റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ സര്‍ക്കാരിന്റെ പങ്കാളികള്‍ : എം സി ലൂതര്‍

റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ സര്‍ക്കാരിന്റെ പങ്കാളികള്‍ : എം സി ലൂതര്‍

ന്യൂഡെല്‍ഹി: റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ സര്‍ക്കാരിന്റെ പങ്കാളികളാണെന്നും അവര്‍ ബഹുമാനം അര്‍ഹിക്കുന്നതായും പ്രൊഡക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് എം സി ലൂതര്‍. ന്യൂഡെല്‍ഹി ഫെഡറേഷന്‍ ഹൗസില്‍ ഫിക്കിയും ഫെഡറേഷന്‍ ഓഫ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഫോറയ്) സംയുക്തമായി സംഘടിപ്പിച്ച 15 ാമത് ഗ്ലോബല്‍ സ്‌കില്‍ സമിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ കുടിയേറ്റവും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പങ്കും പ്രോല്‍സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറെ കാലങ്ങള്‍ക്ക് മുമ്പ് റിക്രൂട്ടിംഗ് ഏജന്റ് എന്നത് എംപിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ സംബന്ധിച്ച് നെഗറ്റീവ് അര്‍ത്ഥം വരുന്ന ഒരു വാക്കായിരുന്നു. എന്നാല്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ ആവശ്യകതയും വിതരണവും തമ്മിലുള്ള അന്തരവും ഈ മേഖലയിലെ അവസരങ്ങളും മനസിലാക്കിയ വിഭാഗമാണ് റിക്രൂട്ടിംഗ് ഏജന്റുമാര്‍. ഇന്ന് വര്‍ഷം തോറും രണ്ടു ദശലക്ഷം പേര്‍ക്കാണ് ഇവര്‍ ജോലി ലഭ്യമാക്കുന്നത്. ഇതു വഴി 70 ബില്യണ്‍ യുസ് ഡോളറിന്റെ പണം വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മാസം തോറും എത്തുന്നുമുണ്ട്. അതിനാല്‍ ഈ ഏജന്‍സികളുടെ സേവനങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതും പ്രശംസനീയവുമാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് കുറക്കാനും അതേ സമയം തന്നെ വിദേശനാണ്യ വിനിമയം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഇവര്‍ അറിയപ്പെടാത്ത ഫീറോകളാണെന്നും എം സി ലൂതര്‍ അഭിപ്രായപ്പെട്ടു.

വ്യാജ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയുടെ സല്‍പ്പേര് നശിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ട്‌മെന്റ് ഏജന്റുമാരേക്കാള്‍ പത്തിരട്ടി അധികം വ്യാജ ഏജന്റുമാരാണ്് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത് ഏജന്റുമാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതും റിക്രൂട്ടിംഗ് ബിസിനസിന് ലൈസന്‍സ് നേടിയവയുമാണ്, ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും നാലു ദശാബ്ദങ്ങള്‍ക്കടുത്ത് സേവനപാരമ്പര്യവുമുണ്ട്. റിക്രൂട്ടിംഗ് മേഖലയിലെ അംഗീകൃത ഏജന്റുമാരെ സംരക്ഷിക്കുന്നതിനും വ്യാജന്‍മാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ലൈസന്‍സിംഗ് സംവിധാനം നടപ്പിലാക്കുന്നത്. ലൈസന്‍സ് ഫീസ് എട്ടു ലക്ഷമായി കുറച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. ഐഐടി ബിരുദധാരികളടക്കം പല പുതിയ സംരംഭകരും ഇപ്പോള്‍ പുതിയ ലൈസന്‍സിനായി അപേക്ഷിക്കുന്നുണ്ട്. 130 അപേക്ഷകള്‍ ലഭിച്ചതില്‍ 40 ലൈസന്‍സാണ് സര്‍ക്കാര്‍ ഇതു വരെ അനുവദിച്ചിരിക്കുന്നത്. പുതിയ കുടിയേറ്റ നിയമം കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജ ഏജന്റുമാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനാകും- അദ്ദേഹം പറഞ്ഞു.

കുടിയേറ്റ ജോലി കരാറുകളില്‍ മിനിമല്‍ റെഫെറല്‍ വേജ് (വിദേശ ജോലികള്‍ക്കുള്ള കുറഞ്ഞ ശമ്പള നിരക്ക്) നടപ്പിലാക്കുന്നതാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മിനിമല്‍ റെഫെറല്‍ വേജ് ഇന്ത്യയിലെ റിക്രൂട്ടിംഗ് മേഖലയില്‍ ഗുണകരമായ പല മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ ധാരാളം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് നിയമനം നടത്താന്‍ തയാറാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വിവിധ നൈപുണ്യ മേഖലകളും കൗണ്‍സിലുകളും റിക്രൂട്ടിംഗ് ഏജന്‍സികളുമായി ചേര്‍ന്ന് സ്‌കില്‍ ഇന്ത്യ മിഷന്‍ വിജയകരമാക്കണമെന്നും ആവശ്യപ്പെട്ടു.

ഫിക്കി അസിസ്റ്റെന്റ് സെക്രട്ടറി ശോഭ ജനറല്‍ മിശ്ര ഘോഷ്, ഫോറയ് ജനറല്‍ സെക്രട്ടറി ഡോ സുരേഷ്‌കുമാര്‍ മധുസുന്ദരന്‍, ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അംഗങ്ങളായ മനീഷ് ജോഷി, ഷഹബാസ് ഖാന്‍ , ഫോറയ് സെക്രട്ടറി സന്ദീപ് കപൂര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Business & Economy