സൗദിയുടെ സാമ്പത്തികവളര്‍ച്ച 2.2 ശതമാനമായി ഉയരും

സൗദിയുടെ സാമ്പത്തികവളര്‍ച്ച 2.2 ശതമാനമായി ഉയരും

സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ഐഎംഎഫിന് കൂടുതല്‍ ആത്മവിശ്വാസം. 2018ല്‍ 2.2 ശതമാനവും 2019ല്‍ 2.4 ശതമാനവും സൗദി വളരുമെന്ന് അന്താരാഷ്ട്ര നാണ്യനിധി

റിയാദ്: എണ്ണ വിലയില്‍ വന്ന വര്‍ധന സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിലും കാര്യമായി പ്രതിഫലിക്കുമെന്ന് ഉറപ്പായി. സൗദിയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വരുന്ന രണ്ട് വര്‍ഷങ്ങളിലും ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യ നിധി) മികച്ച വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

പോയ വര്‍ഷം .9 ശതമാനമായി ചുരുങ്ങിയ സൗദിയുടെ സാമ്പത്തിക വളര്‍ച്ച 2018ല്‍ 2.2 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയത്. എണ്ണ വിപണിയുടെ കുതിപ്പ് തന്നെയാണ് സൗദിയുടെ സാമ്പത്തികരംഗത്ത് ഉണര്‍വുണ്ടാക്കിയത്.

2019ല്‍ സൗദി അറേബ്യ 2.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഐഎംഎഫിന്റെ പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് ഐഎംഎഫ് നടത്തിയ പ്രതീക്ഷിത വളര്‍ച്ചാനിരക്കിനെ അപേക്ഷിച്ച് .5 ശതമാനം കൂടുതലാണ് തിരുത്തിയ പ്രതീക്ഷിത വളര്‍ച്ചാനിരക്കുകള്‍.

എണ്ണ ഇതര മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും സൗദിയുടെ സാമ്പത്തിക രംഗത്തിന് ഗുണകരമായി മാറിയെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഒന്നു കൂടി ശക്തിപ്പെടുത്തിയേക്കും. മാത്രമല്ല സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനായി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികളും സൗദിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാകും.

കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം എണ്ണ വിലയിലുണ്ടായത് ഏകദേശം 70 ശതമാനം വര്‍ധനയാണ്. സൗദിയുടെ വരുമാനത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്നത് എണ്ണയാണെന്നതിനാല്‍ തന്നെ ക്രൂഡ് വിലയില്‍ വന്ന ഈ കുതിപ്പാണ് പുതിയ വളര്‍ച്ചാ പ്രതീക്ഷകളിലേക്ക് രാജ്യത്തെ എത്തിച്ചത്.

ഇറാന് പ്രതിസന്ധി

അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതോടെ സൗദിയുടെ എതിരാളികളായ ഇറാന്റെ സമ്പദ് വ്യവസ്ഥ വന്‍തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു. പ്രധാനമായും എണ്ണയെ ആശ്രയിക്കുന്ന ഇറാന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 1.5 ശതമാനമായി ചുരുങ്ങും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഇറാന്‍ നാല് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫ് വ്യക്തമാക്കിയത്. എന്നാല്‍ ഉപരോധതീരുമാനം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

മേയ് മാസത്തിലാണ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുന്നതായി യുക്തിപൂര്‍വമായ കാരണങ്ങളൊന്നും പറയാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പ്രതിദിനം 2.5 മില്ല്യണ്‍ ബാരല്‍ എന്ന എണ്ണ ഉല്‍പ്പാദനം പ്രതിദിനം അര മില്ല്യണ്‍ എന്ന തലത്തിലേക്ക് കൂപ്പ് കുത്തിയതും ഇതിനെ തുടര്‍ന്നായിരുന്നു.

Comments

comments

Categories: Arabia
Tags: Soudhi