ഇന്ത്യയില്‍ അസമത്വം രൂക്ഷമെന്ന് ഓക്‌സ്ഫാം

ഇന്ത്യയില്‍ അസമത്വം രൂക്ഷമെന്ന് ഓക്‌സ്ഫാം

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഡെന്‍മാര്‍ക്ക് ആണ്

ന്യൂഡെല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സാമൂഹിക-സാമ്പത്തിക സമത്വം ഉറപ്പാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുന്നതായി ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഓക്‌സ്ഫാം പുറത്തുവിട്ട 157 രാജ്യങ്ങളുടെ പട്ടികയില്‍ 147-ാം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കിടയില്‍ അസമത്വം കുറയ്ക്കുന്നതിന് ലോക രാഷ്ട്രങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് ഓക്‌സ്ഫാം പട്ടിക തയാറാക്കിയത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഡെന്‍മാര്‍ക്ക് ആണ്. ജന്‍മനി രണ്ടാം സ്ഥാനത്തും ഫിന്‍ലന്‍ഡ് മൂന്നാം സ്ഥാനത്തും ഓസ്ട്രിയ നാലാം സ്ഥാനത്തും നോര്‍വേ അഞ്ചാം സ്ഥാനത്തും ബെല്‍ജിയം ആറാം സ്ഥാനത്തും സ്വീഡന്‍ ഏഴാം സ്ഥാനത്തും ഫ്രാന്‍സ് എട്ടാം സ്ഥാനത്തും ഐസ്‌ലന്‍ഡ് ഒന്‍പതാം സ്ഥാനത്തും ലക്‌സംബര്‍ഗ് പത്താം സ്ഥാനത്തും ഇടം നേടി. നൈജീരിയ, സിംഗപ്പൂര്‍, അര്‍ജന്റീന, ഇന്ത്യ എന്നിവയാണ് സാമൂഹിക-സാമ്പത്തിക അസമത്വം രൂക്ഷമായിട്ടുള്ള രാജ്യങ്ങളിലെ പ്രധാനികളെന്ന് ഓക്‌സ്ഫാം പറയുന്നു.
ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും ഓക്‌സ്ഫാം പറയുന്നു. രാജ്യത്തെ അസമത്വത്തിന്റെ തോത് മൂന്നിലൊന്നായെങ്കിലും കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ 170 മില്യണിലധികം ജനങ്ങള്‍ ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. തൊഴിലിടത്തില്‍ നീതി ഉറപ്പാക്കുന്നതിലും ലിംഗ നീതിയുടെ കാര്യത്തിലും ഇന്ത്യ പുറകിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന പട്ടികയില്‍ 81-ാം സ്ഥാനത്താണുള്ളത്. ആരോഗ്യ മേഖലയില്‍ നീക്കിവെക്കുന്ന ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയിലധികം വിഹിതം ചൈന ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്നുണ്ട്. സമ്പന്നനും ദരിദ്രനും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഇന്ത്യയേക്കാള്‍ മികച്ച പ്രതിബദ്ധതയാണ് ചൈന കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ദക്ഷിണകൊറിയ, നമീബിയ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങള്‍ ജനങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് വളരെ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, യുഎസ് പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്നതിന് വലിയ പ്രതിബദ്ധത കാണിക്കുന്നില്ല. ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് എല്ലാ രാജ്യങ്ങളും അസമത്വം ഇല്ലാതാക്കാന്‍ ശ്രമിക്കണമെന്നും സാമൂഹിക പുരോഗതി നേടാന്‍ ശ്രമിക്കണമെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News

Related Articles