ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള പദ്ധതി അവതരിപ്പിച്ച് ഷേഖ് ഹംദന്‍

ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള പദ്ധതി അവതരിപ്പിച്ച് ഷേഖ് ഹംദന്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനക്ഷമതയും മല്‍സരക്ഷമതയും വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ദുബായ് കിരീടാവകാശി അവതരിപ്പിച്ചിരിക്കുന്നത്

ദുബായ്: എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉല്‍പ്പാദനക്ഷമതയും മല്‍സരക്ഷമതയും കൂട്ടാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനമികവ് വിലയിരുത്തുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും.

ദുബായ് സര്‍ക്കാരിന്റെ ഭാഗമായ എല്ലാ സ്ഥിരജോലിക്കാര്‍ക്കും പുതിയ തീരുമാനങ്ങള്‍ ബാധകമാകും. ഉല്‍പ്പാദനക്ഷമത കൂട്ടാനുള്ള ചട്ടക്കൂട് കാര്യക്ഷമമായി തന്നെ സര്‍ക്കാര്‍ നടപ്പാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളുമായി ജീവനക്കാരുടെ വ്യക്തിഗത ടാര്‍ഗറ്റിനെ ബന്ധിപ്പിച്ചുള്ള നീക്കങ്ങളായിരിക്കും കൈക്കൊള്ളുക.

ബോണസും ഇന്‍സെന്റീവുമെല്ലാം കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും നടപ്പാക്കുക. പുതിയ സംവിധാനം നടപ്പാക്കുന്നതിനും അതിനനുസരിച്ച് പരിശീലനം നല്‍കുന്നതിനുമുള്ള ചുമതല ദുബായ് സര്‍ക്കാരിന്റെ മാനവ വിഭവശേഷി വികസന വകുപ്പിനായിരിക്കും.

പുതിയ പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുമ്പോള്‍ എല്ലാ ജീവനക്കാരും അതിന്റെ ഭാഗമാകേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജീവനക്കാരെ കൂടുതല്‍ ഇന്നൊവേറ്റിവും മല്‍സരാധിഷ്ഠിതവുമാക്കുകയാണ് ദുബായ് സര്‍ക്കാരിന്റെ ലക്ഷ്യം. 2019 ജനുവരി മുതലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക.

പെര്‍ഫോമന്‍സ് പ്ലാനിംഗ്, പീരിയോഡിക്ക് റിവ്യു, ഇവാലുവേഷന്‍, ബജറ്റിംഗ്, റിവാര്‍ഡ്‌സ് ആന്‍ഡ് റെക്കഗ്നിഷന്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും ജീവനക്കാരുടെ വിലയിരുത്താനുള്ള പ്രക്രിയ നടപ്പാക്കുക.

ജോലിയോട് അസാധാരണ പ്രതിബദ്ധതയുള്ള ജീവനക്കാര്‍ക്ക് അംഗീകാരവും പ്രോല്‍സാഹനവും നല്‍കുന്നതിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തും.

Comments

comments

Categories: Arabia