എന്‍ബിഎഫ്‌സികളില്‍ നിന്നും 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ എസ്ബിഐ വാങ്ങും

എന്‍ബിഎഫ്‌സികളില്‍ നിന്നും 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ എസ്ബിഐ വാങ്ങും

എന്‍ബിഎഫ്‌സികള്‍ നിലവില്‍ മൂലധന സമ്മര്‍ദം നേരിടുകയാണ്

മുംബൈ: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ (എന്‍ബിഎഫ്‌സി) നിന്നും 45,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങും. ഇതുവഴി മൂലധന ക്ഷാമം നേരിടുന്ന എന്‍ബിഎഫ്‌സി മേഖലയ്ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനാണ്് എസ്ബിഐ നോക്കുന്നത്. മുന്‍ഗണനാ മേഖലയോടുള്ള പ്രതിബദ്ധത വ്യക്തമാക്കല്‍ കൂടിയായിരിക്കും ഇതെന്നാണ് ബാങ്ക് കണക്കാക്കുന്നത്.
മുന്‍ഗണനയുള്ളതും ഇല്ലാത്തതുമായ മേഖലകളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് ബാങ്കിന്റെ ശ്രമമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. നടപ്പുവര്‍ഷം എന്‍ബിഎഫ്‌സികളില്‍ നിന്നും 15,000 കോടി രൂപയുടെ വായ്പാ ആസ്തികള്‍ വാങ്ങാനാണ് ബാങ്ക് നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ കൂടുതല്‍ തുകയുടെ വാങ്ങലിന് തീരുമാനിച്ചതായി പ്രസ്താവന വ്യക്തമാക്കുന്നു. ബാങ്കിന്റെ ആന്തരിക വിലയിരുത്തല്‍ അനുസരിച്ച് 20,000-30,000 കോടി രൂപയുടെ അധിക ആസ്തികള്‍ വാങ്ങാനുള്ള അവസരം ലഭിച്ചേക്കുമെന്ന് എസ്ബിഐ പറയുന്നു.
പ്രയോറിറ്റി വിഭാഗത്തില്‍ നിന്നായിരിക്കും ഭൂരിഭാഗം വാങ്ങലും നടക്കുകയെന്ന് എസ്ബിഐ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ അറിയിച്ചു. 66 ശതമാനമാണ് നിലവില്‍ എസ്ബിഐയുടെവായ്പാ/നിക്ഷേപ അനുപാതം. ബാങ്കിന് മതിയായ മൂലധനമുണ്ടെന്നും അതുകൊണ്ട് മികച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ബാങ്ക് നിയമം അനുസരിച്ച് രാജ്യത്തെ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 40 ശതമാനത്തോളം ചെറുകിട ബിസിനസുകള്‍ക്കും കാര്‍ഷിക-ഭവന വായ്പയായും നല്‍കണം. ഈ വായ്പാ ആസ്തികള്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാനാണ് എസ്ബിഐയുടെ പദ്ധതി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സിയര്‍ ആയ ഐഎല്‍&എഫ്എസ് ഓഗസ്റ്റ് മാസം മുതല്‍ കുടിശ്ശിക മുടക്കിയതിനെ തുടര്‍ന്ന് എന്‍ബിഎഫ്‌സികള്‍ നിലവില്‍ മൂലധന സമ്മര്‍ദം നേരിടുകയാണ്.

Comments

comments

Categories: Banking
Tags: NBFC