കൊഗ്നിസെന്റ് 200 മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിട്ടു

കൊഗ്നിസെന്റ് 200 മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിട്ടു

പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് കമ്പനിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം

ബെംഗളൂരു: ഈ വര്‍ഷം ഡയറക്റ്റര്‍ തലത്തിലും അതിനു മുകളിലുമുള്ള തസ്തികകളിലെ 200 ഓളം മുതിര്‍ന്ന ജീവനക്കാരെ അമേരിക്കന്‍ ഐടി സര്‍വീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍ കമ്പനിയായ കൊഗ്നിസെന്റ് ടെക്‌നോളജി സൊല്യൂഷന്‍സ്(സിടിഎസ്) പിരിച്ചുവിട്ടു. മൂന്ന്-നാല് മാസത്തെ ശമ്പളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. പുതിയ ഡിജിറ്റല്‍ ആവശ്യകതയിലേക്കായി നൈപുണ്യമുള്ളവരെ ഏകോപിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഈ വര്‍ഷത്തെ ബാക്കി കാലയളവില്‍ വേതന ചെലവ് ഇതിലൂടെ ഏകദേശം 35 മില്യണ്‍ ഡോളര്‍ കുറയ്ക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
തങ്ങളുടെ തുടര്‍ന്നുള്ള മാനേജ്‌മെന്റ് തന്ത്രങ്ങളുടെ ഭാഗമായി ക്ലൈന്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ബിസിനസ് ലക്ഷ്യങ്ങള്‍ നേടുന്നതിനും ജീവനക്കാരുടെ ശരിയായ തൊഴില്‍ വൈദഗ്ധ്യം ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പുതിയ സാങ്കേതിക വിദ്യയുമായി ഒത്തുചേരാന്‍ തയാറല്ലാത്തവരോ അവ സ്വായത്തമാക്കാന്‍ കഴിയാത്തവരോ ആണ്് പുറത്തുപോയത്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി മറ്റ് മാറ്റങ്ങളും കമ്പനിയില്‍ വരുത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലുമുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കമ്പനിയുടെ എല്ലാ മേഖലകളിലേക്കും നിയമനം നടത്താനും കമ്പനി ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റില്‍ ഒഴിവാക്കല്‍ പക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കമ്പനി ജീവനക്കാര്‍ക്കായി വോളന്ററി സെപ്പറേഷന്‍ സ്‌കീം നടപ്പാക്കിയിരുന്നു. ഉയര്‍ന്ന തസ്തികയിലുള്ള 400 ജീവനക്കാരാണ് അതിനോട് സഹകരിച്ചത്. മൊത്തത്തില്‍ കമ്പനിയുടെ തൊഴില്‍ശക്തി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷാവസാനത്തില്‍ ആഗോള ക്ലൗഡ് തൊഴില്‍ശക്തിയില്‍ 20,000 ജീവനക്കാരെ കൂട്ടിച്ചേര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊഗ്നിസെന്റ് സിഇഒ ഫ്രാന്‍സിസ്‌കോ ഡി സൂസ പറഞ്ഞു.
അതേസമയം, ഉഭയകക്ഷി സമ്മത പ്രകാരമുള്ള പുറത്താക്കല്‍ കരാറില്‍ ഒപ്പുവെക്കാന്‍ ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടതായി പുറത്താക്കല്‍ നടപടി നേരിട്ട ജീവനക്കാര്‍ പറയുന്നു. കമ്പനിക്കെതിരെയോ ഡയറക്റ്റര്‍മാര്‍ക്കോ, മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയോ നിയമനടപടികള്‍ പുറത്താക്കപ്പെട്ട ജീവനക്കാര്‍ സ്വീകരിക്കാതിരിക്കാനാണ് ഇത്. കരാറില്‍ ഒപ്പുവെച്ചാല്‍ സ്വമേധയാ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോകുന്നതായാണ് കണക്കാക്കുക. പിരിഞ്ഞുപോയ ജീവനക്കാരെല്ലാം കരാറില്‍ ഒപ്പുവെക്കാന്‍ തയാറായിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Cognizent