്‍ എസ് രാമദുരൈ 1.5 ശതമാനവും ഡയറക്റ്റര്‍ ആര്‍ വെങ്കടരമണന്‍ 0.5 ശതമാനം ഓഹരികളുമാണ് കൈവശം വെച്ചിരിക്കുന്നത്. അതേസമയം ഏയര്‍ഏഷ്യയുടെ ഭൂരിപക്ഷ ഓഹരി പങ്കാളികളാകുന്നതിന് എസ് രാമദുരൈയുടേയും ആര്‍ വെങ്കടരരമണന്റേയും പക്കലുള്ള ഓഹരികള്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ടാറ്റാ സണ്‍സ്.

Comments

comments

Categories: FK News
Tags: Air asia

Related Articles