രൂപയുടെ മൂല്യത്തകര്‍ച്ച: റിയല്‍ എസ്റ്റേറ്റില്‍ സജീവമായി പ്രവാസികള്‍

രൂപയുടെ മൂല്യത്തകര്‍ച്ച: റിയല്‍ എസ്റ്റേറ്റില്‍ സജീവമായി പ്രവാസികള്‍

വിനിമയത്തിലൂടെ ലഭിച്ച അധിക പണം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ പ്രവാസികള്‍ ഉപയോഗിക്കുന്നെന്ന് അനുജ് പുരി

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം ഇടിഞ്ഞത് രാജ്യത്തെ ആശങ്കപ്പെടുത്തിയെങ്കിലും പ്രവാസി ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഇത് നേട്ടമായെന്ന് റിപ്പോര്‍ട്ട്. വിനിമയത്തിലൂടെ ലഭിച്ച അധിക പണം കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ പ്രവാസികള്‍ ഉപയോഗിച്ചെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവാസികളില്‍ നിന്നുള്ള അന്വേഷണങ്ങളും ഇടപാടുകളും മെച്ചപ്പെട്ടെന്ന് അനാറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ ചെയര്‍മാനായ അനുജ് പുരി പറഞ്ഞു.

”സ്വന്തം രാജ്യത്ത് വസ്തു കൈവശം വെക്കുന്നതിന്റെ ആകര്‍ഷകത്വം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ പ്രവാസികളെ പ്രേരിപ്പിച്ചു. ഡോളര്‍, പൗണ്ട്, യുഎഇ ദിര്‍ഹം തുടങ്ങിയ കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്, നിരവധി പ്രവാസികളെ രാജ്യത്തെ റിയല്‍റ്റി വിപണിയില്‍ നിക്ഷേപിക്കുന്നതിന് പ്രോല്‍സാഹിപ്പിച്ചു,” അനുജ് പുരി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ രൂപയുടെ മൂല്യം അതിവേഗത്തില്‍ കൂപ്പുകുത്തിയ സാഹചര്യത്തില്‍ പ്രവാസികളില്‍ നിന്നുള്ള നിക്ഷേപ നീക്കങ്ങള്‍ ഇനിയും വര്‍ധിക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. വിദേശ ഇന്ത്യക്കാരില്‍ നിന്നും ഉണ്ടാകുന്ന അന്വേഷണങ്ങള്‍ 15-20 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്ന് അനുജ് പുരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഖലയില്‍ ആഭ്യന്തര വില്‍പ്പന കുറയുന്നുണ്ടെന്നും മെച്ചപ്പെടാന്‍ ചുരുങ്ങിയ സാധ്യത മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഡെവലപ്പര്‍മാരും പ്രവാസികളില്‍ ശ്രദ്ധ ചെലുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍ആര്‍ഐ റിയല്‍റ്റി നിക്ഷേപങ്ങളില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ 360 റിയല്‍ട്ടേസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2014ലെ അഞ്ച് ബില്യണ്‍ ഡോളറില്‍ നിന്നും 2018 ആകുമ്പോഴേക്കും എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 10.2 ബില്യണായി ഇരട്ടിച്ചിട്ടുണ്ട്. രൂപയുടെ മൂല്യമിടിഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണമെന്നും ഇത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിനെ കൂടുതല്‍ താങ്ങാവുന്ന തരത്തിലുള്ളതാക്കി മാറ്റിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റെറ പോലുള്ള നിയമങ്ങള്‍ മേഖലയില്‍ സുതാര്യത വര്‍ധിക്കുന്നതിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയുടെ കാല്‍ഭാഗത്തോളം വരും പ്രവാസികളുടെ സംഭാവന എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy
Tags: Real estate