വളര്‍ച്ചയിലെ പ്രതിസന്ധിയും മുന്നോട്ടുള്ള പാതയും വരച്ചിട്ടവര്‍

വളര്‍ച്ചയിലെ പ്രതിസന്ധിയും മുന്നോട്ടുള്ള പാതയും വരച്ചിട്ടവര്‍

ആഗോള സാമ്പത്തികരംഗം അഭിമുഖീകരിക്കുന്ന രണ്ട് വലിയ പ്രതിസന്ധികളെ കൃത്യമായി അടയാളപ്പെടുത്തുകയും അതിന് കൂടുതല്‍ ക്രിയാത്മകമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്തുവെന്നതാണ് റോമറിന്റെയും വില്ല്യമിന്റെയും പ്രസക്തി

വളരെ കൃത്യതയാര്‍ന്ന, കാലത്തിന് അനുസരിച്ച തെരഞ്ഞെടുപ്പായിരുന്നു സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന്റെ കാര്യത്തില്‍ ഇത്തവണ നടന്നത്. അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരായ പോള്‍ റോമര്‍ക്കും വില്ല്യം നൊര്‍ദ്ഹൗസിനുമാണ് 2018ലെ സാമ്പത്തിക നൊബേല്‍ സമ്മാനം ലഭിച്ചത്. അര്‍ഹതയുള്ള രണ്ട് സാമ്പത്തിക വിദഗ്ധര്‍ക്കുള്ള ആദരം എന്നതിനപ്പുറം ആഴത്തിലുള്ള പല തലങ്ങളുണ്ട് ഈ തെരഞ്ഞെടുപ്പിന്.

റോമറും വില്ല്യമും ആഗോള സാമ്പത്തിക രംഗത്തിന് നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിലുപരിയായി സാമ്പത്തിക രംഗം നേരിടുന്ന രണ്ട് വലിയ സമസ്യകളെ അനാവരണം ചെയ്യുന്നതില്‍ ഇവര്‍ക്കുള്ള അസാധാരണ പാടവവും അതിനവര്‍ നിര്‍ദേശിച്ച കാലാനുസൃതമായ പരിഹാരങ്ങളുമാണ് 2018ലെ സാമ്പത്തിക നൊബേല്‍ സമ്മാനത്തെ പത്തരമാറ്റ് തിളക്കമുള്ളതാക്കുന്നത്.

സാമ്പത്തിക വളര്‍ച്ചയുടെ അടുത്ത ഘട്ടമെന്നത് വലിയ ചോദ്യചിഹ്നമായി മുന്നില്‍ നിന്നതായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിന്റെ പ്രത്യേകത. സമ്പന്ന രാജ്യങ്ങളുടെ ജീവിതനിലവാരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാര്യമായ വളര്‍ച്ചയൊന്നുമുണ്ടായില്ല. സമ്പന്നരാജ്യങ്ങള്‍ അതിവേഗം വളരുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലും അത് പ്രതിഫലിക്കും. അതനുസരിച്ച് വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയും ത്വരിതപ്പെടും. കാരണം അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റുപോകാനുള്ള വിപണിയായി സമ്പന്നരാജ്യങ്ങള്‍ മാറും. വികസ്വര-വികസിത രാജ്യങ്ങളിലെ സന്തുലിതാവസ്ഥയ്ക്ക് അത്ര വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതാണ് ഈ വളര്‍ച്ചാ മോഡല്‍. എന്നാല്‍ സമ്പന്നരാജ്യങ്ങളുടെ വളര്‍ച്ചയില്‍ ഇപ്പോള്‍ മന്ദതയാണ്. അതിനുള്ള പ്രധാന കാരണം ഉല്‍പ്പാദന വളര്‍ച്ചയിലെ കുറവ് തന്നെ.

