സാങ്കേതിക വിദ്യയുടെ നൂതനവും അതിദ്രുതവുമായ മുന്നേറ്റത്തില്‍ പെട്ട ലോകരാജ്യങ്ങളെല്ലാം സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതിവൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയുടെ ആവശ്യം വര്‍ധിക്കുന്നതിനൊപ്പം തൊഴില്‍ മേഖലയുടെ സ്വഭാവത്തില്‍ ഘടനാപരമായ മാറ്റങ്ങളും സംഭവിക്കുന്നു. പരിവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്ന തൊഴില്‍ ശക്തിയെയാണ് നമുക്ക് ആവശ്യം. ഇത് വാര്‍ത്തെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ ഉടച്ചുവാര്‍ക്കലുകള്‍ നടത്തേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍.
കൃത്രിമബുദ്ധി, മെഷീന് ലേണിംഗ്, അഡ്വാന്‍സ്ഡ് റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, 3ഡി പ്രിന്റിംഗ് തുടങ്ങിയ പുത്തന്‍ സാങ്കേതികവിദ്യകളുടെ വിശാലമായ ശ്രേണിയിലൂടെ കരുത്താര്‍ജിച്ച ലോകം നാലാം വ്യാവസായിക വിപ്ലവത്തിന്റെ തൊട്ടരകിലാണ് ഇന്ന് നില്‍ക്കുന്നത്. ആവര്‍ത്തിച്ച് ഒരേ തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ഇടത്തരം വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യകത കുറക്കുകയും അതിവൈദഗ്ധ്യമുള്ളവരുടെയും നിത്യവൃത്തിയല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന നിപുണത കുറഞ്ഞ ആളുകളുടെയും ആവശ്യകത വര്‍ധിപ്പിക്കുകയും വഴി ഈ വിപ്ലവം ആഗോള തലത്തില്‍ തന്നെ തൊഴില്‍ വിപണിയില്‍ സുപ്രധാനമാറ്റങ്ങള്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ്, ജപ്പാന്, ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ വികസിത സമ്പദ് വ്യവസ്ഥകള്‍ നിലവില്‍ത്തന്നെ തൊഴില്‍ വിപണിയുടെ ഈ ധ്രുവീകരണം അനുഭവിക്കുന്നുണ്ടെന്ന് 2016ലെ ലോക വികസന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണെങ്കിലും പല വികസ്വര രാജ്യങ്ങളിലും വിപണിയുടെ ഈ പതനം ദൃശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയില്‍ സംഘടിത ഉല്‍പ്പാദന മേഖലയില്‍ ഈ ധ്രുവീകരണം കാണാവുന്നതാണ്. 1993-94 മുതല്‍ 2011-12 വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത,് ഉല്‍പ്പാദന മേഖലയിലെ ആകെ തൊഴിലില്‍ അതിനിപുണത ആവശ്യമായ ജോലികളുടെ പങ്ക് മൂന്ന് പോയന്റ് ശതമാനം വര്‍ധിച്ചു. അതേസമയം, ഇടത്തരം വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ 6.3 പോയന്റ് ശതമാനം ഇടിവാണുണ്ടായത്. ഇന്ത്യയിലെ വിവിധ ഉല്‍പ്പാദന മേഖലകളിലുണ്ടായ സാങ്കേതിക പുരോഗതിയുടെ പ്രത്യാഘാതങ്ങള്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് മൂലധന കേന്ദ്രീകൃത വ്യവസായങ്ങളായ ഓട്ടോമൊബീല്‍ ഉല്‍പ്പാദനത്തിന്റെ കാര്യം പരിഗണിക്കൂ.. ടെക്സ്റ്റൈല്‍, വസ്ത്രം, ലെതര്‍, പാദരക്ഷകള്‍, പേപ്പര്‍ നിര്‍മാണം തുടങ്ങിയ തൊഴിലാളി കേന്ദ്രീകൃതമായ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓട്ടോമൊബീല്‍ വ്യവസായത്തിന് കൂടുതല്‍ അത്യാധുനികമായ അതിയന്ത്രവല്‍ക്കരണവും റോബോട്ടിക് സാങ്കേതികവിദ്യകളും സ്വീകരിക്കാന്‍ സാധ്യതകളുണ്ട്.
