പുതിയ സാന്‍ട്രോ എട്ട് വേരിയന്റുകളില്‍ ലഭിക്കും

പുതിയ സാന്‍ട്രോ എട്ട് വേരിയന്റുകളില്‍ ലഭിക്കും

ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ആദ്യ അമ്പതിനായിരം പേര്‍ക്ക് 11,100 രൂപ നല്‍കി കാര്‍ ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി : പുതിയ ഹ്യുണ്ടായ് സാന്‍ട്രോയുടെ വേരിയന്റുകള്‍ സംബന്ധിച്ച് സൂചന ലഭിച്ചു. രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും രണ്ട് ഇന്ധന ഓപ്ഷനുകളിലുമായി എട്ട് വേരിയന്റുകളില്‍ ഓള്‍-ന്യൂ ഹ്യുണ്ടായ് സാന്‍ട്രോ ലഭിക്കും. കഴിഞ്ഞ ദിവസമാണ് 2018 ഹ്യുണ്ടായ് സാന്‍ട്രോ അനാവരണം ചെയ്തത്. അനാവരണ സമയത്ത് വാഹനത്തെ സംബന്ധിച്ച മുഴുവന്‍ സ്‌പെസിഫിക്കേഷനുകളും ഹ്യുണ്ടായ് പുറത്തുവിട്ടിരുന്നില്ല. അതേസമയം ഹാച്ച്ബാക്കിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ആദ്യ അമ്പതിനായിരം പേര്‍ക്ക് 11,100 രൂപ നല്‍കി കാര്‍ ബുക്ക് ചെയ്യാം.

69 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.1 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനിലായിരിക്കും ഹ്യുണ്ടായ് സാന്‍ട്രോ പെട്രോള്‍ വേര്‍ഷന്‍ വരുന്നത്. ഈ മോട്ടോറുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. ഈ എന്‍ജിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ആറ് വേരിയന്റുകളില്‍ പുറത്തിറക്കും. ബേസ് വേരിയന്റായ ഡിലൈറ്റ് (ഏകദേശം 3.7 ലക്ഷം രൂപ), എറ, മാഗ്ന, സ്‌പോര്‍ട്‌സ്, ടോപ് സ്‌പെക് ആസ്റ്റ എന്നിവയായിരിക്കും വേരിയന്റുകള്‍.

സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വേര്‍ഷനിലും ഹ്യുണ്ടായ് സാന്‍ട്രോ വിപണിയിലെത്തിക്കും. 58 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 1.1 ലിറ്റര്‍ എന്‍ജിനിലായിരിക്കും പുറത്തിറക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ബന്ധിപ്പിക്കും. വിപണിയില്‍ അവതരിപ്പിക്കുന്ന സമയത്തുതന്നെ ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റില്‍ വരുന്ന പുതിയ സാന്‍ട്രോ മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ ട്രിമ്മുകളില്‍ ലഭിക്കും.

എട്ടാമതായി, ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) വേരിയന്റിലും പുതിയ ഹ്യുണ്ടായ് സാന്‍ട്രോ ലഭിക്കും. ഹ്യുണ്ടായ് ഇന്ത്യയില്‍ ഇതാദ്യമായാണ് എഎംടി അവതരിപ്പിക്കുന്നത്. പുതിയ സാന്‍ട്രോയിലൂടെ എഎംടി അരങ്ങേറുന്നു. മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ ട്രിമ്മുകളിലായിരിക്കും സ്മാര്‍ട്ട് ഓട്ടോ എഎംടി ലഭിക്കുന്നത്. അതായത് ടോപ് സ്‌പെക് ആസ്റ്റ വേരിയന്റില്‍ എഎംടി ഗിയര്‍ബോക്‌സ് നല്‍കില്ല. സിഎന്‍ജി ഓപ്ഷനിലും എഎംടി ഉണ്ടായിരിക്കില്ല.

മൂന്ന് വര്‍ഷ/ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി സഹിതമായിരിക്കും പുതിയ സാന്‍ട്രോ വിപണിയിലെത്തിക്കുന്നത്. മൂന്ന് വര്‍ഷ റോഡ്‌സൈഡ് അസിസ്റ്റന്‍സ് പാക്കേജ് ലഭിക്കും. ഡോര്‍സ്‌റ്റെപ്പ് സര്‍വീസ് പ്രോഗ്രാം കൂടി ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് അവതരിപ്പിച്ചേക്കും.

സാന്‍ട്രോ ഹാച്ച്ബാക്കിന് ഇപ്പോള്‍ ആധുനിക സ്‌റ്റൈലിംഗ് ലഭിച്ചിരിക്കുന്നു. ഹ്യുണ്ടായുടെ സവിശേഷ കാസ്‌കേഡിംഗ് ഗ്രില്‍, സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാംപുകള്‍ എന്നിവ ആകര്‍ഷകങ്ങളാണ്. ഉയര്‍ന്ന വേരിയന്റുകളില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ വാഷര്‍, വൈപ്പര്‍, ഡീഫോഗര്‍, റിവേഴ്‌സ് കാമറ, സെഗ്മെന്റില്‍ ആദ്യമായി റിയര്‍ എസി വെന്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

എബിഎസ്, ഇബിഡി, ഡ്രൈവര്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായിരിക്കും. ഏഴ് പെയിന്റ് ഷേഡുകളില്‍ പുതിയ സാന്‍ട്രോ ലഭിക്കും. ഈ മാസം 23 നാണ് കാര്‍ ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. അന്ന് വില പ്രഖ്യാപിക്കും. രണ്ട് ദിവസത്തിനുശേഷം പുതിയ ഹ്യുണ്ടായ് സാന്‍ട്രോ വിതരണം ചെയ്യുന്നത് ഡീലര്‍മാര്‍ ആരംഭിക്കും.

Comments

comments

Categories: Auto
Tags: Santro