2022ല്‍ ഇന്ത്യ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രമാകുമെന്ന് ബിസിജി

2022ല്‍ ഇന്ത്യ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രമാകുമെന്ന് ബിസിജി

നിലവില്‍ ഇന്ത്യയുടെ സ്ഥാനം 15; 2022 ആകുമ്പോള്‍ ആകെ സ്വകാര്യ സ്വത്ത് 5 ്ട്രില്യണ്‍ ഡോളറാവും; ചൈനയോടൊപ്പം ഇരട്ടയക്ക സ്വകാര്യ സ്വത്ത് വളര്‍ച്ച നില നിര്‍ത്തുന്ന ഏക രാഷ്ട്രമായി ഇന്ത്യ തുടരും.

 

ന്യൂഡെല്‍ഹി: നാല് വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ പതിനൊന്നാമത്തെ സമ്പന്ന രാഷ്ട്രമാകുമെന്ന് പ്രമുഖ യുഎസ് ബഹുരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) റിപ്പോര്‍ട്ട്. ആളോഹരി വരുമാനം കൂടുതലുള്ള സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോംഗ് കോംഗ്, നെതര്‍ലാന്‍ഡ്‌സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യ പിന്തള്ളും. രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ സ്വത്തും വന്‍തോതില്‍ വര്‍ധിച്ച് അഞ്ച് ട്രില്യണ്‍ ഡോളറിലേക്കെത്തും. 2017 ല്‍ മൂന്ന് ട്രില്യണ്‍ ഡോളറായിരുന്നു സ്വകാര്യ സ്വത്ത്. ആകെ സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 15 ആയിരുന്നു. ആകെ സ്വകാര്യ സ്വത്തിന്റെ ആറ് ശതമാനം ഇന്ത്യക്കാര്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുകയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

ഇന്ത്യക്കാരുടെ സ്വകാര്യ സ്വത്ത് സമ്പാദനം ഇനിയുള്ള നാല് വര്‍ഷങ്ങളില്‍ 13 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ മുന്നേറുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2012 മുതല്‍ 2017 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ 12 ശതമാനം വളര്‍ച്ചാ നിരക്കിലാണ് ഇന്ത്യക്കാരുടെ സ്വകാര്യ സ്വത്ത് വര്‍ധിച്ചത്. ചൈനയോടൊപ്പം ഇരട്ടയക്ക സ്വകാര്യ സ്വത്ത് വളര്‍ച്ച നില നിര്‍ത്തുന്ന ഏക രാഷ്ട്രമായി ഇന്ത്യ തുടരും.

അമേരിക്ക തന്നെയാണ് സ്വകാര്യ സ്വത്ത് വര്‍ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുക. 2017 ലെ 80 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2022 ല്‍ എത്തുമ്പോള്‍ 100 ട്രില്യണ്‍ ഡോളറായി അമേരിക്കക്കാരുടെ സ്വകാര്യ സ്വത്ത് വര്‍ധിക്കും. ചൈനക്കാരുടെ സ്വകാര്യ സ്വത്ത് ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. 2017 ലെ 21 ട്രില്യണ്‍ ഡോളറില്‍ നിന്ന് 43 ട്രില്യണ്‍ ഡോളറിലേക്ക് അടുത്ത നാല് വര്‍ഷത്തിനിടെ ചൈനക്കാരുടെ ആകെ സ്വകാര്യ ആസ്തികള്‍ ഉയരും.

വികസ്വര രാജ്യങ്ങളില്‍ ചൈനക്ക് പിന്നില്‍ രണ്ടാമത്തെ വലിയ സാമ്പത്തിക ഖനിയായി ഇന്ത്യ മാറുമെന്നും ബിസിജി റിപ്പോര്‍ട്ട് തുടര്‍ന്ന് വ്യക്തമാക്കുന്നു. അതിസമ്പന്നരുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ അഞ്ചാമത്തെ വലിയ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷം യുഎസ് ഡോളറിനും 20 ദശലക്ഷം യുഎസ് ഡോളറിനും ഇടയില്‍ ആസ്തിയുള്ള 87,000 വ്യക്തികളും 30 ദശലക്ഷത്തിലധികം ആസ്തിയുള്ള 4,000 ആളുകളും ഇന്ത്യയിലുണ്ട്. ഒരു ദശലക്ഷം യുഎസ് ഡോളര്‍ ആസ്തിയുള്ള 3,22,000 ധനാഢ്യര്‍ കൂടി ഇന്ത്യയിലുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആസ്തിയിലെ ഈ വര്‍ധന ധനകാര്യ മാനേജ്‌മെന്റ്, നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നും ബിസിജി പറയുന്നു. കുമിഞ്ഞു കൂടുന്ന സമ്പത്തിന്റെ 70 ശതമാനം 2022 ആവുമ്പോഴേക്കും ധനകാര്യ മാനേജ്‌മെന്റ് കമ്പനികള്‍ക്ക് ലഭ്യമായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സ്വത്തിന്റെ 67 ശതമാനമാണ് ഇപ്രകാരം ലഭ്യമായിരുന്നത്. ഇക്വിറ്റി, ബോണ്ട്, ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, കറന്‍സി, നിക്ഷേപങ്ങള്‍ എന്നിവയിലൂടെയാവും സ്വത്ത് നിക്ഷേപിക്കപ്പെടുക. ശേഷിക്കുന്ന 30 ശതമാനം സ്വത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ രൂപത്തിലായിരിക്കും. ഇന്ത്യയെ അത്യധികം ആകര്‍ഷകമായ വിപണിയാക്കി മാറ്റുന്നതാണ് ഈ സാഹചര്യമെന്ന് ബിസിജിയുടെ ഡയറക്റ്റര്‍ അന്ന സക്രേവ്‌സ്‌കി അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ ഈ അവസരങ്ങളുടെ 25-30 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളെന്നും അന്ന പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: India