കൂടാതെ, സേവന മേഖലയില്‍, പ്രത്യേകിച്ച് ഐടി, ഇ-കൊമേഴ്സ്, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ എന്നിവയില്‍ ഓട്ടോമേഷന്‍ സാങ്കേതികവിദ്യക്ക് വലിയ സാധ്യതകള്‍ നിലനില്ക്കുന്നു. ഇത് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യകത വര്‍ധിപ്പിക്കുകയും ഇടത്തരം വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ഡിമാന്‍ഡ് കുറക്കുകയും ചെയ്യും.
എന്നിരുന്നാലും, ഇന്ത്യയില്‍ തൊഴിലെടുക്കുന്ന 80 ശതമാനം ജനങ്ങളും അസംഘടിത മേഖലകളില്‍ കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികളാണ് ചെയ്യുന്നത്. ദാരിദ്ര്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനായി സംഘടിത മേഖലയിലെ ഇടത്തരം വൈദഗ്ധ്യമുള്ള തൊഴില്ശക്തിക്കൊപ്പം ചേരാന്‍ ഈ തൊഴിലാളികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, സാങ്കേതിക പുരോഗതി കാരണം സംഘടിത മേഖലയിലെ ജോലികളുടെ സ്വഭാവത്തില്‍ വന്ന മാറ്റം അവരുടെ മുന്നോട്ടുള്ള പ്രയാണത്തെയും വരുമാനം മെച്ചപ്പെടുന്നതിനെയും തടയുന്നു.
സാങ്കേതിക പുരോഗതി സൃഷ്ടിച്ച വെല്ലുവിളികളെ അഭിസംബോധന ചെയ്യണമെങ്കില്‍ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തില്‍ പരിഷ്കരണങ്ങള്‍ ആവശ്യമാണ്. വിപണിയിലെ സുപ്രധാനമായ പരിവര്‍ത്തനങ്ങളും സാങ്കേതികമായ പുരോഗതികളും മനസിലാക്കിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാഠ്യ പദ്ധതികള്‍ പുനര്‍രൂപകല്‍പ്പന ചെയ്യണം. ഡിജിറ്റല്‍ യുഗത്തില്‍ കമ്പനികള്‍ ആവശ്യപ്പെടുന്ന നിലയിലുള്ള തൊഴില്‍ശക്തി സൃഷ്ടിക്കാനും തൊഴില്‍ വിപണിയിലെ വൈദഗ്ധ്യ വിടവ് നികത്താനും ഇത് രാജ്യത്തെ പ്രാപ്തമാക്കും.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവിലെ സാഹചര്യം പരിശോധിച്ചാല്‍, സംവിധാനത്തിന്റെ നിലവാരം മാത്രമല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തിലും സാമൂഹിക, സാമ്പത്തിക, പ്രാദേശിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസം പ്രാപ്യമാകുന്നതിലെ വൈജാത്യത്തിന്റെ കാര്യത്തിലും കുറെയേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയിലെ ത്രിതീയ വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (ജിഇആര്‍, പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ശരാശരി ശതമാനക്കണക്ക്) 29.6 ശതമാനമാണ്. ചൈന (48.4 ശതമാനം), ഇന്തോനേഷ്യ (27.9 ശതമാനം), ഫിലിപ്പീന്‍സ് (35.3 ശതമാനം) തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണ്. കൂടാതെ ഇന്ത്യയിലെ പുരുഷന്മാരെ സംബന്ധിച്ച് ജിഇആര്‍ 26.3 ശതമാനവും സ്ത്രീകളെ സംബന്ധിച്ച് 25.4 ശതമാനവുമാണ്. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലും ജിഇആര്‍ വ്യത്യസ്തമാണ്. പട്ടിക ജാതി വിഭാഗങ്ങളെ സംബന്ധിച്ച് ഇത് 21.8 ശതമാനവും പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 15.5 ശതമാനവുമാണ്.
