മറ്റ് വികസ്വര രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയുടെ കടം: ഐഎംഎഫ്

മറ്റ് വികസ്വര രാജ്യങ്ങളേക്കാള്‍ കുറവാണ് ഇന്ത്യയുടെ കടം: ഐഎംഎഫ്

കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ സ്വകാര്യ കടത്തില്‍ ഏകദേശം 60 ശതമാനത്തിനടുത്ത് ഇടിവാണ് ഉണ്ടായിട്ടുള്ളത്

ന്യൂഡെല്‍ഹി: ലോകത്തിലെ മറ്റ് വികസ്വര സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയുടെ കടബാധ്യത കുറവാണെന്ന് അന്തരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ ഫിസ്‌കല്‍ അഫയേഴ്‌സ് വകുപ്പ് ഡയറക്റ്റര്‍ വിറ്റര്‍ ഗാസ്പര്‍. 2017ല്‍ ആഗോള കടം പുതിയ റെക്കോഡ് ഉയരത്തിലെത്തിയതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 182 ട്രില്യണ്‍ ഡോളറാണ് ആഗോള കടം. ആഗോള കടബാധ്യതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ കടഭാരം വളരെ കുറവാണെന്ന് വിറ്റര്‍ ഗാസ്പര്‍ പറയുന്നു. 2017ല്‍ ഇന്ത്യയുടെ സ്വകാര്യ കടം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 54.5 ശതമാനവും സര്‍ക്കാരിന്റെ പൊതു കടം ജിഡിപിയുടെ 70.4 ശതമാനവുമായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത ജിഡിപിയുടെ 125 ശതമാനമായിരുന്നുവെന്നും ഐഎംഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം ചൈനയുടെ കടബാധ്യത മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 247 ശതമാനമായിരുന്നു. വികസിത സമ്പദ്‌വ്യവസ്ഥകളുടെ ശരാശരി കടബാധ്യതയേക്കാള്‍ താഴെയാണ് ഇന്ത്യയുടെ കടമെന്നും ഗാസ്പര്‍ പറഞ്ഞു. രാജ്യത്തെ കടബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതവും പ്രതിശീര്‍ഷ ജിഡിപിയും തമ്മില്‍ ഒരു പോസിറ്റീവ് ബന്ധമുണ്ട്. മികച്ച സമ്പദ്‌വ്യവസ്ഥകളിലെയോ വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലെയോ കടബാധ്യതയുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയുടെ കടം കുറവാണെന്ന് കാണാമെന്നും ഗാസ്പര്‍ വിശദീകരിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം മുതല്‍ വികസിത സമ്പദ്‌വ്യവസ്ഥകളുടെ കടബാധ്യതയില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടൈന്നും സ്വകാര്യ മേഖലയിലെ കടം ക്രമേണ ഉയരുന്നതായും ഗാസ്പര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ സ്വകാര്യ കടത്തില്‍ ഏകദേശം 60 ശതമാനത്തിനടുത്ത് ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy, Slider
Tags: IMF