ചൈനയുടെ പ്രതിസന്ധി

ചൈനയുടെ പ്രതിസന്ധി

വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി യോജിച്ചുപോകേണ്ടത് അനിവാര്യമാണെന്നുള്ള നിലപാട് ചൈന ആവര്‍ത്തിക്കുകയാണ്. വളര്‍ച്ചാനിരക്ക് പ്രതിസന്ധിയിലായിരിക്കുന്ന ചൈനയുടെ പുതിയ തന്ത്രത്തെ കരുതലോടെ വേണം ഇന്ത്യ നോക്കിക്കാണാന്‍

ആഫ്രിക്കയെ ഉപയോഗപ്പെടുത്തി ലോകത്തിന്റെ ചക്രവര്‍ത്തിയാകാനുള്ള തീവ്രശ്രമത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എങ്കിലും അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ചൈനയെ തളര്‍ത്തുന്നുണ്ട്. ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നാള്‍ക്ക് നാള്‍ കൂടുതല്‍ രൂക്ഷമാകുന്ന മട്ടിലാണ് കാര്യങ്ങള്‍. ഈ വ്യാപാരയുദ്ധത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശ്യം ഇതുവരെ അനാവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ചൈനയെ അത് ബാധിച്ചുതുടങ്ങിയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ ചൈന തങ്ങളുടെ വിദേശ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്. വ്യാപാരരംഗത്ത് അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യയും ചൈനയും തമ്മില്‍ ആഴത്തിലുള്ള സഹകരണം വേണമെന്നാണ് കഴിഞ്ഞ ദിവസം ചൈനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞത്. ഇതിന് മുമ്പ് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഇന്ത്യാ-ചൈന സഹകരണം ശക്തമാക്കണമെന്ന ആവശ്യം ചൈന പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിച്ചിരുന്നു. യുഎസുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെയായിരുന്നു അത്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരവ അമേരിക്ക വന്‍തോതില്‍ വര്‍ധിപ്പിച്ചതോടെ വ്യാപാര പ്രതിസന്ധിയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതിനൊപ്പം ചൈനയുടെ വളര്‍ച്ചാ നിരക്കിന്റെ കാര്യത്തിലും ആശങ്കയുണര്‍ത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ചൈനയുടെ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കായി ഐഎംഎഫ് പുറത്തുവിട്ടിരിക്കുന്നത് 6.6 ശതമാനമാണ്. ഇത് 2019ല്‍ വീണ്ടും കുറഞ്ഞ് 6.2 ശതമാനത്തിലേക്ക് എത്തുമെന്നും ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

വളര്‍ച്ചാനിരക്കിലെ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും വ്യാപാര യുദ്ധം തന്നെയാണ്. അതേസമയം ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി തുടരുകയും ചെയ്യും. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചൈന, ഇന്ത്യയുമായുള്ള ചങ്ങാത്തം അതിശക്തമാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇന്ത്യാ വിരുദ്ധത ചൈനയുടെ തനത് നയങ്ങളില്‍ തന്നെ പതിഞ്ഞിരിക്കുന്നതിനാല്‍ പുതിയ നയം മാറ്റത്തെ അല്‍പ്പം സംശയദൃഷ്ടിയോടെയും കരുതലോടെയും തന്നെ വേണം ഇവിടുത്തെ സര്‍ക്കാര്‍ നോക്കിക്കാണാന്‍.

Comments

comments

Categories: Editorial, Slider