ഏഴ് ബൈക്കുകള്‍ പുറത്തിറക്കി; മോട്ടോറൊയാലിന് പുതിയ ശുഭാരംഭം

ഏഴ് ബൈക്കുകള്‍ പുറത്തിറക്കി; മോട്ടോറൊയാലിന് പുതിയ ശുഭാരംഭം

എസ്ഡബ്ല്യുഎം, എഫ്ബി മോണ്ടിയാല്‍, ഹ്യോസങ് എന്നീ ബ്രാന്‍ഡുകളുമായി കൈനറ്റിക് ഗ്രൂപ്പ് പങ്കാളിത്തം സ്ഥാപിച്ചു

ന്യൂഡെല്‍ഹി : കൈനറ്റിക് മോട്ടോറൊയാല്‍ ഇന്ത്യന്‍ വിപണിയില്‍ ഒരേസമയം ഏഴ് ബൈക്കുകള്‍ പുറത്തിറക്കി. പുണെ ആസ്ഥാനമായ കൈനറ്റിക് ഗ്രൂപ്പിന്റെ മള്‍ട്ടി ബ്രാന്‍ഡ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പന സംരംഭമാണ് മോട്ടോറൊയാല്‍. 300 സിസി മുതല്‍ 1000 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇറ്റാലിയന്‍ കമ്പനികളായ എസ്ഡബ്ല്യുഎം, എഫ്ബി മോണ്ടിയാല്‍, ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യോസങ് എന്നിവയുമായി കൈനറ്റിക് ഗ്രൂപ്പ് പുതുതായി പങ്കാളിത്തം സ്ഥാപിച്ചു.

ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ എംവി അഗസ്റ്റ, ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് എന്നിവയുമായി കൈനറ്റിക് ഗ്രൂപ്പ് നേരത്തെ സഹകരണം ആരംഭിച്ചിരുന്നു. ഇതോടെ കൈനറ്റിക് ഗ്രൂപ്പ് പങ്കാളിത്തം സ്ഥാപിച്ച മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളുടെ എണ്ണം അഞ്ചായി വര്‍ധിച്ചു. ഹ്യോസങ് നേരത്തെ ഇന്ത്യയില്‍ ഡിഎസ്‌കെ ഗ്രൂപ്പുമായി പ്രവര്‍ത്തിച്ചിരുന്നു. തുടക്കത്തില്‍ ഇന്ത്യയിലെ ആറ് മെട്രോ നഗരങ്ങളില്‍ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കാനാണ് മോട്ടോറൊയാല്‍ തീരുമാനം.

ബ്രുട്ടാലെ 800 ആര്‍ആര്‍ മോട്ടോര്‍സൈക്കിളാണ് എംവി അഗസ്റ്റ വിപണിയിലെത്തിച്ചത്. 18.99 ലക്ഷം രൂപയാണ് വില. അതേസമയം നോര്‍ട്ടണ്‍ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. കമാന്‍ഡോ 961 സ്‌പോര്‍ട് എംകെ2 (20.99 ലക്ഷം), ഡോമിനേറ്റര്‍ (23.70 ലക്ഷം) എന്നിവയാണ് അവതരിപ്പിച്ചത്. എസ്ഡബ്ല്യുഎം രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. സൂപ്പര്‍ഡുവല്‍ ടി ബേസ് (6.80 ലക്ഷം), സൂപ്പര്‍ഡുവല്‍ ടി (7.30 ലക്ഷം) എന്നിവ. ഹിപ്സ്റ്റര്‍ 300 മോട്ടോര്‍സൈക്കിളാണ് എഫ്ബി മോണ്ടിയാല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 3.37 ലക്ഷം രൂപയാണ് വില. ജിടി 250 ആര്‍സി (3.39 ലക്ഷം), അക്വില 650 ക്രൂസര്‍ (5.55 ലക്ഷം) എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഹ്യോസങ് അവതരിപ്പിച്ചു. എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: Motorail