ഉന്നതവിദ്യാഭ്യാസത്തിനുള്ള കോളെജുകളുടെ എണ്ണത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ വ്യതിയാനങ്ങളുണ്ട്. യോഗ്യരായ ഓരോ 0.1 ദശലക്ഷം പേര്‍ക്കുമായി ഏഴ് കോളെജുകള്‍ മാത്രമുള്ള ബിഹാറാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത്. തെലങ്കാനയിലും കര്‍ണാടകയിലും ഓരോ ലക്ഷം ആളുകള്‍ക്കും 51 കോളെജുകള്‍ വീതമുണ്ട്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോളെജുകളുള്ള എട്ട് സംസ്ഥാനങ്ങള്‍. ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യതയുള്ള ഓരോ 0.1 ദശലക്ഷം ജനങ്ങള്‍ക്കുമായി ശരാശരി 28 ഉം അതിലധികവും കോളെജുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്. പ്രാദേശികമായ അസമത്വങ്ങളും ഇക്കാര്യത്തില്‍ പ്രകടമാണ്. ഈ സംസ്ഥാനങ്ങളിലെ മുന്‍ നിരയിലുള്ള 50 ജില്ലകളിലാണ് ആകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 32.6 ശതമാനവും സ്ഥിതി ചെയ്യുന്നത്.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമായും ഡോക്റ്ററല്‍ പ്രോഗ്രാമുകളുമായും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും അണ്ടര്‍ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലാണ് പ്രവേശനം നേടുന്നത്. എന്നുമാത്രമല്ല, ബിരുദതലത്തില്‍ കുറഞ്ഞ വിജയ ശതമാന നിരക്കുമാണ് നിലനില്‍ക്കുന്നത്. 2017ല്‍ പ്രവേശനം നേടിയ 2,90,16,350 വിദ്യാര്‍ത്ഥികളില്‍ 64,19,639 പേര് മാത്രമേ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളു.
സര്‍വകലാശാലകളിലേയും കോളെജുകളിലേയും കുറഞ്ഞ നിരക്കിലുള്ള വിദ്യാര്‍ത്ഥി പ്രവേശനം, ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള വിവിധ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സംവിധാനം ഒന്നിലധികം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അടിയന്തരമായി തന്നെ ഇടപെട്ട് പരിഹാരങ്ങള്‍ കാണേണ്ട സാഹചര്യമാണിത്. കോളെജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും പാസ് ഔട്ടാവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പ്രവേശന സംഖ്യ വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നല്‍കണം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിവിധ മേഖലകളിലായി അഭിമുഖീകരിക്കുന്ന സാങ്കേതികവിദ്യാ വൈദഗ്ധ്യത്തിലെ അന്തരം നിലവിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തില്‍ വര്‍ധിക്കുകയേ ഉള്ളു. നിലവിലെ ചട്ടക്കൂടുകള്‍ക്ക് പുറത്തു നിന്ന് വേണം മാറ്റങ്ങള്‍ കൊണ്ടുവരാന്‍. സാമ്പ്രദായിക രീതികളില്‍ നിന്ന് മാറിച്ചിന്തിച്ചുകൊണ്ട് അധ്യാപന ശൈലികള്‍ മെച്ചപ്പെടുത്തുന്നത് മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ അംഗീകാരം, പാഠ്യ പദ്ധതിയുടെ പുനര്‍രൂപകല്‍പ്പന തുടങ്ങിയ നടപടികളിലൂടെ തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൈകാര്യം ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്.
(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്നസ് അധ്യക്ഷനാണ് ലേഖകന്‍)
കടപ്പാട്: ഐഎഎന്‍എസ്