വികസിതരാജ്യങ്ങളിലെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യപ്പെട്ടാണ് പല വികസ്വര രാജ്യങ്ങളും അതിവേഗവളര്‍ച്ച കൈവരിക്കുന്നത്. ഇന്നൊവേഷനെക്കാളും കൂടുതല്‍ വികസിത രാജ്യങ്ങള്‍ അനുവര്‍ത്തിച്ച ടെക്‌നോളജിയുടെ പകര്‍പ്പുകളാണ് വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയില്‍ ഇതുവരെ നിര്‍ണായകമായത്. എന്നാല്‍ സമ്പന്നരാജ്യങ്ങള്‍ക്ക് വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ പുതിയ ഇന്നൊവേഷന്‍ വേണം.

വ്യവസായവിപ്ലവത്തിന് ശേഷം സാങ്കേതികലോകത്ത് വന്ന മാറ്റങ്ങളുടെ വേഗത ഉല്‍പ്പാദനരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. മുമ്പത്തേക്കാളും വേഗത്തിലും ചെലവ് കുറഞ്ഞും ഇന്ന് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം സാധ്യമാകുന്നു. എന്നാല്‍ ഇനിയും വേഗത കൂടേണ്ടതുണ്ട്. പ്രത്യേകിച്ചു ലോകത്തെ ജനസംഖ്യാപരവും കാലാവസ്ഥാപരവുമായ പ്രശ്‌നങ്ങള്‍ ആ വേഗത ആവശ്യപ്പെടുന്നുമുണ്ട്. അതേസമയം ടെക്‌നോളജി വളര്‍ച്ചയുടെ നിരക്ക് എങ്ങനെ കൂട്ടാമെന്നത് സംബന്ധിച്ച് ലോകത്തിന് വ്യക്തതയില്ലാതായി. ആഗോളതലത്തില്‍ തന്നെ ഉല്‍പ്പാദനരംഗത്തെ വളര്‍ച്ചാവേഗത്തില്‍ ക്രമാനുഗതമായ ഇടിവ് സംഭവിച്ചു. ഇതിനുള്ള പരിഹാരം ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ കാര്യമായി നിക്ഷേപം നടത്തുന്നതിലാണെന്ന് തന്റെ മാത്തമറ്റിക്കല്‍ മോഡലിലൂടെ അവതരിപ്പിക്കാന്‍ പോള്‍ റോമര്‍ക്ക് സാധിച്ചു.

ഗവേഷണ വികസനത്തിനുള്ള ചെലവിടല്‍ പുതിയ ആശയങ്ങളിലേക്കും സാമ്പത്തിക വളര്‍ച്ചയിലേക്കും നയിക്കും, ഈ സാമ്പത്തിക വളര്‍ച്ച ഗവേഷണ ചെലവിടല്‍ വീണ്ടും കൂട്ടാനുള്ള സ്രോതസ്സായി മാറും. ഗവേഷണത്തിന്റെ ഫലമായി വീണ്ടും സാമ്പത്തിക വളര്‍ച്ച സംഭവിക്കും…ഇങ്ങനെ ഒരു ചാക്രികപ്രകിയായിട്ടാണ് തന്റെ സിദ്ധാന്തത്തെ റോമര്‍ അവതരിപ്പിച്ചത്. ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് അമേരിക്ക കുറച്ചത് ഏറ്റവും വലിയ മണ്ടത്തരമാണെന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു റോമര്‍.

വില്ല്യം പഠിച്ചത് സാമ്പത്തിക വളര്‍ച്ച കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ്. പാരിസ്ഥിതിക സുസ്ഥിരതയോടു കൂടിയ വളര്‍ച്ചയ്ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്നത് അടിവരയിടുന്നു അത്. അതിനുവേണ്ടത് നമ്മുടെ സ്രോതസ്സുകള്‍ കൂടുതല്‍ ക്ഷമതയോടു കൂടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കുകയാണ്. അവിടെയും ടെക്‌നോളജി തന്നെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്.

Comments

comments

Categories: Editorial, Slider
Tags: Nobel Prize