ഒമാനില്‍ ഫര്‍ണിച്ചര്‍ വിപ്ലവം തീര്‍ക്കാന്‍ ഐക്കിയ!

ഒമാനില്‍ ഫര്‍ണിച്ചര്‍ വിപ്ലവം തീര്‍ക്കാന്‍ ഐക്കിയ!

സ്വീഡിഷ് ഫര്‍ണിച്ചര്‍ ഭീമന്‍ ഐക്കിയ ഒമാന്‍ ഉള്‍പ്പടെ നിരവധി പുതുവിപണികളിലേക്ക് പ്രവേശിക്കുന്നു. ഇന്ത്യയിലും ബഹ്‌റൈനിലും സ്റ്റോര്‍ തുടങ്ങിയതിന് പിന്നാലെയാണ് ഒമാനിലും പുതിയ സ്റ്റോര്‍ തുറക്കുന്നത്

മസ്‌ക്കറ്റ്: പ്രശസ്ത സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഐക്കിയ ഒമാനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അടുത്തിടെയാണ് ഇന്ത്യയില്‍ ഐക്കിയ ആദ്യ സ്റ്റോര്‍ തുറന്നത്. ഹൈദരാബാദില്‍ തുടങ്ങിയ ഐക്കിയ സ്റ്റോര്‍ തുടക്കത്തില്‍ തന്നെ വന്‍ഹിറ്റായി മാറുകയും ചെയ്തു. ഒരു ഡസനോളം വരുന്ന പുതിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ ഐക്കിയ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഒമാനിലും കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്.

2025 ആകുമ്പോഴേക്കും 3 ബില്ല്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തുകയാണ് ഫര്‍ണിച്ചര്‍ ഭീമന്റെ ലക്ഷ്യം. ഫലബെല്ലയെന്ന പുതിയ ഫ്രാഞ്ചൈസിയിലൂടെ ചിലി, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും ഐക്കിയ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ദക്ഷിണ അമേരിക്കയിലെ വികസന പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഒമാന്‍, മെക്‌സിക്കോ, എസ്‌റ്റോണിയ, യുക്രയ്ന്‍, പ്യൂര്‍ട്ടോ റിക്കോ, ലക്‌സംബര്‍ഗ്, മക്കൗ, ഫിലിപ്പീന്‍സ് തുടങ്ങിയ വിപണികളില്‍ ഐക്കിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമെന്ന് കമ്പനിയുടെ ആഗോള ഫ്രാഞ്ചൈസറും ഐക്കിയ എന്ന ആശയത്തിന്റെ ഉടമസ്ഥാവകാശവും കായാളുന്ന ഇന്റര്‍ ഐകിയ പറഞ്ഞു. ഒമാന്‍ സ്റ്റോറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഐക്കിയ വെളിപ്പെടുത്തിയിട്ടില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 5നാണ് ഐക്കിയ തങ്ങളുടെ ആദ്യ ബഹ്‌റൈന്‍ സ്റ്റോര്‍ തുറന്നത്. ഇന്ത്യയിലെ ഹൈദരാബാദില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഐക്കിയ സ്‌റ്റോര്‍ തുറന്നത്. ഏഴ് ദശലക്ഷം പേര്‍ പ്രതിവര്‍ഷം ഹൈദരാബാദിലെ സ്റ്റോറില്‍ എത്തുമെന്നാണ് ഐക്കിയ കണക്കുകൂട്ടുന്നത്. വമ്പന്‍ വിലക്കുറവിലാണ് ഇവിടെ ഫര്‍ണിച്ചറുകളും ഭക്ഷ്യോല്‍പ്പന്നങ്ങളും എല്ലാം വില്‍ക്കുന്നത്.

സ്‌കാന്‍ഡിനേവിയന്‍ ഭംഗിയില്‍, തീര്‍ത്തും താങ്ങവുന്ന നിരക്കില്‍, സ്വയം അസംബിള്‍ ചെയ്യാവുന്ന ഫര്‍ണിച്ചറുകള്‍ വിപണിയിലെത്തിച്ചാണ് ഐക്കിയ ജനങ്ങളുടെ ഹൃദയം കീഴടക്കിയത്.

2025 ആകുമ്പോഴേക്കും ഏകദേശം 3 ബില്ല്യണ്‍ ഉപഭോക്താക്കളിലേക്ക് ഐക്കിയ ബ്രാന്‍ഡിനെ എത്തിക്കുകയാണ് ലക്ഷ്യം-ഇന്റര്‍ ഐക്കിയ സിഇഒ ടോര്‍ബ്‌ജോണ്‍ ലൂഫ് പറഞ്ഞു. ഐക്കിയ ഉല്‍പ്പന്നങ്ങള്‍ ഷോപ്പ് ചെയ്യുന്നതിന് നൂതനാത്മകമായ മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ അവതരിപ്പിക്കും. ഉള്‍പ്രദേശങ്ങളിലും നഗരങ്ങളിലും സാന്നിധ്യമുണ്ടാകും. ചെറിയ സ്റ്റോറുകള്‍ എന്ന ആശയത്തിനും പ്രാധാന്യം നല്‍കും. എന്നാല്‍ വില തീര്‍ത്തും താങ്ങാവുന്നത് തന്നെയായിരിക്കും-അദ്ദേഹം വ്യക്തമാക്കി.

വിപണനതന്ത്രങ്ങളില്‍ കാര്യമായ മാറ്റങ്ങളാണ് ഐക്കിയ അടുത്തിടെയായി വരുത്തിക്കൊണ്ടിരിക്കുന്നത്. വളരുന്ന വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം ഇ-കൊമേഴ്‌സിലൂടെയും ബിസിനസ് വളര്‍ത്താനാകുമെന്ന് കമ്പനി കരുതുന്നുണ്ട്.

കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന 44.7 ബില്ല്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19 പുതിയ സ്റ്റോറുകളാണ് ഐക്കിയ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി തുറന്നത്.

50ലധികം വിപണികളില്‍ ഐക്കിയ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 957 ദശലക്ഷം പേരാണ് ഈ സ്റ്റോറുകളിലേക്ക് എത്തിയത്. 35ഓളം വിപണികളില്‍ ഇപ്പോള്‍ ഐക്കിയയ്ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്.  ബെല്‍ജിയം, റൊമാനിയ, മലേഷ്യ തുടങ്ങിയിടങ്ങളിലെല്ലാം തന്നെ ഐക്കിയ ഇ-കൊമേഴ്‌സ് സ്‌റ്റോര്‍ ആരംഭിച്ചിട്ടുണ്ട്.

  • 35ഓളം വിപണികളില്‍ ഇപ്പോള്‍ ഐക്കിയയ്ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്
  • കഴഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 957 ദശലക്ഷം പേരാണ് ഐക്കിയ സ്റ്റോറുകളിലേക്ക് എത്തിയത്
  • 50ഓളം വിപണികളില്‍ ഇപ്പോള്‍ ഐക്കിയ പ്രവര്‍ത്തിക്കുന്നുണ്ട്
  • സെപ്റ്റംബര്‍ അഞ്ചിനാണ് ഐക്കിയ ബഹ്‌റൈനില്‍ ആദ്യ സ്റ്റോര്‍ തുറന്നത്
  • വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയാണ് ഐക്കിയ രേഖപ്പെടുത്തുന്നത്

Comments

comments

Categories: Arabia
Tags: Ikea