ഡാറ്റ സുരക്ഷ കോര്‍പ്പറേറ്റ് ലോകത്തിന് വന്‍തലവേദന

ഡാറ്റ സുരക്ഷ കോര്‍പ്പറേറ്റ് ലോകത്തിന് വന്‍തലവേദന

ബിസിനസില്‍ ബില്ല്യണ്‍കണക്കിന് ഡോളറിന്റെ നഷ്ടം വരുത്താന്‍ ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വഴിവെച്ചേക്കുമെന്ന് സര്‍വേ

ദുബായ്: ഡാറ്റ സുരക്ഷയും സ്വകാര്യത സംബന്ധിച്ച പ്രശ്‌നങ്ങളും കോര്‍പ്പറേറ്റ് ലോകത്തിന് വലിയ തലവേദനയാകുന്നതായി സര്‍വേ. വന്‍കിട സ്ഥാപനങ്ങളിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ക്കും മറ്റ് മുതിര്‍ന്ന ധനകാര്യ എക്‌സിക്യൂട്ടിവുകള്‍ക്കും ഡാറ്റ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍ഗണന ആയി മാറുന്നുണ്ടെന്ന് സര്‍വേ പറയുന്നു. ഡാറ്റയുടെ സുരക്ഷയെയും സ്വകാര്യതാ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ഏറ്റവും ഗൗരവത്തിലെടുക്കുന്നത് ധനകാര്യ സ്ഥാപനങ്ങളാണ്.

വിവരം ചോര്‍ത്തല്‍ സംഭവങ്ങളിലൂടെ കമ്പനികള്‍ക്ക് വന്‍തോതില്‍ നഷ്ടം സംഭവിക്കുമെന്നതാണ് സിഎഫ്ഒമാര്‍ക്ക് തലവേദനയാകുന്നത്.

ഡാറ്റ സുരക്ഷിതമല്ലാതാകുമ്പോള്‍ ബില്ല്യണ്‍കണക്കിന് ഡോളറിന്റെ നഷ്ടം ബിസിനസില്‍ ഉണ്ടാകും. അതിനുപുറമെ കമ്പനിയുടെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും അത് ബാധിക്കും. ഇതാണ് ബിസിനസുകളുടെ തലപ്പത്തിരിക്കുന്നവരെ ഇരുത്തിചിന്തിപ്പിക്കുന്നത്.

ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ പ്രോട്ടിവിറ്റിയാണ് സര്‍വേ നടത്തിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ധനകാര്യവിഭാഗത്തെ നയിക്കുന്ന പ്രൊഫഷണലുകളുടെ മുന്‍ഗണനകളില്‍ സമഗ്രമാറ്റം സംഭവിക്കുന്നതിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നികുതി സംബന്ധമായ വിഷയങ്ങളും മറ്റ് നിയമപരമായ നൂലാമാലകളും എല്ലാമായിരുന്നു കുറച്ചുകാലം മുമ്പ് വരെ ഫിനാന്‍സ് ഉദ്യോഗസ്ഥരുടെ തലവേദന. എന്നാല്‍ ആ സ്ഥാനത്ത് ഇന്ന് ഡാറ്റയും സുരക്ഷ വീഴ്ച്ചയും വിവരം ചോര്‍ത്തല്‍ വിഷയങ്ങളും എല്ലാമായി മാറി.

പ്രകാരം ഡാറ്റ മോഷണം, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയുടെ പേരില്‍ 2017ല്‍ മാത്രം ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നഷ്ടമായത് 957 ദശലക്ഷം ഡോളറാണെന്ന് ഇന്‍ഫര്‍മേഷന്‍ ഏജ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് ധനകാര്യസ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനൊപ്പം തന്നെ ഇത്തരം സംഭവങ്ങള്‍ ബാങ്കുകളുടെ നഷ്ടകണക്കുകള്‍ പെരുപ്പിക്കുന്നതിനും കാരണമാകും. ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും പല ധനകാര്യസ്ഥാപനങ്ങളും സാമ്പത്തിക തട്ടിപ്പിന് വിധേയമാകുന്നുമുണ്ട്.

