പാഴ്‌സല്‍ വിപണിയുടെ 10% തപാല്‍ വകുപ്പ് പിടിക്കുമെന്ന് മനോജ് സിന്‍ഹ

പാഴ്‌സല്‍ വിപണിയുടെ 10% തപാല്‍ വകുപ്പ് പിടിക്കുമെന്ന് മനോജ് സിന്‍ഹ

നിലവില്‍ തപാല്‍ വകുപ്പിന്റെ വിപണി പങ്കാളിത്തം മൂന്ന് മുതല്‍ നാല് ശതമാനം വരെ; മത്സരാധിഷ്ഠിത സേവനങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേക പാഴ്‌സല്‍ ഡയറക്റ്ററേറ്റ് സജ്ജമാക്കി

ന്യൂഡെല്‍ഹി: അടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പാഴ്‌സല്‍ വിതരണ വ്യവസായ വിപണിയിലെ പങ്കാളിത്തം ഇരട്ടിയിലധികം വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് തപാല്‍ വകുപ്പെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ലോക തപാല്‍ ദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ പാഴ്‌സല്‍ വിഭാഗത്തില്‍ തപാല്‍ വകുപ്പിന്റെ വിപണി പങ്കാളിത്തം മൂന്ന് മുതല്‍ നാല് ശതമാനം വരെയാണ്. ഇത് പത്ത് ശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. മത്‌സരാധിഷ്ഠിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും പ്രത്യേകം പാഴ്‌സല്‍ ഡയറക്റ്ററേറ്റ് സ്ഥാപിക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സ്വകാര്യ കമ്പനികള്‍ വളരെ വേഗത്തിലുള്ള ഫലപ്രദമായ സേവനങ്ങള്‍ നല്‍കുന്നു. അതേസമയം സര്‍ക്കാര്‍ സംവിധാനത്തില്‍, വിദൂര സ്ഥലങ്ങളിലുള്ളവര്‍ ഹെഡ്ഓഫീസില്‍ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കേണ്ടി വരുന്നു. അതിനാല്‍ മത്സരാധിഷ്ഠിത സേവങ്ങള്‍ ഉറപ്പാക്കാനും എളുപ്പത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമായി ഞങ്ങള്‍ ഒരു പ്രത്യേക പാഴ്‌സല്‍ ഡയറക്റ്ററേറ്റ് സജ്ജമാക്കിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പാഴ്‌സല്‍ വ്യവസായത്തിന്റെ പത്ത് ശതമാനം നേടിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്,’ സിന്‍ഹ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 618 കോടി മെയ്ല്‍ പോസ്റ്റുകള്‍, 46 കോടി സ്പീഡ് പോസ്റ്റുകള്‍, 18 കോടി രജിസ്‌റ്റേഡ് പോസ്റ്റുകള്‍ എന്നിവയാണ് തപാല്‍ വകുപ്പ് കൈകാര്യം ചെയ്തത്. ഏകദേശം 94 മുതല്‍ 96 ശതമാനം വരെ ആളുകള്‍ക്ക് യഥാസമയം ഇവ ലഭ്യമാക്കാന്‍ സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതേകാലയളവില്‍ ഇ-കൊമേഴ്‌സ് റീട്ടെയ്ല്‍ ലോജിസ്റ്റിക്‌സ് വിപണിയില്‍ മാത്രം 1.35 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യവസായമാണ് നടന്നിട്ടുള്ളത്. ഈ വിഭാഗത്തില്‍, വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 36 ശതമാനത്തിന്റെ വളര്‍ച്ച നേടുമെന്ന് കെപിഎംജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ തപാലിന്റെ ജനകീയതയും വിശ്വാ്‌സ്യതയും ഉപയോഗപ്പെടുത്താനും ഡിജിറ്റല്‍ ബാങ്കിംഗും സര്‍ക്കാര്‍ സേവനങ്ങളും പൗരന്മാരുടെ പടിവാതില്‍ക്കലേക്ക് എത്തിക്കാനും സാധിക്കുമെന്നാണ് വിശ്വാസമെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ തപാല്‍ വകുപ്പ് ഒരു കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികളും ആശങ്കകളും കേള്‍ക്കുകയും പരിഹരിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ വാണിജ്യവകുപ്പാണ് തപാല്‍ വകുപ്പെന്നും അതിനെ സ്വയംപര്യാപ്തമാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തപാല്‍ വകുപ്പിന് കീഴില്‍ പ്രത്യേക ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി.

സെപ്റ്റംബര്‍ ഒന്നിന് നടപ്പാക്കിയ ഇന്ത്യന്‍ പോസ്റ്റ് പേമെന്റ്‌സ് ബാങ്കില്‍ (ഐപിപിബി) 12 ലക്ഷം എക്കൗണ്ടുകളാണ് ആരംഭിച്ചിരിക്കുന്നതെന്നും 13 കോടി രൂപയുടെ നിക്ഷേപം സാധ്യമായതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് തപാല്‍ ഓഫീസുകള്‍ വഴി 221 പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളിലൂടെ ഏതാണ്ട് 15 ലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ലഭ്യമാക്കിക്കഴിഞ്ഞെന്നും ഇത്തരത്തില്‍ 491 പോസ്‌റ്റോഫീസുകള്‍ കൂടി ഈ പദ്ധതിയുടെ ഭാഗമാകുമെന്നും സിന്‍ഹ സൂചിപ്പിച്ചു.

Comments

comments

Categories: FK News

Related Articles