വിമാന ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ 11 ശതമാനമാക്കി കുറച്ചു

വിമാന ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ 11 ശതമാനമാക്കി കുറച്ചു

2014 മാര്‍ച്ചിലാണ് എടിഎഫിന്റെ എക്‌സൈസ് തീരുവ സര്‍ക്കാര്‍ എട്ട് ശതമാനത്തില്‍ നിന്നും 14 ശതമാനമാക്കി ഉയര്‍ത്തിയത്

ന്യൂഡെല്‍ഹി: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ വിമാന ഇന്ധനത്തിനും കേന്ദ്രസര്‍ക്കാര്‍ തീരുവ കുറച്ചു. 14 ശതമാനത്തില്‍ നിന്നും 11 ശതമാനമാക്കിയാണ് തീരുവ കുറച്ചത്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നീക്കം. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എടിഎഫ്) തീരുവ പൊതു താല്‍പ്പര്യം പരിഗണിച്ച് 11 ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്ന് ധനകാര്യ മന്ത്രാലയത്തിലെ റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നലെ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ഉയര്‍ന്ന ഇന്ധന ചെലവുകളും രൂപയുടെ മൂല്യതകര്‍ച്ചയും മൂലം പ്രതിസന്ധിയിലായ വിമാനക്കമ്പനികള്‍ക്ക് ഈ നീക്കം ആശ്വാസകരമാകും. ഇന്ത്യയില്‍ ഒരു വിമാനക്കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ചെലവിന്റെ 35-40 ശതമാനമാണ് എടിഎഫ് ചെലവ്. കറന്റ് എക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 ന് എടിഎഫിന്റെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു. 18 മറ്റ് ഇനങ്ങളുടെ ഇറക്കുമതി തീരുവയും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

നേരത്തെ, 2014 മാര്‍ച്ചിലാണ് എടിഎഫിന്റെ എക്‌സൈസ് തീരുവ സര്‍ക്കാര്‍ എട്ട് ശതമാനത്തില്‍ നിന്നും 14 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. അന്ന് ബാരലിന് 36 ഡോളറായി ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോഴും തീരുവയില്‍ മാറ്റമുണ്ടായില്ല. ഇപ്പോള്‍ ബാരലിന് 83 ഡോളറിനു മുകളില്‍ ക്രൂഡ് വില എത്തിയ ഘട്ടത്തിലാണ് തീരുവ കുറയ്ക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മിക്ക കമ്പനികളും നഷ്ടം നേരിട്ടതായാണ് കണക്കുകള്‍.

Comments

comments

Categories: Current Affairs