ആദ്യ ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ സെന്റര്‍ ബെംഗളൂരുവില്‍ ആരംഭിച്ചു

ആദ്യ ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ സെന്റര്‍ ബെംഗളൂരുവില്‍ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യ-ഇസ്രയേല്‍ സംരംഭകത്വ ഇന്നൊവേഷന്‍ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ സെന്റര്‍ ബെംഗളൂരുവില്‍ ആരംഭിച്ചു. നഗരത്തില്‍ നടന്ന ഐഒടി ഇന്ത്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് ആരംഭിച്ച സെന്റര്‍ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്റ്റര്‍ രമണന്‍ രമാകാന്തന്‍, ഇസ്രയേല്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഏരിയല്‍ സെയ്ഡ്മാന്‍, മെഷ് ലാബ്‌സ് സ്ഥാപകനും സിഇഒയുമായ മോഷ് പൊറാട്ട്, ഐഐഐസി സ്ഥാപക പങ്കാളി വരദ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഇസ്രയേല്‍ കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളിലെ കമ്പനികള്‍ക്കിടയില്‍ സഹകരണവും സംയുക്ത സംരംഭങ്ങളും യാഥാര്‍ത്ഥ്യമാക്കാനുമുള്ള പദ്ധതിയിലെ നിര്‍ണായക ചുവടുവെപ്പാണിത്.

ബെംഗളൂരു സെന്റര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സംരംഭകത്വം, കച്ചവടക്കാരുമായുള്ള പങ്കാളിത്തം, മെന്ററിംഗ്, അനൗദ്യോഗിക സമൂഹങ്ങളുടെ വികസനം എന്നിവയെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥ പ്രദാനം ചെയ്യുകയും ബിസിനസ്, ടെക്‌നോളജി, നിക്ഷേപകര്‍, ഉപഭോക്താക്കള്‍ എന്നീ വിഭാഗങ്ങളെ സ്വാധീനിക്കുകയും ചെയ്യും. സെന്ററിന്റെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പും സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള പരിപാടികളില്‍ പങ്കെടുക്കാനും ഉപഭോക്താക്കളെ നേടാനും അവസരം ലഭിക്കും.

ഇന്ത്യ + ഇസ്രയേല്‍ = ഇന്നൊവേഷന്‍ എന്ന സമവാക്യത്തെ പുനസ്ഥാപിക്കാന്‍ കഴിയുന്ന ഇന്നൊവേഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഇന്ത്യന്‍, ഇസ്രയേല്‍ ആവാസവ്യവസ്ഥകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യമായ മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് തങ്ങളുടെ ചുമതലയെന്നും ദക്ഷിണേന്ത്യന്‍ ഇസ്രയേല്‍ കോണ്‍സലേറ്റ് ജനറല്‍ ദനാ കുഷ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലായ ഇന്നൊവേഷന്‍ സെന്റര്‍ വിജയകരമായ ധാരാളം ബിസിനസുകളുടെ വളര്‍ച്ചക്കും പരിവര്‍ത്തനത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-ഇസ്രയേല്‍ ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവിനേക്കാള്‍ അനുയോജ്യമായ സ്ഥലമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നൊവേഷന്‍ സെന്ററിന് തുടക്കം കുറിച്ചത് ഐഒടി ഇന്ത്യ കോണ്‍ഗ്രസിന്റെ മൂന്നാം പതിപ്പിന്റെ ആവേശകരമായ ഭാഗമായിരുന്നുവെന്നും ഐഐഐസിയുമായി സഹകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (ഐഇടി) മികച്ച ആവാസവ്യവസ്ഥ നിര്‍മിക്കുന്നതിന് സഹായിക്കുന്ന ഇത്തരം അവസരങ്ങള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്തുമെന്നും ഐഇടി ഇന്ത്യന്‍ തലവന്‍ ശേഖര്‍ സന്‍യാല്‍ പറഞ്ഞു.

Comments

comments

Categories: FK News