പുതിയ ടിഗോര്‍ വിപണിയില്‍; വില്‍പ്പന തകൃതിയാകും

പുതിയ ടിഗോര്‍ വിപണിയില്‍; വില്‍പ്പന തകൃതിയാകും

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.20 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച ടാറ്റ ടിഗോര്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.20 ലക്ഷം രൂപ (ബേസ് പെട്രോള്‍ വേരിയന്റ്) മുതല്‍ 7.38 ലക്ഷം രൂപ (ടോപ് ഡീസല്‍ വേരിയന്റ്) വരെയാണ് ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഒരു വര്‍ഷം മുമ്പ് ആദ്യമായി അവതരിപ്പിച്ച ടാറ്റ ടിഗോര്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ടാണ് ഇപ്പോള്‍ പരിഷ്‌കരിച്ചത്. ഭംഗി വര്‍ധിപ്പിച്ചും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുമാണ് ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ഒമ്പത് വേരിയന്റുകളിലും ആറ് നിറങ്ങളിലും കാര്‍ ലഭിക്കും. ബുക്കിംഗ് ആരംഭിച്ചു.

ടാറ്റ ടിഗോറിന്റെ ആകെ രൂപകല്‍പ്പനയില്‍ മാറ്റമില്ലെങ്കിലും നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എക്‌സ്റ്റീരിയറില്‍ ധാരാളം മാറ്റങ്ങള്‍ കാണാം. 2018 ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റിന്റെ ഗ്രില്ലില്‍ പുതുതായി വജ്രാകൃതിയിലുള്ള ക്രോം അലങ്കാരങ്ങള്‍ നല്‍കിയിരിക്കുന്നു. പ്രൊജക്റ്റര്‍ ലെന്‍സുകളും ക്രോം ഫിനിഷും സഹിതം പുതിയ ഡബിള്‍ ബാരല്‍ ഹെഡ്‌ലാംപുകളാണ് മറ്റൊരു പുതുമ. ക്രോം സാന്നിധ്യത്തോടെ ഫ്രണ്ട് ഫോഗ് ലാംപുകള്‍, പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയും സവിശേഷതകള്‍ തന്നെ. 36 എല്‍ഇഡികള്‍ നിറഞ്ഞ സ്‌റ്റോപ്പ് ലൈറ്റ് ഉയരെ നല്‍കിയിരിക്കുന്നു. പരിഷ്‌കരിച്ച ക്രിസ്റ്റല്‍ പ്രചോദിത ടെയ്ല്‍ലൈറ്റുകള്‍, ക്രോം സാന്നിധ്യത്തോടെ ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ 15 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് പുറമേ കാണുന്ന മറ്റ് പരിഷ്‌കാരങ്ങള്‍.

കറുപ്പ്, ചാര നിറങ്ങളില്‍ ഇരട്ട കളര്‍ സ്‌കീം ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റിന്റെ ഉള്‍വശത്തെ മനോഹരമാക്കുന്നു. എയര്‍ വെന്റുകള്‍ക്കും ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തിനും ചുറ്റുമായി ഇപ്പോള്‍ ക്രോമിയം നല്‍കിയിരിക്കുന്നു. സോഫ്റ്റ് ടച്ച് നിറ്റഡ് റൂഫ് ലൈനര്‍ കാണാം. ഡോര്‍ ട്രിമ്മില്‍ ഫാബ്രിക് ഇന്‍സെര്‍ട്ടുകള്‍ നല്‍കി. ഓള്‍-ന്യൂ 7 ഇഞ്ച് ഹര്‍മാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് 2018 ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റിലെ വമ്പന്‍ പരിഷ്‌കാരം. വീഡിയോ പ്ലേബാക്ക്, റിവേഴ്‌സ് കാമറ അസിസ്റ്റ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയാണ് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റത്തിലെ ഫീച്ചറുകള്‍. വോയ്‌സ് കമാന്‍ഡ് നാവിഗേഷന്‍, മ്യൂസിക് സ്ട്രീമിംഗ്, മിറര്‍ലിങ്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ മറ്റ് ഫീച്ചറുകളാണ്.

ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റിന്റെ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 114 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.05 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 1,800-3,000 ആര്‍പിഎമ്മില്‍ 140 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുകളുമായി ചേര്‍ത്തിരിക്കുന്നു. പെട്രോള്‍ വേര്‍ഷനില്‍ എഎംടി ലഭിക്കും.

ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡ്രൈവര്‍ക്കായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് ടിഗോര്‍ ഫേസ്‌ലിഫ്റ്റിലെ സുരക്ഷാ ഫീച്ചറുകള്‍. ടിഗോറിനായി ഹൈ സ്‌ട്രെംഗ്ത് സ്റ്റീല്‍ ഉപയോഗിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. സബ്‌കോംപാക്റ്റ് സെഡാന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നടന്‍ ഋതിക് റോഷനെ ഈയിടെ ലഭിച്ചിരുന്നു. ടാറ്റ നെക്‌സോണ്‍ ക്രേസ് എഡിഷന്‍, ടാറ്റ ടിയാഗോ എന്‍ആര്‍ജി ക്രോസ്ഓവര്‍ എന്നീ സ്‌പെഷല്‍ എഡിഷന്‍ മോഡലുകള്‍ വിപണിയിലെത്തിച്ചിട്ട് അധിക നാളുകളായിട്ടില്ല.

Comments

comments

Categories: Auto
Tags: Tata Tigor