സര്‍വേയില്‍ പങ്കെടുത്ത സിഎഫ്ഒമാരില്‍ 75 ശതമാനവും അഭിപ്രായപ്പെട്ടത് ഡാറ്റസുരക്ഷയും ഡാറ്റയുടെ സ്വകാര്യതയുമാണ് ഇപ്പോള്‍ അവര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയങ്ങള്‍ എന്നാണ്. ആഗോളതലത്തിലുള്ള കമ്പനികളുടെ കാര്യവും ഇതുപോലെ തന്നെയാണ്. 10 ബില്ല്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള ആഗോള കമ്പനികളില്‍ 84 ശതമാനവും അഭിപ്രായപ്പെടുന്നത് ഡാറ്റയുടെ സുരക്ഷയാണ് അവരുടെ ഏറ്റവും പ്രധാന വിഷയം എന്നാണ്. സര്‍വേയില്‍ പങ്കെടുത്ത 20 ബില്ല്യണ്‍ ഡോളറിലധികം വിറ്റുവരവുള്ള കോര്‍പ്പറേറ്റുകളില്‍ 84 ശതമാനവും രേഖപ്പെടുത്തിയത് സമാന അഭിപ്രായം തന്നെ.

ഹാക്കര്‍മാരെക്കാളും സൈബര്‍ ക്രിമിനലുകളെക്കാളും ഒരു പടി മുന്നില്‍ നില്‍ക്കാന്‍ കമ്പനികള്‍ക്കാകണം. കാരണം അത്ര വേഗത്തിലാണ് വിവരം ചോര്‍ത്തല്‍ കേസുകളുടെ എണ്ണം കൂടുന്നത്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യവുമായി പല വിഭവങ്ങളും പങ്കിടുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം റിസ്‌ക്ക് കൂടുതലാണ്-അക്‌സോ നൊബേല്‍ ഇന്ത്യയുടെ സിഎഫ്ഒ ആര്‍ ഗുഹ പറഞ്ഞു.

ബിസിനസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയമായി ഡാറ്റ സെക്യൂരിറ്റി ഇന്ന് മാറി. സാങ്കേതികവിദ്യ അതിവേഗത്തിലുള്ള വളര്‍ച്ച കൈവരിക്കുമ്പോള്‍ ഡാറ്റയുടെ സുരക്ഷിതത്വത്തിന് പഴയ വഴികളെ മാത്രം ആശ്രയിച്ചാല്‍ മതിയാകില്ല.

യുഎഇ എക്‌സിക്യൂട്ടിവുകളെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആശങ്കകള്‍ സൈബര്‍ സുരക്ഷയും സാമ്പത്തിക പ്രശ്‌നങ്ങളുമാണെന്ന് ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ടിലും വിശദമാക്കിയിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ കൂടുമെന്നാണ് അഭിപ്രായപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായി ദുബായ് പോലുള്ള എമിറേറ്റുകളില്‍ വമ്പന്‍ പരിവര്‍ത്തനങ്ങളാണ് പദ്ധതിയിടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ഭീഷണി കൂടുന്നതിനെ പ്രതിരോധിക്കാന്‍ യുഎഇ സജ്ജമാകേണ്ടതുണ്ടെന്നും വിലയിരുത്തലുണ്ട്.

3.72 ദശലക്ഷം ഉപഭോക്താക്കള്‍ പോയ വര്‍ഷം സൈബര്‍ ക്രൈമിന്റെ ഇരയായിട്ടുണ്ടെന്നാണ് നോര്‍ട്ടണ്‍ സിമന്‍ടെക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ അവര്‍ക്ക് നഷ്ടം വന്നത് ഏകദേശം ഒരു ബില്ല്യണ്‍ ഡോളറാണ്.

Comments

comments

Categories: Tech