ഹോണ്ട ‘താങ്ങാവുന്ന’ ഹൈബ്രിഡ് അവതരിപ്പിക്കും

ഹോണ്ട ‘താങ്ങാവുന്ന’ ഹൈബ്രിഡ് അവതരിപ്പിക്കും

സാമാന്യജനങ്ങള്‍ക്കായി താങ്ങാവുന്ന വിലയില്‍ ഹൈബ്രിഡ് കാര്‍ വിപണിയിലെത്തിക്കും

ന്യൂഡെല്‍ഹി : 2021 ഓടെ ഇന്ത്യയില്‍ ആറ് ഓള്‍-ന്യൂ കാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചാണ് ഹോണ്ട ഈ വര്‍ഷം ആരംഭിച്ചത്. ഇവയില്‍ മൂന്നെണ്ണം 2018-19 ല്‍ വിപണിയിലെത്തിക്കുമെന്നും വെളിപ്പെടുത്തിയിരുന്നു. രണ്ടാം തലമുറ അമേസ്, പുതിയ സിആര്‍-വി എന്നിവ അവതരിപ്പിച്ചുകഴിഞ്ഞു. ഹോണ്ട സിവിക് വൈകാതെ വരും. മറ്റ് മൂന്ന് മോഡലുകളിലൊന്ന് ഹൈബ്രിഡ് കാര്‍ ആയിരിക്കുമെന്നാണ് ഹോണ്ട ഇപ്പോള്‍ സ്ഥിരീകരിച്ചത്.

2021 ഓടെ സാമാന്യജനങ്ങള്‍ക്കായി താങ്ങാവുന്ന വിലയില്‍ ഹൈബ്രിഡ് കാര്‍ വിപണിയിലെത്തിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗാകു നകാനിഷി പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. 43.21 ലക്ഷം രൂപ വില വരുന്ന അക്കോര്‍ഡ് ഹൈബ്രിഡ് പോലെ വിലയുള്ള ഒന്നാകില്ല പുതിയ ഹൈബ്രിഡ് മോഡലെന്ന് അദ്ദേഹം വ്യക്തമാക്കി. സിആര്‍-വി ഹ്രൈബിഡ് ആയിരിക്കില്ല അവതരിപ്പിക്കുകയെന്നും ഗാകു നകാനിഷി പറഞ്ഞു. ഉല്‍പ്പാദനത്തിന് തയ്യാറായ ഹോണ്ട സിആര്‍-വി ഹ്രൈബിഡ് ഈയിടെ പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഏറ്റവും കൂടുതലായി വിറ്റുപോകുന്ന ഹോണ്ട കാറുകളിലൊന്ന് അടിസ്ഥാനമാക്കിയായിരിക്കും ഹൈബ്രിഡ് മോഡല്‍ വികസിപ്പിക്കുന്നത്. നെക്സ്റ്റ്-ജെന്‍ ജാസ്, ഓള്‍-ന്യൂ സിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഹോണ്ട. യഥാക്രമം 2019 അവസാനത്തിലും 2020 ലും വിപണിയിലെത്തുന്ന ഈ രണ്ട് മോഡലുകളിലും ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ ഓപ്ഷന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയിലൊന്നായിരിക്കും ഇന്ത്യയിലെത്തുന്നത്.

Comments

comments

Categories: Auto
Tags: Hybrid car