മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീന്‍ വരെ വിലകൂടും

മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീന്‍ വരെ വിലകൂടും

ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രാലയം 19 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ മൊബീല്‍ ഫോണ്‍ മുതല്‍ വാഷിംഗ് മെഷീനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ കേന്ദ്ര ധനമന്ത്രാലയം വര്‍ധിപ്പിച്ചത്.

മൊബീല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. ബേസ് സ്റ്റേഷന്‍സ്, ഒപ്റ്റിക്കല്‍ ട്രാന്‍സ്‌പോര്‍ട് എക്വിപ്‌മെന്റ്‌സ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് തുടങ്ങിയവയുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.

എസിക്കും റഫ്രിജറേറ്ററിനും നിലവിലുള്ള 10 ശതമാനം തീരുവയില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. വേനല്‍ സീസണ്‍ കഴിഞ്ഞതിനാല്‍ എസിയുടെ വിലയില്‍ ഉടനെ വര്‍ധന പ്രതിഫലിക്കില്ല. 10 കിലോഗ്രാം കപ്പാസിറ്റിക്കുതാഴെയുള്ള വാഷിങ് മെഷീനുകളുടെ തീരുവ 10 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് അഞ്ച് ശതമാനം ലെവി ഏര്‍പ്പെടുത്തി. ഇത് യാത്രനിരക്ക് വര്‍ധിക്കാനിടയാക്കും. സ്വര്‍ണം ഉള്‍പ്പടെ വിലകൂടിയ ലോഹങ്ങള്‍ക്കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ തീരുവ 15 ശതമാനനത്തില്‍നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചു. ഇത് സ്വര്‍ണവില കൂടാന്‍ ഇടയാകും.

ഷവര്‍ ബാത്ത്, സിങ്ക്, വാഷ് ബെയ്‌സന്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ 10ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വര്‍ധിപ്പിച്ചത്. പായ്ക്കിങ് കെയ്‌സുകള്‍, ബോക്‌സുകള്‍, കണ്ടെയ്‌നറുകള്‍, ബോട്ടിലുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10ല്‍നിന്ന് 15ശതമാനമായി വര്‍ധിപ്പിച്ചു. പ്ലാസ്റ്റിക്കുകൊണ്ടുനിര്‍മിച്ച അടുക്കള ഉപകരണങ്ങള്‍, ഓഫീസ് സ്റ്റേഷനറി, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുടെ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ട്രങ്ക്‌സ്, സ്യൂട്ട് കെയ്‌സുകള്‍, എക്‌സിക്യുട്ടീവ് കെയ്‌സുകള്‍, ബ്രീഫ് കെയ്‌സുകള്‍, ട്രാവല്‍ ബാഗ് തുടങ്ങിയവയുടെ തീരുവ 10ല്‍നിന്ന് 15 ശതമാനമായി വര്‍ധിക്കും. അതേസമയം 2017 18 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യ 87,000 കോടി രൂപയുടെ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 2 .8 ശതമാനം മാത്രമേ ഇത് വരൂ. അതുകൊണ്ട് ഇപ്പോഴത്തെ തീരുവ വര്‍ധന കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Comments

comments

Categories: Current Affairs
Tags: import duty