അപ്പോളോ പ്രൊമോട്ടര്‍മാരുടെ പ്രതിഫലം കൂടി

അപ്പോളോ പ്രൊമോട്ടര്‍മാരുടെ പ്രതിഫലം കൂടി

രാജ്യത്തെ രണ്ടാമത്തെ വലിയ ടയര്‍ കമ്പനിയായ അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ പ്രമോട്ടര്‍മാരായ ഓംകാര്‍ സിംഗ് കന്‍വാര്‍, മകന്‍ നീരജ് കന്‍വാര്‍ എന്നിവരുടെ ശമ്പളത്തില്‍ വന്‍ വര്‍ധനവ്. കമ്പനിയുടെ ലാഭം ഇടിഞ്ഞെങ്കിലും പ്രമോട്ടര്‍മാര്‍ക്ക് ഉയര്‍ന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും വൈസ് ചെയര്‍മാനുമായ നീരജ് കന്‍വാറിന്റെ ശമ്പളം 42 ശതമാനം വര്‍ധിച്ച് 42.75 കോടി രൂപയിലെത്തി. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 34 ശതമാനത്തോളം ഇടിഞ്ഞ് 724 കോടിയിലെത്തിയിരുന്നു. എന്നാല്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ 14,674 കോടി രൂപയെന്ന തങ്ങളുടെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് അപ്പോളോ നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 0.16 ശതമാനം എന്ന നേരിയ വര്‍ധനയാണ് അപ്പോളോ ടയേസ് ചെയര്‍മാന്‍ ഓംകാര്‍ കന്‍വാറിന്റെ ശമ്പളത്തിലുണ്ടായത്. 45 കോടി രൂപയോളമാണ് അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ മല്‍സരക്ഷമതയുയര്‍ത്താന്‍ കൈക്കൊണ്ട സുപ്രധാന നടപടികള്‍ പരിഗണിച്ചാണ് നീരജ് കന്‍വാറിന്റെ ശമ്പള വര്‍ധനക്ക് അനുമതി നല്‍കിയതെന്ന് അപ്പോളോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അപ്പോളോയുടെ ഹംഗറി പ്ലാന്റ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് ഈ സമയത്താണ്. കൂടാതെ കമ്പനിയുടെ ചെന്നൈ പ്ലാന്റിന്റെ ശേഷി 50 ശതമാനം വര്‍ധിക്കുകയും ചെയ്തു. ആന്ധ്രാ പ്രദേശില്‍ ഫാക്റ്ററി ആരംഭിക്കുന്നതിന് 3,800 കോടി രൂപയുടെ നിക്ഷേപത്തിനും കമ്പനി പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബര്‍ 12ന് ചേര്‍ന്ന അപ്പോളോയുടെ വാര്‍ഷിക പൊതുയോഗത്തില്‍, ഉയര്‍ന്ന ശമ്പളവും പരിമിതമായ സാമ്പത്തിക പ്രകടനവും ചൂണ്ടിക്കാണിച്ചുകൊണ്ട് നീരജിന്റെ മാനേജിംഗ് ഡയറക്റ്ററായുള്ള പുനര്‍നിയമനത്തെ ന്യൂനപക്ഷ ഓഹരിയുടമകള്‍ എതിര്‍ത്തിരുന്നു.

Comments

comments

Categories: Business & Economy
Tags: Appollo

Related Articles