ഏപ്രില്‍-സെപ്റ്റംബറില്‍ ഐപിഒ വഴിയുള്ള നിക്ഷേപ സമാഹരണം 53% ഇടിഞ്ഞു

ഏപ്രില്‍-സെപ്റ്റംബറില്‍ ഐപിഒ വഴിയുള്ള നിക്ഷേപ സമാഹരണം 53% ഇടിഞ്ഞു

രണ്ടാം പകുതിയിലും ഐപിഒ വിപണി മാന്ദ്യത്തിലായിരിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വഴി ഇന്ത്യന്‍ കമ്പനികള്‍ 12,470 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കമ്പനികളുടെ ഐപിഒ വഴിയുള്ള നിക്ഷേപ സമാഹരണത്തില്‍ 53 ശതമാനം ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഓഹരി വിപണികളിലെ അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് ഐപിഒ വിപണിയില്‍ രാജ്യത്തെ കമ്പനികള്‍ക്ക് വിനയായത്.
ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യ തകര്‍ച്ചയും ചൈന-യുഎസ് വ്യാപാര യുദ്ധവും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ തുടര്‍ന്നും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയാകും. ഇതിന്റെ പ്രതിഫലനം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും ഐപിഒ വിപണിയില്‍ കാണാനാകുമെന്നാണ് ചില അനലിസ്റ്റുകളുടെ നിഗമനം. എന്നാല്‍, ഐപിഒ വിപണി സംബന്ധിച്ച ആശങ്കകള്‍ അതിഭാവുകത്വം നിറഞ്ഞതാണെന്നാണ് മറ്റ് ചില അനിലിസ്റ്റുകളുടെ അഭിപ്രായം. വിപണിയില്‍ ഉപഭോക്തൃ ആവശ്യകത മികച്ച തലത്തില്‍ തന്നെയാണെന്നും സാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാകുകയാണെങ്കില്‍ ഐപിഒ വിപണിയില്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നതായും ഇവര്‍ പറയുന്നു.
സ്റ്റോക്ക് ഏക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്ക് പ്രകാരം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ പത്ത് കമ്പനികള്‍ ചേര്‍ന്നാണ് 12,470 കോടി രൂപയുടെ നിക്ഷേപം ഐപിഒ വഴി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19 കമ്പനികള്‍ സംയുക്തമായി 26,720 കോടി രൂപയുടെ നിക്ഷേപം പ്രാഥമിക ഓഹരി വില്‍പ്പന വഴി കണ്ടെത്തിയിരുന്നു. 2016-2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 15 കമ്പനികള്‍ മൊത്തം 16,535 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചിട്ടുള്ളത്. ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കടബാധ്യത തീര്‍ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് കമ്പനികള്‍ ഐപിഒ നിക്ഷേപം വിനിയോഗിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഐപിഒ വഴി ഏറ്റവും കൂടുതല്‍ ഫണ്ട് സ്വരൂപിച്ചത് വറോക് എന്‍ജിനീയറിംഗ് ആണ്, 1,950 കോടി രൂപ. ഇന്‍ഡോസ്റ്റാര്‍ കാപ്പിറ്റല്‍ 1,844 കോടി രൂപയും ആവാസ് ഫിനാന്‍സിയേഴ്‌സ് 1,734 കോടി രൂപയും ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍ 1,131 കോടി രൂപയും ടിസിഎന്‍എസ് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് 1,125 കോടി രൂപയും ഐപിഒ വഴി സമാഹരിച്ചു. 2017 ഏപ്രില്‍-സെപ്റ്റംബറില്‍ വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികളായ ഐസിഐസിഐ ലോബാര്‍ഡും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സും ചേര്‍ന്ന് 13,700 കോടി രൂപയുടെ നിക്ഷേപം ഐപിഒ വഴി കണ്ടെത്തിയിരുന്നു.

Comments

comments

Categories: Business & Economy