ആഗോള പിസി ചരക്കുനീക്കം 67.7 മില്യണ്‍ യൂണിറ്റ് വളര്‍ച്ച നേടി

ആഗോള പിസി ചരക്കുനീക്കം 67.7 മില്യണ്‍ യൂണിറ്റ് വളര്‍ച്ച നേടി

ചൈനീസ് കംപ്യൂട്ടര്‍ നിര്‍മാണ കമ്പനി ലെനോവോ ആണ് ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ആഗോള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ചരക്കുനീക്കം 2018 മൂന്നാം പാദത്തില്‍ 67.2 മില്യണ്‍ യൂണിറ്റായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ നിന്നും 0.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഗവേഷക കമ്പനിയായ ഗാര്‍ട്ണര്‍ വ്യക്തമാക്കി. ആഗോള പിസി വിപണിയില്‍ ചൈനീസ് കംപ്യൂട്ടര്‍ നിര്‍മാണ കമ്പനി ലെനോവോ ആണ് ഒന്നാം സ്ഥാനത്ത്. എച്ച്പി ഇന്‍കാണ് രണ്ടാം സ്ഥാനത്ത്.
ലെനോവോ 10.7 ശതമാനം വളര്‍ച്ച ചരക്കുനീക്കത്തില്‍ കൈവരിച്ചു. വിപണിയില്‍ ലെനോവോ ശക്തമായ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയും ഫ്യുജിറ്റ്‌സുവുമായുള്ള സംയുക്ത സംരംഭം ശക്തിപ്പെടുത്തുകയും ചെയ്തു. എച്ച്പി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും തുടര്‍ച്ചയായ നാലാം പാദത്തിലും വളര്‍ച്ച നേടാനായി. ഡെസ്‌ക്ടോപ്പ് കയറ്റുമതിയിലാണ് എച്ച്പി വളര്‍ച്ച ശക്തിപ്പെടുത്തിയിരിക്കുന്നതെന്ന് ഗാര്‍ട്ണര്‍ നിരീക്ഷിച്ചു. കോര്‍പ്പറേറ്റ് ബയര്‍മാരില്‍ നിന്നും വര്‍ധിച്ച ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക( ഇഎംഇഎ), ഏഷ്യാ പസഫിക്, ജപ്പാന്‍ വിപണികളില്‍ മൂന്നാം പാദത്തില്‍ പിസി ഷിപ്പ്‌മെന്റ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ യുഎസ്, ലാറ്റിന്‍ അമേരിക്ക എന്നിവടങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വിന്‍ഡോസ് 10 ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡോടു കൂടി വിപണിയില്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകളുടെ ആവശ്യകത വര്‍ധിക്കുകയാണെന്നാണ് ഗാര്‍ട്ണര്‍ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് മിക്കാകോ കിറ്റാഗവ പറയുന്നത്. വിന്‍ഡോസ് 10 അപ്‌ഗ്രേഡ് 2020 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 5.3 ശതമാനം വളര്‍ച്ച കൈവരിച്ച ഡെല്‍ കമ്പനിയാണ് മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചായ പത്താമത്തെ പാദത്തിലാണ് ഡെല്‍ വളര്‍ച്ച നിലനിര്‍ത്തുന്നത്.  ഏഷ്യാ-പസഫിക് മേഖലയില്‍ മൊത്തം 24.3 മില്യണ്‍ യൂണിറ്റ് പിസി കയറ്റുമതിയാണ് നടന്നത്. 2017 മൂന്നാം പാദത്തില്‍ നിന്നും 0.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍ കഴിഞ്ഞ കുറച്ചുനാളുകളായുള്ള ഇടിവില്‍ നിന്നും കയറ്റുമതി 0.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സര്‍ഫെയ്‌സ് ഡിവൈസ് വിഭാഗത്തില്‍ പിസി നിര്‍മാതാക്കളായ മൈക്രോസോഫ്റ്റ് യുഎസില്‍ ആദ്യമായി മുന്നേറ്റം കുറിച്ചു. 30.7 ശതമാനം വിപണിവിഹിതത്തോടെ എച്ച്പി ഇന്‍ക് യുഎസിലെ വിപണി നേതൃത്വം നിലനിര്‍ത്തി.

Comments

comments

Categories: Business & Economy
Tags: Export, PC