യാത്രക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് ഓഫറുമായി മേക്ക്‌മൈട്രിപ്പ്

യാത്രക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് ഓഫറുമായി മേക്ക്‌മൈട്രിപ്പ്

ന്യൂഡെല്‍ഹി: എയര്‍ബിഎന്‍ബി, ക്ലിയര്‍ട്രിപ് എന്നിവയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രമുഖ ഓണ്‍ ഡിമാന്റ് യാത്രാ സേവനദാതാക്കളായ മേക്ക്‌മൈട്രിപ്പ് യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാനുഭവം സമ്മാനിക്കുന്ന സേവനങ്ങള്‍ നല്‍കുന്ന എക്‌സ്പീരിയന്‍സ് യാത്രാ വിഭാഗത്തിലേക്ക് ചുവടുവെക്കുന്നു. എക്‌സ്പീരിയന്‍സ് വിഭാഗത്തിലെ ആദ്യ സെറ്റില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശനം, പ്രാദേശിക റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കാനുള്ള സൗകര്യം, ഗോവയില്‍ പാരസൈലിംഗ് പോലുള്ള ആക്റ്റിവിറ്റികള്‍, പുരാതന ഡെല്‍ഹിയിലേക്കുള്ള യാത്ര, മലബാര്‍ ഹില്‍സിലേക്ക് കാല്‍നടയാത്ര, ധാരാവി ചേരിയിലേക്ക് യാത്ര തുടങ്ങിയ ഓഫറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയ്പ്പൂര്‍, പൂനെ, ചണ്ഡീഗഡ്, ഹൈദരാബാദ്, ഗോവ തുടങ്ങി പത്ത് നഗരങ്ങളിലാണ് ഇവ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മേക്ക്‌മൈട്രിപ്പ് പ്ലാറ്റ്‌ഫോമിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഇടപാടുകള്‍ വര്‍ധിപ്പിക്കാനും പുതിയ സേവന വിഭാഗം സഹായിക്കുമെന്നും മേക്ക്‌മൈട്രിപ്പിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ‘എക്‌സ്പീരിയന്‍സ്’ വിഭാഗം ഉടനെ തന്നെ ഐഒഎസ് ആപ്പിലും ലഭ്യമാക്കുമെന്നും മേക്ക്‌മൈട്രിപ്പ് സഹസ്ഥാപകനും സിഇഒയുമായ രാജേഷ് മഗൗ പറഞ്ഞു. എക്‌സ്പീരിയന്‍സ് സെറ്റിലെ ഓഫറുകള്‍ കമ്പനിയുടെ ട്രാവല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയും വേര്‍തിരിച്ച് ബുക്ക് ചെയ്യാനും മേക്ക്‌മൈട്രിപ്പ് അവസരമൊരുക്കുന്നുണ്ട്. എക്‌സ്പീരിയന്‍സ് വിഭാഗം രാജ്യത്തെ കൂടുതല്‍ വിശ്രമ സ്ഥലങ്ങളും ബിസിനസ് നഗരങ്ങളും ഉള്‍പ്പെടുത്തി ക്രമേണ വികസിപ്പിക്കാനും വിദേശ ഇന്ത്യന്‍ യാത്രക്കാര്‍ക്കും സേവനം നല്‍കാനും പദ്ധതിയുണ്ട് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Make my trip