ഓണ്‍ലൈന്‍ നിയമനങ്ങള്‍ വര്‍ധിച്ചു

ഓണ്‍ലൈന്‍ നിയമനങ്ങള്‍ വര്‍ധിച്ചു

ഉല്‍പ്പാദന, മാനുഫാക്ച്ചറിംഗ് മേഖലകളിലേക്കുള്ള ഓണ്‍ലൈന്‍ തൊഴില്‍നിയമനങ്ങളിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്

ന്യൂഡെല്‍ഹി: തൊഴില്‍ നിയമനങ്ങളില്‍ ഉണര്‍വുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഓണ്‍ലൈന്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ജോലികളിലേക്കുള്ള പുതിയ ജീവനക്കാരുടെ ആവശ്യകത സെപ്റ്റംബറില്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദ മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡെക്‌സ് പ്രകാരം ഈ വര്‍ഷം സെപ്റ്റംബറില്‍ 270 പോയ്ന്റാണ് ഓണ്‍ലൈന്‍ തൊഴില്‍ നിയമനങ്ങള്‍ രേഖപ്പെടുത്തിയത്. മുന്‍ മാസത്തേക്കാള്‍ 4 പോയ്ന്റ് ഉയര്‍ച്ച രേഖപ്പെടുത്തി.
അതേ സമയം വാര്‍ഷികാടിസ്ഥാനത്തില്‍ സൂചിക നാല് പോയ്ന്റ് ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ സൂചിക 282 ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയോടെ ഉല്‍പ്പാദന, മാനുഫാക്ച്ചറിംഗ് മേഖലകളിലെ നിയമനങ്ങളാണ് വളര്‍ച്ചയെ നയിച്ചത്. കമ്പനികള്‍ നിയമനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത് തുടരുന്നുണ്ട്. എങ്കിലും 0-3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കായുള്ള തൊഴിലവസരങ്ങളില്‍ വര്‍ധിച്ചുവരികയാണെന്ന് മോണ്‍സ്റ്റര്‍ ഡോട്ട് കോം സിഇഒ അഭിജിത് മുഖര്‍ജി പറയുന്നു. തൊഴിലവസരങ്ങള്‍ക്ക് വേണ്ടി യുവ പ്രൊഫഷണലുകള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ വൈദഗ്ധ്യങ്ങള്‍ കരസ്ഥമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദന, മാനുഫാക്ച്ചറിംഗ് മേഖലകളിലേക്കുള്ള ഓണ്‍ലൈന്‍ തൊഴില്‍നിയമനങ്ങളിലാണ് വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഇവ രണ്ടും വളര്‍ന്നുവരുന്ന പ്രധാന രണ്ട് മേഖലകളാണ്. ഇന്ത്യയെ മാനുഫാക്ച്ചറിംഗ് കേന്ദ്രമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഈ മേഖലയുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചു. ഇത് ലോക സമ്പദ്‌വ്യവസ്ഥയില്‍ തീര്‍ച്ചയായും ഇന്ത്യയുടെ സ്ഥാനം മുന്നിലേക്കുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
27 വ്യവസായ മേഖലകളില്‍ 14 മേഖലകളിലെ ഓണ്‍ലൈന്‍ നിയമനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിആവശ്യകത വര്‍ധിച്ചു. ഉല്‍പ്പാദന, മാനുഫാക്ച്ചറിംഗ് മേഖലയ്ക്ക് തൊട്ടുപിന്നിലായി റീട്ടെയ്ല്‍ മേഖലയിലേക്കുള്ള ഓണ്‍ലൈന്‍ തൊഴില്‍ നിയമനങ്ങളില്‍ 36 ശതമാനം വര്‍ധന രേഖപ്പെടുത്തി. ആരോഗ്യശൃംഖലയിലേക്കുള്ള പ്രൊഫഷണലുകള്‍ (15 ശതമാനം വര്‍ധന), എച്ച്ആര്‍ ആന്‍ഡ് അഡ്മിന്‍( 14 ശതമാനം വര്‍ധന) എന്നീ മേഖലകളിലേക്കുള്ള ഓണ്‍ലൈന്‍ തൊഴില്‍ നിയമന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ വര്‍ധനയുണ്ടായി.
നഗരങ്ങളിലെ ഓണ്‍ലൈന്‍ തൊഴില്‍ നിയമനങ്ങളുടെ കണക്കുകള്‍ പ്രകാരം ചണ്ഡീഗഡ്( 15 ശതമാനം വര്‍ധന), ജയ്പൂര്‍( 2 ശതമാനം വര്‍ധന) എന്നീ നഗരങ്ങളില്‍ മാത്രമാണ് സെപ്റ്റംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയത്.

Comments

comments

Categories: FK News

Related Articles